പിഎം ശ്രീയെ ന്യായീകരിച്ചോളൂ; ഞങ്ങളുടെ ചെലവിൽ വേണ്ട, അവസരവാദ നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം:വി ശിവൻകുട്ടി

പ്രതിപക്ഷത്തായിരുന്നപ്പോള്‍ സംഘപരിവാര്‍ ഡീല്‍ എന്ന് ആരോപിച്ച് സമരം ചെയ്തവര്‍, ഇന്ന് അധികാരത്തിലെത്തിയപ്പോള്‍ പറഞ്ഞതെല്ലാം വിഴുങ്ങി കാവിവല്‍ക്കരണത്തിന് കുടപിടിക്കുകയാണെന്നും ശിവന്‍കുട്ടി

പിഎം ശ്രീയെ ന്യായീകരിച്ചോളൂ; ഞങ്ങളുടെ ചെലവിൽ വേണ്ട, അവസരവാദ നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം:വി ശിവൻകുട്ടി
dot image

തിരവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചില്ലെങ്കില്‍ സമഗ്ര ശിക്ഷാ ഫണ്ട് തടസ്സപ്പെടുമെന്ന രീതിയിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ വ്യാജപ്രചാരണം പാര്‍ലമെന്റില്‍ തകര്‍ന്നു വീണെന്ന് സിപിഐഎം നേതാവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ വി ശിവന്‍കുട്ടി. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ സംഘപരിവാര്‍ അജണ്ടയ്ക്ക് പണയം വെക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ ഇരട്ടത്താപ്പും വഞ്ചനയും പൂര്‍ണ്ണമായി തുറന്നുകാട്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പ്രതിപക്ഷത്തായിരുന്നപ്പോള്‍ സംഘപരിവാര്‍ ഡീല്‍ എന്ന് ആരോപിച്ച് സമരം ചെയ്തവര്‍, ഇന്ന് അധികാരത്തിലെത്തിയപ്പോള്‍ പറഞ്ഞതെല്ലാം വിഴുങ്ങി കാവിവല്‍ക്കരണത്തിന് കുടപിടിക്കുകയാണെന്നും ശിവന്‍കുട്ടി ആരോപിച്ചു. 'മുസ്ലിം ലീഗിനെക്കൊണ്ട് പിഎം ശ്രീ നടപ്പിലാക്കിപ്പിക്കും' എന്ന ബിജെപി മുന്‍ അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രഖ്യാപനമാണ് യുഡിഎഫ് ശരി വെയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ സംഘപരിവാർ അജണ്ടയ്ക്ക് പണയം വെക്കുന്ന യു.ഡി.എഫ് സർക്കാരിന്റെ ഇരട്ടത്താപ്പും വഞ്ചനയും പൂർണ്ണമായി തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്. പി.എം. ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചില്ലെങ്കിൽ സമഗ്ര ശിക്ഷാ ഫണ്ട് തടസ്സപ്പെടുമെന്ന രീതിയിലുള്ള യു ഡി എഫ് സർക്കാരിന്റെ വ്യാജപ്രചാരണം പാർലമെന്റിൽ തകർന്നു വീണു. പദ്ധതിയിൽ ചേർന്നില്ലെങ്കിലും സാർവത്രിക വിദ്യാഭ്യാസ ഫണ്ടിനെ ബാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ രേഖാമൂലം മുസ്ലീം ലീഗ് എം പിയ്ക്കും കോൺഗ്രസ്‌ എം പിയ്ക്കും നൽകിയ ഉത്തരങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ആദ്യമായാണ് കേന്ദ്ര സർക്കാർ ഇക്കാര്യം രേഖാമൂലം വ്യക്തമാക്കുന്നത്. പി എം ശ്രീയിൽ ഒപ്പുവെച്ചില്ലെങ്കിൽ സമഗ്ര ശിക്ഷാ പദ്ധതിക്കുള്ള ഫണ്ട് തടഞ്ഞു വെക്കുമെന്ന് എൽഡിഎഫ് സർക്കാരിനോട് തിട്ടൂരം ഇറക്കിയവരാണ് കേന്ദ്ര സർക്കാർ.

ഇപ്പോൾ ഇളവ് വ്യക്തമാക്കിയിട്ടും പ്രീതിപ്പെടുത്തൽ രാഷ്ട്രീയത്തിനായി പദ്ധതി നടപ്പിലാക്കാൻ യു.ഡി.എഫ് കാണിക്കുന്ന തിടുക്കം ആർക്കു വേണ്ടിയാണ്?

പ്രതിപക്ഷത്തായിരുന്നപ്പോൾ സംഘപരിവാർ ഡീൽ എന്ന് ആരോപിച്ച് സമരം ചെയ്തവർ, ഇന്ന് അധികാരത്തിലെത്തിയപ്പോൾ പറഞ്ഞതെല്ലാം വിഴുങ്ങി കാവിവൽക്കരണത്തിന് കുടപിടിക്കുന്നു. "മുസ്ലിം ലീഗിനെക്കൊണ്ട് പി.എം. ശ്രീ നടപ്പിലാക്കിപ്പിക്കും" എന്ന ബി.ജെ.പി മുൻ അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രഖ്യാപനമാണ് യു.ഡി.എഫ് ശരി വെയ്ക്കുന്നത്. കേരളത്തിന്റെ മതേതര വിദ്യാഭ്യാസ അടിത്തറ തകർക്കുന്ന ഈ അവസരവാദ നീക്കത്തിൽ നിന്നും യു.ഡി.എഫ് സർക്കാർ അടിയന്തരമായി പിന്മാറണം

Content Highlights: v sivankutty criticises udf over pm shri

dot image
To advertise here,contact us
dot image