'CJP പ്രതിഷേധത്തിനിടെ ആക്രമണമുണ്ടായി'; പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർക്ക് നീതി വേണമെന്ന് കുടുംബങ്ങൾ

പ്രതിഷേധത്തില്‍ പരിക്കേറ്റ ഡല്‍ഹി പൊലീസിലെ എസ്‌ഐയുടെ മകളും പിതാവിന്റെ അവസ്ഥ പങ്കുവച്ചു

'CJP പ്രതിഷേധത്തിനിടെ ആക്രമണമുണ്ടായി'; പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർക്ക് നീതി വേണമെന്ന് കുടുംബങ്ങൾ
dot image

ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തിനിടെ ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണമുണ്ടായെന്ന ആരോപണവുമായി പരിക്കേറ്റ ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍. പല പൊലീസ് ഉദ്യോഗസ്ഥരും ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും അതിന് കാര്യമായ മാധ്യമ ശ്രദ്ധപോലും ലഭിച്ചിട്ടില്ലെന്നും കുടുംബങ്ങള്‍ ആരോപിക്കുന്നു. ന്യൂഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഉദ്യോഗസ്ഥരുടെ ഭാര്യമാരും മക്കളുമടക്കം ആരോപണങ്ങള്‍ ഉന്നയിച്ചത്.

വാര്‍ത്ത സമ്മേളനത്തിന് ഇടയില്‍ പൊലീസുകാര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെ ദൃശ്യങ്ങളും പ്രദര്‍ശിപ്പിച്ചു. പ്രതിഷേധത്തിനിടയില്‍ ദേശവിരുദ്ധരായ പലരും കടന്നുകൂടിയെന്നാണ് ഇവര്‍ പറയുന്നത്. സാരമായി പരിക്കേറ്റ പല ഉദ്യോഗസ്ഥരും ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. അവര്‍ക്കും നീതി ലഭ്യമാകണമെന്നും കുടുംബങ്ങള്‍ ആവശ്യപ്പെട്ടു.

പ്രതിഷേധത്തില്‍ പരിക്കേറ്റ ഡല്‍ഹി പൊലീസിലെ എസ്‌ഐയുടെ മകളും പിതാവിന്റെ അവസ്ഥ പങ്കുവച്ചു. പിതാവിനെ മര്‍ദിച്ച് അവശനാക്കിയെന്നും ആക്രമണത്തില്‍ ബോധരഹിതനായ അദ്ദേഹത്തെ കണ്ട കുടുംബത്തിന്റെ മാനസിക നിലയെ തന്നെ ഇത് ബാധിച്ചതായും ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥിയായ മകള്‍ പറയുന്നു.

രാത്രിയില്‍ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ വീട്ടില്‍ എത്തിച്ചപ്പോള്‍ യൂണിഫോം രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. ബാരിക്കേഡിന് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന പിതാവ് എന്നും വീട്ടിലെത്തുമ്പോള്‍ ഇതൊരു വിദ്യാര്‍ത്ഥി പ്രക്ഷോഭമായി തോന്നുന്നില്ലെന്നും സാമൂഹിക വിരുദ്ധരായ പലരും അതില്‍ പങ്കെടുത്തിട്ടുണ്ടെന്നും പറയുമായിരുന്നെന്നും വിദ്യാര്‍ത്ഥി പറയുന്നു.

ജൂലായ് 25ന് നടന്ന പ്രതിഷേധത്തില്‍, പിതാവിനെ ചിലര്‍ വലിച്ചിഴച്ച് ജന്തര്‍ മന്തറിലെ വേദിക്ക് സമീപമെത്തിച്ച് മര്‍ദിച്ച് അവശനാക്കി. ഉച്ചയ്ക്ക് 2 മണിയോടെയാണ് ഇത് സംഭവിച്ചത്. നാലു മണിക്കൂറോളം ആര്‍എംഎല്‍ ആശുപത്രിയിൽ ബോധരഹിതനായി കിടന്ന പിതാവിനെ സഹപ്രവര്‍ത്തകര്‍ രാത്രി പത്തുമണിയോടെയാണ് വീട്ടിലെത്തിച്ചത്. അന്ന് രാത്രി തങ്ങളുടെ കുടുംബം അനുഭവിച്ച് മാനസിക വേദന മറ്റൊരിക്കലും നേരിടേണ്ടി വന്നിട്ടില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.

സമൂഹമാധ്യമങ്ങള്‍ നോക്കിയാല്‍ പിതാവിനെ പലരും ക്രിമിനലായി ചിത്രീകരിക്കുകയാണ്. എന്നിട്ട് ഇവര്‍ തന്നെ സുപ്രീം കോടതിയെ സമീപിക്കുന്നു. തങ്ങള്‍ക്കും നീതി വേണമെന്നും പിതാവ് ഒരിക്കലും വിദ്യാര്‍ത്ഥികളെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും നേരിട്ട അതിക്രമത്തെയാണ് പിതാവ് എതിര്‍ത്തതെന്നും പെണ്‍കുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അതേസമയം 33 വര്‍ഷമായി പൊലീസ് സര്‍വീസിലുള്ള തന്റെ ഭര്‍ത്താവിന് നേരെ കല്ലേറുണ്ടായെന്നും പരിക്കേറ്റ അദ്ദേഹം ചികിത്സയിലായിരുന്നെന്നും ഡല്‍ഹി പൊലീസ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറുടെ ഭാര്യ ആരോപിച്ചു. ഫ്‌ളവര്‍ പോട്ടുകള്‍, സ്ലിപ്പറുകൾ, ഷൂസുകൾ, കല്ലുകള്‍ എന്നിവയെല്ലാം ഉപയോഗിച്ചാണ് പൊലീസുകാരെ പ്രതിഷേധത്തിലുണ്ടായിരുന്നവർ ആക്രമിച്ചതെന്നും അവര്‍ ആരോപിച്ചു. പ്രതിഷേധക്കാരുടെ ആക്രമണത്തില്‍ ഹെല്‍മറ്റ് വരെ തകര്‍ന്നെന്നാണ് ഭര്‍ത്താവ് തന്നാട് പറഞ്ഞതെന്നും അവര്‍ പറയുന്നു. ഹെൽമറ്റും തകർത്ത് അദ്ദേഹത്തെ ആക്രമിച്ച കല്ല് തലയിൽ തറച്ചിരുന്നെങ്കിൽ അദ്ദേഹം ജീവിച്ചിരിക്കില്ലായിരുന്നുവെന്നും അവർ പറഞ്ഞു. മറ്റ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങളും സമാനമായ ആരോപണങ്ങളാണ് ഉന്നയിച്ചത്.

Content Highlights: Families of police personnel injured during the CJP protest have demanded justice. They alleged that anti-national elements infiltrated the protest and called for appropriate action against those responsible for the violence and injuries to police officers

dot image
To advertise here,contact us
dot image