

ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ ക്ലാസ്സിക് പോരാട്ടം. ലോക ഒന്നാം നമ്പർ താരം കാർലോസ് അൽക്കരാസും സെർബിയൻ ഇതിഹാസം നൊവാക് ജോക്കോവിച്ചും കിരീടത്തിനായി ഏറ്റുമുട്ടും. രണ്ടാം സെമിയിൽ ഇറ്റാലിയൻ താരം യാനിക് സിന്നറിനെ കീഴടക്കിയാണ് ജോക്കോ കലാശപ്പോരിന് യോഗ്യത നേടിയത്. സ്‌കോർ: 3-6,6-3,4-6,6-4,6-4.
ആദ്യം മുന്നിലെത്തിയത് സിന്നറായിരുന്നുവെങ്കിലും ശക്തമായി തിരിച്ചുവന്നാണ് ജോക്കോ സെമി കടമ്പ കടന്നത്. ആദ്യ സെറ്റ് 6-3 ന് അനായാസം സിന്നർ സ്വന്തമാക്കി. എന്നാൽ രണ്ടാം സെറ്റിൽ അതേനാണയത്തിൽ ജോക്കോയുടെ മറുപടി. 6-3 ന് ജോക്കോ രണ്ടാം സെറ്റ് സ്വന്തമാക്കി.
മൂന്നാം സെറ്റ് 6-4 എന്ന സ്‌കോറിന് സ്വന്തമാക്കി സിന്നർ വീണ്ടും മുന്നിലെത്തി. എന്നാൽ ജോക്കോയുടെ പരിചയസമ്പത്തിന് മുന്നിൽ സിന്നറിന് പിടിച്ചുനിൽക്കാനാവാത്തതാണ് മെൽബണിൽ പിന്നീട് കണ്ടത്. അടുത്ത രണ്ട് സെറ്റുകളും 6-4 എന്ന സ്‌കോറിന് നേടി ജോക്കോവിച്ച് മത്സരവും ഫൈനൽ ടിക്കറ്റും സ്വന്തമാക്കി.
ഞായറാഴ്ച നടക്കുന്ന ഫൈനലിൽ സ്‌പെയിനിന്റെ യുവതാരം കാർലോസ് അൽക്കരാസാണ് ജോക്കോയുടെ എതിരാളി. അലക്‌സാണ്ടർ സ്വരേവിനെ തോൽപ്പിച്ചാണ് അൽക്കാരാസ് ഫൈനലിലെത്തിയത്. ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം കൂടി സ്വന്തമാക്കി കരിയർ ഗ്രാൻഡ് സ്ലാം നേട്ടത്തിലെത്തുന്ന പ്രായം കുറഞ്ഞ താരമാകാനാണ് അൽക്കരാസ് ലക്ഷ്യമിടുന്നത്. എന്നാൽ കരിയറിലെ 25-ാം ഗ്രാൻഡ് സ്ലാമാണ് ജോക്കോയുടെ ലക്ഷ്യം.
Content Highlights-