

അപ്രതീക്ഷിതമായി മുടിയെല്ലാം നരയ്ക്കാന്‍ തുടങ്ങിയാല്‍ എന്ത് ചെയ്യും ? അവ പതിയെ പതിയെ കൊഴിഞ്ഞ് തലമുടി പൂര്‍ണമായും നഷ്ടമായാലോ ? ചൈനയിലെ ഹെനാൻ പ്രവിശ്യ നിവാസിയായ ലീ എന്ന 36കാരിയുടെ ജീവിതം തന്നെ ഈ സംഭവം തലകീഴായി മറിച്ചു. പതിനാറു വർഷത്തെ ദാമ്പത്യജീവിതം ഉപേക്ഷിച്ച് ലീയിൽ നിന്നും ഭർത്താവ് വിവാഹമോചനം നേടി. ഭാര്യയുടെ മുടിയെല്ലാം നഷ്ടമായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ലീയുടെ ഭർത്താവ് വിവാഹമോചനത്തിന് തയ്യാറായതെന്ന് സൗത്ത് ചൈന പോസ്റ്റിൽ വന്ന റിപ്പോർട്ടിൽ പറയുന്നു. സമൂഹമാധ്യമത്തിൽ വലിയ ചർച്ചയായതോടെ ലീയുടെ ജീവിതം വൈറലായി എന്ന് പറയാം.

കുടുംബത്തിന് വേണ്ടി മാത്രം മാറ്റിവച്ചിരുന്നതാണ് തന്റെ ജീവിതമെന്ന് ലീ പറയുന്നു. പാചകവും, കുട്ടികളെ വളർത്തലും, വീട്ടിലെ മറ്റ് ഉത്തരവാദിത്തങ്ങളും ലീ കൃത്യമായി ചെയ്തിരുന്നു. രണ്ട് വർഷം മുമ്പാണ് പെട്ടെന്ന് ലീയുടെ മുടി കൊഴിയാൻ തുടങ്ങിയത്. ആദ്യം തലയിൽ വെള്ള നിറത്തിലുള്ള പാടുകളായി, മുടിയുടെ കട്ടി കുറഞ്ഞുവന്നു. ചികിത്സയ്ക്കായി ഡോക്ടറെ സമീപിച്ചപ്പോഴാണ് വെള്ളപാണ്ട് എന്ന രോഗമാണ് തനിക്കെന്ന് ലീ മനസിലാക്കിയത്. ചർമം, മുടി, മ്യൂക്കസ് മെമ്പറേയ്ൻ ഉൾപ്പെടെ നിറം ഇല്ലാതാകുന്ന അവസ്ഥയാണിത്. ഒരു മുന്നറിയിപ്പുമില്ലാതെ വരുന്ന ഈ രോഗം ലോകത്താകമാനം 0.5 മുതൽ 2 ശതമാനം ആളുകളിലാണ് കാണപ്പെടുന്നത്.
രോഗം കലശലായതോടെ ഉള്ള പ്രായത്തെക്കാൾ കൂടുതൽ തോന്നിക്കുന്ന അവസ്ഥയിലായി ലീ. രണ്ട് വർഷം കൊണ്ട് ലീ ആകെ മാറിപ്പോയി. അയൽവാസികളായ കുട്ടികൾ അടക്കം ലീയെ പരിഹസിച്ചു. ഭർത്താവിന്റെ ഭാഗത്ത് നിന്നും ഒരു പിന്തുണയും ലീയ്ക്ക് ലഭിച്ചില്ല. ചികിത്സയ്ക്ക് ആവശ്യമായ പണം പോലും ഇയാള്‍ നൽകാൻ തയ്യാറായില്ല. കുടുംബത്തിലെ ഒത്തുചേരലിൽ നിന്നെല്ലാം ലീയെ ഒഴിവാക്കി. വെെകാതെ ഇയാള്‍ ഡിവോഴ്സിനും ഫയല്‍ ചെയ്തു. ഭർത്താവിന്റെ അകൽച്ചയും വെറുപ്പും സഹിക്കാനാകാതെ ലീയും വിവാഹമോചനത്തിന് സമ്മതിച്ചു.
Content Highlights: A Chinese woman experienced severe hair loss due to health-related reasons. Reports say her husband divorced her following the condition