ജിമ്മിലെത്തുന്നയാളുകളുടെ എണ്ണം കുറഞ്ഞു, പലർക്കും ഭയമാണ്; ബജ്റങ്ദൾ പ്രതിഷേധം തടഞ്ഞ മുഹമ്മദ് ദീപക് പറയുന്നു

ഇപ്പോഴുള്ളവർ പോകില്ലെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും ദീപക് പറഞ്ഞു

ജിമ്മിലെത്തുന്നയാളുകളുടെ എണ്ണം കുറഞ്ഞു, പലർക്കും ഭയമാണ്; ബജ്റങ്ദൾ പ്രതിഷേധം തടഞ്ഞ മുഹമ്മദ് ദീപക് പറയുന്നു
dot image

ഡെറാഡൂൺ: ബജ്‌റംഗ്ദള്‍ പ്രവർത്തകരുടെ അതിക്രമത്തിൽ നിന്ന് മുസ്‌ലിം കച്ചവടക്കാരനെ രക്ഷപ്പെടുത്തിയതിന് പിന്നാലെ തന്‍റെ വരുമാന മാർഗമായ ജിമ്മിൽ എത്തുന്ന ആളുകളുടെ എണ്ണം കുറഞ്ഞുവെന്ന് മുഹമ്മദ് ദീപക്. 150 ഓളം ആളുകളുണ്ടായിരുന്ന ദീപകിന്റെ ജിമ്മിൽ ഇപ്പോൾ ആകെ 15 പേർ മാത്രമാണുള്ളത്. ആളുകൾ പലരും ഭയത്തിലാണെന്നും അതിനാലായിരിക്കാം വരാത്തതെന്നുമാണ് ദീപക് 'ദി ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞത്.

ജനാധിപത്യ, മതേതര വിശ്വാസികളിൽ നിന്നെല്ലാം അഭിനന്ദനം ഏറ്റുവാങ്ങിയ ദീപകിന്റെ പ്രവർത്തിയിൽ പക്ഷെ പ്രദേശവാസികൾ രണ്ടുതട്ടിലാണ്. ചിലർ ദീപക്കിനെ അനുകൂലിക്കുമ്പോൾ മറ്റ് ചിലർ ബജ്‌റംഗ് ദളിനെയാണ് അനുകൂലിക്കുന്നത്. തന്നെ അനുകൂലിക്കുന്നവരാണ് പകുതിയും എന്നുപറഞ്ഞ ദീപക് എന്നാൽ ആരിൽ നിന്നും കാര്യമായ പരിഗണന ലഭിക്കുന്നില്ലെന്നും പറഞ്ഞു.

'ആളുകൾ പേടിയിലാണ്. അതെനിക്ക് മനസിലാകും. മാസം 40,000 രൂപ വാടക നൽകിയാണ് ജിം പ്രവർത്തിക്കുന്നത്. ഇത് മാത്രമാണ് വരുമാനമാർഗം.ഈയടുത്ത് ഞാൻ ഒരു വീട് വെച്ചിരുന്നു. 16000 രൂപയാണ് മാസം അടവ് വരുന്നത്'; ദീപക് പറഞ്ഞു. ഇപ്പോഴുള്ളവർ പോകില്ലെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും ദീപക് പറഞ്ഞു.

ജനുവരി 26നായിരുന്നു ദീപക് മുസ്‌ലിം കച്ചവടക്കാരനോട് തട്ടിക്കയറുന്ന ബജ്റംഗ് ദൾ പ്രവർത്തകരെ തടഞ്ഞത്. സുഹൃത്തിന്റെ കടയിൽ നിൽക്കുമ്പോഴാണ് തൊട്ടടുത്തുള്ള കടയിൽ നിന്നുള്ള ബഹളം ദീപക് ശ്രദ്ധിക്കുന്നത്. വകീൽ അഹമ്മദ് എന്ന കച്ചവടക്കാരന്റെ കടയുടെ പേരിനൊപ്പം ബാബ എന്ന് വന്നതാണ് ബജ്റംഗ്ദള്‍ പ്രവർത്തകരെ പ്രകോപിപ്പിച്ചത്. പിന്നാലെ ദീപക് ഇവരെ തടഞ്ഞതും തന്റെ പേര് മുഹമ്മദ് ദീപക് എന്നാണെന്നും പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സംഭവം രാജ്യവ്യാപകമായി ശ്രദ്ധ പിടിച്ചുപറ്റിയതിന് പിന്നാലെ ദീപക് കുമാറിനെതിരെ ഭീഷണിയുമായി ബജ്‌റംഗ്ദള്‍ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. കോട്ദ്വാറിലെ ദീപക്കിന്റെ വീടിന് മുന്നിലെത്തണമെന്നും ഒരു പാഠം പഠിപ്പിക്കണമെന്നും ബജ്റംഗ്ദള്‍ പ്രവർത്തകർ ആഹ്വാനം ചെയ്യുകയായിരുന്നു. ദീപക് കുമാറിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ ബജ്റംഗ്ദള്‍ പ്രവർത്തകർക്ക് എതിരെ ഉത്തരാഖണ്ഡ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദീപകിനെതിരെയും പൊലീസ് കേസെടുത്തിരുന്നു.

നിരവധി രാഷ്ട്രീയപ്രവർത്തകരാണ് ദീപകിനെ അഭിനന്ദിച്ച് രംഗത്തുവന്നത്. ഉത്തരാഖണ്ഡിലെ മതസൗഹാര്‍ദത്തിന്റെ കാവലാളാണ് ദീപക് മുഹമ്മദ് എന്നും രാജ്യത്തിനാകെ അദ്ദേഹത്തിന്റെ പ്രവര്‍ത്തി മാതൃകയാണെന്നുമാണ് ദീപകിന്റെ വീട് സന്ദർശിച്ച ശേഷം ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞത്. ദീപക് ഇന്ത്യയുടെ ഹീറോയാണെന്നും അദ്ദേഹം മനുഷ്യത്വത്തിനും ഭരണഘടനയ്ക്കും വേണ്ടി പോരാടുകയാണെന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. സംഘപരിവാര്‍ രാജ്യത്തെ വിഷലിപ്തമാക്കുമ്പോള്‍ തലകുനിക്കാത്ത ദീപക്കുമാരെയാണ് നമുക്കാവശ്യമെന്നും വെറുപ്പിന്റെ വിപണിയില്‍ സ്‌നേഹത്തിന്റെ കട തുറക്കുകയാണ് അദ്ദേഹമെന്നും രാഹുല്‍ പറഞ്ഞിരുന്നു.

Content Highlights: Gym owner Deepak faces a drastic drop in membership after rescuing a Muslim shopkeeper from Bajrang Dal attack

dot image
To advertise here,contact us
dot image