

മുംബൈ: മഹാരാഷ്ട്രയിൽ എൻസിപി ലയനങ്ങൾക്കുള്ള ശ്രമങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ശരദ് പവാറിന്റെ എൻസിപി( എസ് പി)യെ ഇനി മുതൽ കോൺഗ്രസ് ആശ്രയിക്കരുതെന്ന് കോൺഗ്രസിൻ്റെ പ്രാദേശിക യൂണിറ്റുകൾക്ക് നിർദേശം നൽകിയിരിക്കുകയാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വം. സംസ്ഥാന കോൺഗ്രസ് മേധാവി ഹർഷവർദ്ധൻ സപ്കൽ ആണ് നിർദേശം നൽകിയത്.
മഹാരാഷ്ട്രയിലെ എല്ലാ ജില്ലകളിലും പാർട്ടിയുടെ അടിത്തറ വികസിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നതിൻ്റെ ഇടയിലാണ് കോൺഗ്രസ് നേതൃത്വം പാർട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിർദേശം നൽകിയത്. മുംബൈയിൽ നടന്ന മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എംപിസിസി) യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. 2029ലെ തിരഞ്ഞെടുപ്പിൽ ബിജെപിയെ ഒറ്റയ്ക്ക് നേരിടാനാണ് പാർട്ടി തീരുമാനമെന്നും എംപിസിസി വ്യക്തമാക്കി.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പാർട്ടി പ്രതീക്ഷിച്ചിരുന്നു. വിചാരിച്ചപോലെ കാര്യങ്ങൾ നടന്നിലെങ്കിലും ഫലം അത്രയ്ക്ക് നിരാശയും വരുത്തിയില്ലെന്ന് എംപിസിസി പറഞ്ഞു. 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എൻസിപി കോൺഗ്രസുമായുള്ള സഖ്യം വേർപെടുത്തിയിരുന്നു. പക്ഷേ ഈ പാർട്ടികൾ 2019ലെ തെരഞ്ഞെടുപ്പിൽ വീണ്ടും സഖ്യം രൂപീകരിച്ചു. എൻസിപിയിലെ പിളർപ്പിനുശേഷവും എൻസിപിയിലെ ശരദ് പവാർ വിഭാഗം ഇന്നുവരെ കോൺഗ്രസിനൊപ്പം തുടർന്നു. എന്നാൽ എൻസിപി (എസ്‌പി) ഇപ്പോൾ എൻസിപിയുടെ അജിത് പവാർ വിഭാഗവുമായി ലയിക്കാൻ ആഞ്ഞു ശ്രമിക്കുന്നുണ്ടെന്നും കോൺഗ്രസ് ചൂണ്ടികാട്ടി. ഇത് കണക്കിലെടുത്ത് കോൺഗ്രസ് പാർട്ടി എൻസിപി (എസ്‌പി)യെ ആശ്രയിക്കാതെ ഒറ്റയ്ക്ക് നിൽകണമെന്നാണ് സംസ്ഥാന നേതൃത്വം നിർദേശിച്ചത്.
എൻസിപിയുമായി സഖ്യത്തിൽ തുടരുന്നതിനാലാണ് 1999 മുതൽ സംസ്ഥാനത്ത് കോൺഗ്രസിന്റെ വളർച്ച തടസ്സപ്പെടുന്നതെന്നും സംസ്ഥാന കോൺഗ്രസ് മേധാവി ഹർഷവർദ്ധൻ സപ്കൽ പറഞ്ഞു. കോൺഗ്രസിൻ്റെയും എൻസിപി (എസ്‌പി)യുടെയും സമാനമായ പ്രത്യയശാസ്ത്രം ആയതിനാലാണ് ഇത്രയും നാൾ ഒരുമിച്ച് പോയത്. ഇക്കാരണത്താലാണ് നമ്മുടെ വോട്ടർമാർ ഈ രണ്ട് പാർട്ടികളിലായി വിഭജിക്കപ്പെട്ടിരിക്കുന്നതെന്നും അദേഹം ആരോപിച്ചു. പാർട്ടിയുടെ സ്ഥാനം ഉറപ്പിക്കുന്നതിനായി കോൺഗ്രസ് പ്രാദേശിക യൂണിറ്റുകളോട് അവരുടെ മേഖലയിൽ എൻസിപി (എസ്‌പി) സാന്നിധ്യത്തെക്കുറിച്ച് വിഷമിക്കാതെ സ്വതന്ത്രമായി പ്രവർത്തിക്കാനും സംസ്ഥാന കോൺഗ്രസ് മേധാവി ആവശ്യപ്പെട്ടു.
Content Highlights: Don't rely on Sharad Pawar's NCP; Maharashtra Pradesh Congress instructs local units