ഇ ഡി നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് സമ്മതിച്ച സാബു ഉളുപ്പുണ്ടെങ്കില്‍ ജനങ്ങളോട് മാപ്പുപറയണം; മുഹമ്മദ് ഷിയാസ്

ആത്മാഭിമാനമുളളവര്‍ ഇനിയും ട്വന്റി 20യില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അവര്‍ പാര്‍ട്ടി വിട്ട് പുറത്തുവരണമെന്നും ഷിയാസ് പറഞ്ഞു

ഇ ഡി നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് സമ്മതിച്ച സാബു ഉളുപ്പുണ്ടെങ്കില്‍ ജനങ്ങളോട് മാപ്പുപറയണം; മുഹമ്മദ് ഷിയാസ്
dot image

കൊച്ചി: ഫെമ ചട്ടലംഘനവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് ട്വന്റി 20 നേതാവ് സാബു എം ജേക്കബ് സമ്മതിച്ചതിന് പിന്നാലെ പ്രതികരണവുമായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. സാബു ജേക്കബ് ഉളുപ്പുണ്ടെങ്കില്‍ മാപ്പുപറയണം എന്നാണ് മുഹമ്മദ് ഷിയാസ് പറഞ്ഞത്. ഇ ഡി കേസില്‍ നിന്ന് രക്ഷപ്പെടാനാണ് പാര്‍ട്ടിയെ എന്‍ഡിഎ പാളയത്തില്‍ എത്തിച്ചതെന്ന് ഇതോടെ വ്യക്തമായെന്നും ആത്മാഭിമാനമുളളവര്‍ ഇനിയും ട്വന്റി 20യില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അവര്‍ പാര്‍ട്ടി വിട്ട് പുറത്തുവരണമെന്നും ഷിയാസ് പറഞ്ഞു.

'ഇ ഡി അടക്കമുളള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വിവിധ സംസ്ഥാനങ്ങളില്‍ ചാക്കിട്ട് പിടുത്തവും ഭരണം പിടിച്ചെടുക്കലും നടത്തുന്ന ബിജെപി കേരളത്തിലും അതേ വഴികള്‍ പരീക്ഷിക്കുകയാണ്. ജയിലില്‍ കിടക്കുന്നത് ഒഴിവാക്കാനാണ് സാബു ജേക്കബ് പാര്‍ട്ടിയെ ബിജെപിക്ക് അടിയറ വെച്ചത്'; മുഹമ്മദ് ഷിയാസ് പറഞ്ഞു. പി ടി തോമസിനെതിരായ സാബുവിന്റെ ആരോപണങ്ങള്‍ ജനങ്ങള്‍ പുച്ഛിച്ച് തളളുമെന്നും നോട്ടീസ് ലഭിക്കുന്നവരെയെല്ലാം ജയിലില്‍ അടയ്ക്കാനാണെങ്കില്‍ കേരളത്തിലെ ജയിലുകള്‍ പോരാതെ വരുമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം താല്‍പ്പര്യത്തിനായി ഒരു പാര്‍ട്ടിയെ ബിജെപിയുടെ തൊഴുത്തില്‍ കൊണ്ട് കെട്ടിയ സാബു പാര്‍ട്ടി പിരിച്ചുവിട്ട് പൊതുസമൂഹത്തോട് മാപ്പുപറയണമെന്നും ഷിയാസ് കൂട്ടിച്ചേര്‍ത്തു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് ഇന്ന് സാബു എം ജേക്കബ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തെ കിറ്റെക്‌സ് ഗാർമെന്റ്‌സിന്റെ ബാലൻസ് ഷീറ്റാണ് ഇ ഡി ചോദിച്ചതെന്നും അവർ ആവശ്യപ്പെട്ടത് അനുസരിച്ച് എല്ലാ രേഖകളും നൽകിയിട്ടുണ്ടെന്നും സാബു ജേക്കബ് പറഞ്ഞു. വിദേശത്തേക്ക് കയറ്റി അയക്കപ്പെട്ട വസ്തുക്കളുടെ പേമെന്റ് കിട്ടാനുണ്ടോ എന്നത് ഇ ഡി നോട്ടീസിൽ പരാമർശിച്ചിരുന്നുവെന്നും സാബു പറഞ്ഞു.

Content Highlights: Muhammad Shiyas ask sabu m jacob to apologize to people as he admitted receiving ed notice

dot image
To advertise here,contact us
dot image