

പത്തനംതിട്ട: സിപിഐഎം പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിനെതിരെ ആന്റോ ആന്റണി എം പി. ഉദയഭാനു തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആന്റോ ആന്റണി പറഞ്ഞു. ഉദയഭാനു ഒളിവിൽ ഇരുന്ന് എഫ് ബി യിലൂടെ പോസ്റ്റ് ഇടുകയാണ്. അദ്ദേഹം തല ഉയർത്തിപ്പിടിച്ച് മറുപടി പറയണമെന്നും ആന്റോ ആന്റണി പറഞ്ഞു.
ആന്റോ ആന്റണിയുടെ ബെംഗളൂരുവിലെ ഭൂമി ഇടപാട് അന്വേഷിക്കണമെന്നായിരുന്നു ഉദയഭാനുവിന്റെ ആരോപണം. എൻ എം രാജുവിൽ നിന്ന് വാങ്ങിയ പണത്തിന്റെ കണക്ക് ആന്റോ ആന്റണി തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിട്ടുണ്ടോ എന്നും ആന്‍റോ ആന്‍റണി നൽകിയ കണക്കിന്റെ രേഖ തെരഞ്ഞെടുപ്പ് കമ്മീഷനോട് താൻ ആവശ്യപ്പെടുമെന്നും അതിനായി വിവരാവകാശ അപേക്ഷ ഉടൻ നൽകുമെന്നും കെ പി ഉദയഭാനു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഉദയഭാനുവിനെതിരെ ആന്റോ ആന്‍റണി രംഗത്ത് വന്നത്.
അതേസമയം തനിക്കെതിരെ നെടുംപറമ്പിൽ ഫിനാൻസ് ഉടമ എൻ എം രാജു നടത്തിയത് വ്യാജ ആരോപണമാണെന്നും രണ്ട് കോടി താൻ വാങ്ങി എങ്കിൽ രേഖ പുറത്തുവിടണമെന്നും ആന്റോ ആന്റണി പറഞ്ഞു. രണ്ട് മാസത്തിനകം തിരികെ നൽകാമെന്ന ഉറപ്പിൽ ആന്റോ ആന്റണി തന്റെ പക്കൽ നിന്നും രണ്ട് കോടി രൂപ വാങ്ങിയെന്നും എന്നാൽ ഏഴ് വർഷം കഴിഞ്ഞിട്ടും 20 ലക്ഷം രൂപ മാത്രമാണ് തിരികെ നൽകിയതെന്നുമായിരുന്നു രാജുവിന്റെ ആരോപണം. എന്നാൽ തെരഞ്ഞെടുപ്പ് സമയത്ത് സഹായം എന്ന നിലയിൽ നെടുമ്പറമ്പിൽ ഫിനാൻസിൽ നിന്നും പണം സ്വീകരിച്ചിരുന്നുവെന്നും രണ്ട് മാസത്തിന് ശേഷം പണം തിരികെ ആവശ്യപ്പെട്ടതുപ്രകാരം തിരികെ നൽകിയെന്നുമായിരുന്നു ആന്റോ ആന്റണിയുടെ വിശദീകരണം. രാജുവിന്റെ വെളിപ്പെടുത്തലിൽ ആന്റോ ആന്റണിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റും വിജിലൻസും ചോദ്യം ചെയ്തേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
സ്വർണക്കൊള്ളയിൽ സിപിഐഎമ്മിനെ ആന്‍റോ ആന്‍റണി രൂക്ഷമായി വിമർശിച്ചു. കർണാടകയിലെ നേതാക്കളാണ് പോറ്റിയെ സോണിയ ഗാന്ധിയുടെ വസതിയിൽ എത്തിച്ചതെന്ന് എസ്‌ഐടി അന്വേഷണത്തിൽ വ്യക്തമായിരുന്നു. ശബരിമല തന്ത്രിക്ക് തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിൽ രണ്ടരക്കോടി നിക്ഷേപം ഉണ്ടെന്നും അത് താൻ പിൻവച്ചു എന്നും സിപിഐഎം ആരോപണം ഉന്നയിച്ചു. തന്ത്രിക്ക് ആ സ്ഥാപനത്തിൽ നിക്ഷേപം ഇല്ലെന്ന് തെളിഞ്ഞതോടെ അതും പൊളിഞ്ഞു. സിപിഐഎം സെക്രട്ടറി ഒളിവിൽ ഇരുന്ന് ആരോപണങ്ങൾ ഉന്നയിക്കുകയാണ്. രണ്ട് കോടി താൻ വാങ്ങി എങ്കിൽ രേഖ പുറത്തുവിടണം. തനിക്കെതിരെ ആരോപണം ഉന്നയിച്ച സിപിഐഎം ഇപ്പോൾ അഗാധ ഗർത്തത്തിലാണ്. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. സത്യം എന്നായാലും പുറത്തുവരും. മന്ത്രി വീണാ ജോർജ്ജും കാത്തിരിക്കണമെന്ന് ആന്റോ ആന്റണി പറഞ്ഞു.
Content Highlights: Anto Antony MP says that all the allegations made against him by K P Udayabhanu are false and legal action will be taken against him