

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുപ്പുകൾ ആരംഭിച്ച് സമാജ് വാദി പാർട്ടി. 1.56 ലക്ഷം ബൂത്ത് ലെവല്‍ ഏജന്റുമാരെയാണ് പാർട്ടി സംസ്ഥാനത്ത് വിന്യസിച്ചിട്ടുളളത്. പാര്‍ട്ടിയുടെ ശക്തിയും സ്ഥാനാർത്ഥികളാകാൻ ആഗ്രഹിക്കുന്നവരുടെയും നിലവിലെ എംഎൽഎമാരുടെയും പ്രവർത്തന മികവുൾപ്പെടെ വിലയിരുത്തുന്നതിനുളള സർവേയും തയ്യാറാക്കിയിട്ടുണ്ട്. ബിജെപിയാണ് സംസ്ഥാനത്ത് ഏറ്റവുമധികം ബിഎല്‍എമാരെ നിയമിച്ചിട്ടുളളത്. 1.60 ലക്ഷം ബിഎല്‍എമാരെയാണ് ബിജെപി നിയമിച്ചത്. സമാജ് വാദി പാര്‍ട്ടിയാണ് രണ്ടാംസ്ഥാനത്ത്. ബിഎസ്പി 1.53 ലക്ഷം ബിഎല്‍എമാരെയും നിയമിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് സംസ്ഥാനത്ത് 95,328 ബൂത്തുകളിലാണ് ബിഎല്‍എമാരെ നിയമിച്ചിട്ടുളളത്.
'നേരത്തെ ഞങ്ങള്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ബൂത്തുകളില്‍ ഏജന്റുമാരെ നിയമിക്കുകയും ചെയ്തിരുന്നത്. എന്നാല്‍ ഇത്തവണ മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സമാജ് വാദി പാര്‍ട്ടി 1.56 ലക്ഷം ബിഎല്‍എമാരെ നിയമിച്ചു. അവര്‍ വീടുകള്‍ തോറും കയറിയിറങ്ങി ഫോമുകള്‍ ഉള്‍പ്പെടെ പൂരിപ്പിക്കാന്‍ സഹായിക്കും. എംപിമാരും എംഎല്‍എമാരും രംഗത്തുണ്ട്. ഇത് ബിജെപിക്കെതിരെ ശക്തമായി പോരാടുന്നത് എസ്പി മാത്രമാണെന്ന സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുക' ഒരു സമാജ് വാദി നേതാവ് പറഞ്ഞു.
പാര്‍ട്ടി സ്ഥാനാര്‍ത്ഥികളേയും നേരത്തെ തന്നെ പ്രഖ്യാപിക്കുമെന്നാണ് വിവരം. 2022-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 403 സീറ്റില്‍ 111 സീറ്റുകളിലാണ് സമാജ് വാദി പാര്‍ട്ടിക്ക് വിജയിക്കാനായത്. 32 ശതമാനം വോട്ടാണ് പാര്‍ട്ടി നേടിയത്. ബിജെപി 255 സീറ്റുകള്‍ നേടി. 2027-ലാണ് യുപിയില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.
Content Highlights: 1.56 lakh BLOs, Survey for ticket aspirants, SP prepares for UP assembly elections