കോൺഗ്രസ് വിട്ട് നവജോത് കൗർ സിദ്ദു, BJPയിൽ ചേർന്നേക്കുമെന്ന് സൂചന; പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനെതിരെ വിമർശനം

വ്യക്തിപരമായ രാഷ്ട്രീയ നേട്ടത്തിനായി പിസിസി അധ്യക്ഷൻ പാർട്ടി സംവിധാനം ദുരുപയോഗം ചെയ്തുവെന്ന് നവജോത് കൗർ സിദ്ദു

കോൺഗ്രസ് വിട്ട് നവജോത് കൗർ സിദ്ദു, BJPയിൽ ചേർന്നേക്കുമെന്ന് സൂചന; പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനെതിരെ വിമർശനം
dot image

ചണ്ഡീഗഡ്: പഞ്ചാബ് കോൺഗ്രസ് മുൻ അധ്യക്ഷനും മുൻ ക്രിക്കറ്റ് താരവുമായ നവജോത് സിംഗ് സിദ്ദുവിന്റെ ഭാര്യയും മുതിർന്ന നേതാവുമായ ഡോ. നവജോത് കൗർ സിദ്ദു പാർട്ടി വിട്ടു. എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് കോൺഗ്രസ് വിടുന്നുവെന്ന് നവജോത് കൗർ സിദ്ദു പ്രഖ്യാപിച്ചത്. പഞ്ചാബിലെ കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷനായ അമരീന്ദർ സിംഗ് രാജ വാറിംഗിനെതിരെ രൂക്ഷവിമർശനം നടത്തിയാണ് നവജോത് പാർട്ടി വിട്ടിറങ്ങിയത്.

നേരത്തെ ബിജെപി അംഗമായിരുന്ന നവജോത് കൗർ, 2012ൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച് അമൃത്സർ ഈസ്റ്റിൽനിന്നും എംഎൽഎ ആയി വിജയിച്ച നേതാവാണ്.പിന്നീടാണ് ഭർത്താവിനൊപ്പം നവജോത് കൗർ കോൺഗ്രസിന്റെ ഭാഗമായത്. ഇപ്പോൾ പാർട്ടി വിട്ടതോടെ വീണ്ടും നവജോത് കൗർ ബിജെപിയിലേക്ക് ചേക്കേറുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇത് ബലപ്പെടുത്തുംവിധമുള്ള സൂചനകളും നവജോത് കൗർ പങ്കുവെച്ച കുറിപ്പിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദർശനത്തെ സ്വാഗതം ചെയ്തുള്ള കുറിപ്പ് എക്‌സിൽ പങ്കുവെച്ച് മണിക്കൂറുകൾക്കുള്ളിലാണ് കോൺഗ്രസ് വിടുന്നതായുള്ള നവജോതിന്‍റെ പ്രഖ്യാപനം.

കോൺഗ്രസ് കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും കഴിവുകെട്ടവനും അഴിമതിക്കാരനുമായ പ്രസിഡന്റാണ് അമരീന്ദർ സിംഗ് രാജ വാറിംഗ് എന്നും പാർട്ടിയെ തകർക്കാൻ അദ്ദേഹം ഗൂഢാലോചന നടത്തിയെന്നും കൗർ ആരോപിച്ചു. വ്യക്തിപരമായ രാഷ്ട്രീയ നേട്ടത്തിനായി പിസിസി അധ്യക്ഷൻ പാർട്ടി സംവിധാനം ദുരുപയോഗം ചെയ്തുവെന്ന രൂക്ഷവിമർശനവും നവജോത് ഉന്നയിച്ചു.

നവജോത് സിംഗ് സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയാൽ അദ്ദേഹം സജീവമായി തിരിച്ചുവരുമെന്നും എന്നാൽ 500 കോടി നൽകുന്ന ആളായിരിക്കും മുഖ്യമന്ത്രി എന്നുമുള്ള വിവാദ പരാമർശത്തിന് പിന്നാലെ നവജോത് കൗറിനെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്തിരുന്നു. അമരീന്ദർ സിംഗ് രാജ വാറിംഗാണ് നവജോതിനെതിരെ അന്ന് നടപടി സ്വീകരിച്ചത്.

Content Highlights: Navjot kaur quits congress, target Punjab unit chief Amrinder Singh Raja, setting off fresh political churn in state

dot image
To advertise here,contact us
dot image