

ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. ന്യൂനപക്ഷങ്ങൾക്കെതിരെ വംശഹത്യയും വെറുപ്പും പടർത്തുന്ന നിലപാടാണ് ഹിമന്ത പിന്തുടരുതെന്ന് ആരോപിച്ചാണ് കോൺഗ്രസ് രംഗത്തെത്തിയത്. ന്യൂനപക്ഷങ്ങളായി തിരിച്ചറിഞ്ഞ രണ്ട് വ്യക്തികൾക്ക് നേരെ തോക്കുചൂണ്ടി നിൽകുന്ന അസം മുഖ്യമന്ത്രിയുടെ വീഡിയോയ്ക്കെതിരെയാണ് രൂക്ഷവിമർശനം.
വിദ്വേഷത്തിന്റെ അപകടകരമായ മുഖമുദ്രയാണ് വീഡിയോ പ്രതിനിധീകരിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു. 'ഇത് വംശഹത്യയ്ക്കുള്ള ആഹ്വാനമല്ലാതെ മറ്റൊന്നുമല്ല, ബിജെപിയെന്ന ഫാസിസ്റ്റ് ഭരണകൂടം പതിറ്റാണ്ടുകളായി മനസ്സിൽ കണ്ട ഒരു സ്വപ്നമാണിതെന്നും' കെ സി വേണുഗോപാൽ വിമർശിച്ചു.
കഴിഞ്ഞ ദിവസം അസം ബിജെപിയുടെ ഔദ്യേഗിക എക്സ് പോസ്റ്റിൽ പ്രചരിച്ച വീഡിയോയ്ക്കെതിരെയാണ് വിമർശനം. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ന്യൂനപക്ഷങ്ങളായി തിരിച്ചറിഞ്ഞ രണ്ട് വ്യക്തികൾക്ക് നേരെ തോക്കുചൂണ്ടി വെടിവയ്ക്കുന്നതായി കാണിക്കുന്നതാണ് വീഡിയോ.'പോയിൻ്റ് ബ്ലാങ്ക് ഷോട്ട്' എന്ന തലക്കെട്ടോട് കൂടിയാണ് അസം ബിജെപിയുടെ എക്സ് പേജ് വീഡിയോ പൊതുസമൂഹത്തിന് മുന്നിൽ പങ്ക് വെച്ചത്.
വീഡിയോയിൽ ഹിമന്ത ബിശ്വ ശർമ്മ ഒരു റൈഫിൾ കൊണ്ട് രണ്ട് പേർക്ക് നേരെ വെടിയുതിർക്കുന്നതായി കാണിച്ചിരുന്നു. ഈ വ്യക്തികൾ ന്യൂനപക്ഷസമുദായക്കാരെ പ്രതിനിധികരിക്കുന്നാതാണെന്ന് വീഡിയോയിൽ നിന്ന് തന്നെ വ്യക്തമാണെന്ന് കോൺഗ്രസ് പറഞ്ഞു. ഇത് നിസാരമൊരു ട്രോൾ ആയി തള്ളിക്കളയാൻ കഴിയില്ലെന്നും കോൺഗ്രസ് പറഞ്ഞു. വിഷയത്തിൽ കർശനമായ ജുഡീഷ്യൽ നടപടിയെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. വിമർശനങ്ങൾ ഉയർന്നതോട് കൂടി ബിജെപി വീഡിയോ നീക്കം ചെയ്തിരുന്നു.
Content Highlights: Congress has strongly criticized Assam Chief Minister Himanta Biswa Sarma;This is nothing but a call to genocide