27 വര്‍ഷത്തിന് ശേഷം തന്റെ ആദ്യ കാര്‍ കണ്ടെത്തി സ്വന്തമാക്കിയ സി ജെ റോയ്; മാരുതി 800 വാങ്ങാൻ നല്‍കിയത് 10 ലക്ഷം

1994ൽ 25 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് അദ്ദേഹം ഈ കാർ വാങ്ങിയത്

27 വര്‍ഷത്തിന് ശേഷം തന്റെ ആദ്യ കാര്‍ കണ്ടെത്തി സ്വന്തമാക്കിയ സി ജെ റോയ്; മാരുതി 800 വാങ്ങാൻ നല്‍കിയത് 10 ലക്ഷം
dot image

ആദായ നികുതി വകുപ്പിൻ്റെ റെയ്ഡിനിടെ ബെംഗളൂരുവിലെ ഓഫീസിൽ ജീവനൊടുക്കിയ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്ക്ക് കാറുകളുടെ വമ്പൻ ശേഖരം തന്നെ ഉണ്ടായിരുന്നു. രാജ്യത്തെ അതിസമ്പന്നനായ ബിസിനസുകാരിലൊരാളായ അദ്ദേഹം കഴിഞ്ഞ വർഷമാണ് തന്റെ ആദ്യത്തെ കാർ കണ്ടെത്തി സ്വന്തമാക്കിയത്. മാരുതി 800ന്റെ ചുവന്ന കാർ റോയ് വീണ്ടും സ്വന്തമാക്കിയത് പത്തു ലക്ഷം രൂപയ്ക്കായിരുന്നു. ഇന്ത്യയിലെ കാർ സംസ്‌കാരത്തെ തന്നെ മാറ്റിമറിച്ച കാറായിരുന്നു മാരുതി 800. 1980 - 2000 വർഷങ്ങൾക്കിടയിൽ ഇന്ത്യയിലെ മിഡിൽ ക്ലാസ് ഫാമിലികളുടെ ആദ്യ ചോയ്‌സ് ഈ മോഡലായിരുന്നു.

സ്‌പോട്‌സ് കാറുകളുടെയും മറ്റ് ആഡംബര കാറുകളുടെയും വലിയ ഗ്യാരേജ് സി ജെ റോയ്ക്ക് ഉണ്ടായിരുന്നു. അതിന്‍റെ തുടക്കം തന്നെ ഈ കാറിൽ നിന്നായിരുന്നു. ഇരുപത്തിയേഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും കൺമുന്നിൽ തന്റെ പഴയ കാറെത്തിയപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ അത് വാങ്ങാൻ അദ്ദേഹം തീരുമാനിച്ചു. ഇക്കഴിഞ്ഞ നവംബറിൽ ഈ കാറിന്റെ വീഡിയോ സഹിതം അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരുന്നു.

1994ൽ 25 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് അദ്ദേഹം മാരുതി 800 വാങ്ങിയത്. അത് അദ്ദേഹത്തിന് ഒരു കാർ മാത്രമായിരുന്നില്ല, അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായിരുന്നു. ഈ കാറുമായുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ ഓർമയ്ക്കായി കാറിനൊപ്പമുള്ള ഒരു ചിത്രം അദ്ദേഹത്തിന്റെ ഓഫീസ് മുറിയിലും വെച്ചിരുന്നു.

ബിസിനസ് വളർന്നതിന് പിന്നാലെ അദ്ദേഹം കാർ വിൽക്കുകയാണ് ഉണ്ടായത്. പൂർണ മനസോടെയല്ലായിരുന്നു ആ തീരുമാനം. വർഷങ്ങൾ കടന്നുപോയതിനൊപ്പം പല കാറുകളും അദ്ദേഹം മാറ്റി. പക്ഷേ ആ കാറുകൾക്കൊന്നും ഈ മാരുതി 800ന്റൈ സ്ഥാനം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇതോടെ കാർ നമ്പറും പഴയ രേഖകളും ഉപയോഗിച്ച് ഇതിനായുള്ള തെരച്ചിൽ നടത്തി. അങ്ങനെ നീണ്ടനാളത്തെ തെരച്ചിലിനൊടുവിലാണ് കാർ കണ്ടെത്തിയത്.

വർഷങ്ങൾക്ക് മുമ്പ് 1.10 ലക്ഷം രൂപയ്ക്കാണ് അദ്ദേഹം ഈ കാർ വാങ്ങിയത്. അതിന്റെ പത്തിരട്ടി കൊടുത്താണ് മൂന്ന് പതിറ്റാണ്ടിന് ശേഷം, കഴിഞ്ഞ വർഷം അദ്ദേഹം കാർ വീണ്ടും സ്വന്തമാക്കിയത്. പണ്ട് ഉപയോഗിച്ചിരുന്ന കാറുകൾ പലരും സ്വന്തമാക്കിയെന്ന വാർത്തകൾ കേട്ടിട്ടുണ്ടെങ്കിലും പ്രീമിയം വിലയിൽ അത് സ്വന്തമാക്കിയെന്ന ക്രെഡിറ്റ് സി ജെ റോയിക്കായിരിക്കും. ഇന്ത്യൻ ബിസിനസുകാരനാണെങ്കിലും അദ്ദേഹം കുടുംബത്തോടൊപ്പം ദുബായിൽ സെറ്റിൽഡായിരുന്നു. റോൾസ് റോയിസ്, ലംബോർഗിനി, ബുഗാട്ടി വെയ്‌റോൺ എന്നിങ്ങനെ ആഡംബരക്കാറുകളുടെ കൂട്ടത്തിലേക്കാണ് ഈ കാറും കൂടി എത്തിയത്. അദ്ദേഹത്തിന്റെ ഗ്യാരേജിലെ കാറുകളുടെ മാത്രം വില പത്ത് മില്യണോളമാണ്. അദ്ദേഹത്തിന് സ്വത്തുകളും കാറുകളുമടക്കം ഇന്ത്യയിലുമുണ്ട്. കഴിഞ്ഞ വർഷം തന്നെയാണ് റോൾസ് റോയിസിന്റെ 12ാമത്തെ കാർ, റോൾസ് റോയി ഫാന്റം V111 അദ്ദേഹം സ്വന്തമാക്കിയത്.

Content Highlights: CJ Roy, the chairman of the Confident Group, made headlines in 2025 when he purchased his first car, a Maruti 800, after three decades.

dot image
To advertise here,contact us
dot image