

തമിഴ് സിനിമാപ്രേമികള്‍ക്ക് ഇന്ന് ഏറെ പരിചിതയായ നടിയാണ് ദുഷാര വിജയന്‍. 2019ല്‍ ബോധൈ യേരി ബുദ്ധി മാരി എന്ന ചിത്രത്തിലൂടെയാണ് നടി തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. ശേഷം സര്‍പ്പട്ട പറമ്പ്രൈ (2021), നച്ചത്തിരം നഗര്‍ഗിരധു (2022), 2024ല്‍ പുറത്തിറങ്ങിയ രായന്‍, വേട്ടയ്യന്‍ തുടങ്ങിയ മികച്ച സിനിമകളില്‍ ദുഷാര ഭാഗമായി. ഇപ്പോഴിതാ താൻ സിനിമയിലേക്ക് വന്നതിന് കാരണം ചേച്ചിയാണെന്ന് പറയുകയാണ് ദുഷാര. എന്നാൽ മയോപ്പതി ബാധിച്ച് 10 വർഷം മുൻപ് ചേച്ചി മരിച്ചുവെന്നും ദുഷാര പറയുന്നു. നടിയുടെ റിലീസിനൊരുങ്ങുന്ന പുതു ചിത്രം 'ജിഡിഎൻ' സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി എസ് എസ് മ്യൂസിക്കിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഞാനും അനിയനും ഏകദേശം ഏഴ് വർഷത്തോളം ചെന്നൈയിൽ തന്നെയായിരുന്നു താമസം. ടെക്നിക്കലി ഞാനാണ് അവന്റെ അമ്മ. അങ്ങനെയാണ്. ശരിക്കും അവൻ എനിക്ക് കുഞ്ഞ് തന്നെയാണ്. എനിക്ക് രണ്ട് ചേച്ചിമാരു കൂടിയുണ്ട്. ലീപിക, ദുർഗ എന്നാണ് അവരുടെ പേര്. എന്റെ രണ്ടാമത്തെ ചേച്ചി 10 വർഷം മുൻപ് മരിച്ചു. മയോപ്പതി (Myopathy) എന്ന അസുഖമായിരുന്നു ചേച്ചിക്ക്. ശരിക്കും എനിക്ക് ചെറുപ്പം മുതൽ ഡാൻസിനോട് ഇഷ്ടം തോന്നിയത് ചേച്ചി കാരണമായിരുന്നു. ചേച്ചിക്ക് നടക്കാൻ പറ്റില്ല. തോഴ എന്ന പടത്തിലെ നാഗാർജുന സാറിനെ പോലെയായിരുന്നു ചേച്ചിയുടെ അവസ്ഥ. ശരിക്കും ആ പടത്തിൽ നാഗാർജുനയ്ക്ക് അപകടം പറ്റിയാണ് അങ്ങനെയാകുന്നത്.
പക്ഷേ ചേച്ചി ജനിച്ചപ്പോഴേ അങ്ങനെയായിരുന്നു. കഴുത്തിന് മുകളിലേക്ക് ചേച്ചിക്ക് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. കഴുത്തിന് താഴെ ശരീരം തളർന്നു പോയി. അതുകൊണ്ട് എല്ലാ കാര്യങ്ങളും നമ്മൾ ചെയ്തു കൊടുക്കണം. പക്ഷേ ചേച്ചി കസേരയിലിരുന്ന് എന്നോട് പറയും, അങ്ങനെ കളിക്ക് ഇങ്ങനെ കളിക്ക് എന്നൊക്കെ. ശരിക്കും എല്ലാം തുടങ്ങുന്നത് ചിലപ്പോൾ അവളിൽ നിന്നായിരിക്കും. ഞാൻ അവളെ മിസ് ചെയ്യുന്നുണ്ട്. ഞാനിപ്പോൾ പുറത്തേക്ക് പോകുമ്പോൾ ദൈവത്തോട് പ്രാർഥിക്കാറില്ല. ഞാൻ ചേച്ചിയുടെ ഫോട്ടോ നോക്കിയാണ് പ്രാർഥിക്കാറ്. ചേച്ചിയുമായി ഞാൻ ഭയങ്കര അടുപ്പമായിരുന്നു,' ദുഷാര പറഞ്ഞു.
Content Highlights: Dushara Vijayan became emotional while remembering her sister, who suffered from myopathy and was paralyzed below the neck before passing away 10 years ago.