ഷൂമാക്കറുടെ ജീവിതം ഇനി പുതിയ 'ഗിയറി'ല്‍! ആരോഗ്യനിലയില്‍ നിര്‍ണായകമായ പുരോഗതിയെന്ന് റിപ്പോര്‍ട്ട്‌

ഏഴുതവണ ലോക എഫ് 1 ചാമ്പ്യനായ ഷൂമാക്കര്‍ 2013ലാണ് അപകടത്തെ തുടര്‍ന്ന് മത്സരരംഗത്ത് നിന്നും വെള്ളി വെളിച്ചത്തില്‍ നിന്നും ഉള്‍വലിഞ്ഞത്

ഷൂമാക്കറുടെ ജീവിതം ഇനി പുതിയ 'ഗിയറി'ല്‍! ആരോഗ്യനിലയില്‍ നിര്‍ണായകമായ പുരോഗതിയെന്ന് റിപ്പോര്‍ട്ട്‌
dot image

ഇതിഹാസ ഫോർമുല വൺ കാറോട്ട താരം മൈക്കൽ ഷൂമാക്കറിന് നീണ്ട കാലത്തെ ചികിത്സയ്‌ക്കൊടുവിൽ ആരോഗ്യം ഭേദപ്പെട്ട് വരുന്നതായി വിവരം. ഐസ് സ്‌കീയിംഗിനിടെ പാറയിൽ തലയിടിച്ച് കഴിഞ്ഞ 12 വർഷമായി കിടപ്പിലായിരുന്ന താരം ഇപ്പോൾ ചെറിയ‌തോതിൽ‌ കിടക്ക വിട്ട് എഴുന്നേറ്റ് ചാരി ഇരിക്കുകയും തന്റെ വസതിയിൽ വീൽചെയറിൽ സഞ്ചരിക്കുകയും ചെയ്യുന്നുണ്ടെന്നാണ് സൂചന. ഇതിന്റെ ചിത്രങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എന്നാൽ വിശ്വസ്‌ത കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഡെയിലി മെയിൽ അടക്കം അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

വീൽച്ചെയറിന്റെ സഹായത്താൽ ഷൂമാക്കറിന് തന്റെ മുറിയുടെ നാല് ചുമരുകൾക്കുള്ളിൽ നിന്ന് മോചനം ലഭിക്കുക കൂടിയാണ്. സ്വിറ്റ്സർലൻഡിലും സ്പെയ്നിലുമായാണ് ഷൂമാർക്കറിന്റെ കഴിഞ്ഞ 12 വർഷം കടന്ന് പോയത്. ഇവിടെയുള്ള ഷൂമാക്കറിന്റെ വസതികളിൽ ലോകോത്തര മെഡിക്കൽ സൗകര്യങ്ങൾ ആണ് ഒരുക്കിയിരുന്നത്. ഷൂമാക്കറിന് ഏറ്റവും മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ ഭാര്യ കൊറിന ഉറപ്പാക്കി ഒപ്പം നിന്നു.

24 മണിക്കൂറും മെഡിക്കൽ സ്പെഷ്യലിസ്റ്റുകളുടെ നിരീക്ഷണത്തിലായിരുന്നു ഷൂമാക്കർ. സ്പെഷ്യലൈസ്ഡ് നഴ്സുമാർ, ഫിസിയോതെറാപ്പിസ്റ്റ്, കോഗ്നിറ്റിവ് എൻഗേജ്മെന്റിലും ന്യൂറോളജിക്കൽ സ്റ്റിമുലേഷനിലും ശ്രദ്ധ കൊടുക്കുന്ന വിദഗ്ധ തെറാപ്പിസ്റ്റുകൾ എന്നിവരുൾപ്പെട്ടതാണ് ഷൂമാക്കറുടെ മെഡിക്കൽ ടീം. എന്നാൽ ആശയവിനിമയം നടത്തുന്നതിൽ ഷൂമാക്കറിനുള്ള ബുദ്ധിമുട്ട് ഇപ്പോഴും തുടരുന്നതായി ഡെയ്ലി മെയിലിന്റെ റിപ്പോർട്ടിൽ പറയുന്നു.

ഏഴുതവണ ലോക എഫ് 1 ചാമ്പ്യനായ ഷൂമാക്കര്‍ 2013ലാണ് അപകടത്തെ തുടര്‍ന്ന് മത്സരരംഗത്ത് നിന്നും വെള്ളി വെളിച്ചത്തില്‍ നിന്നും ഉള്‍വലിഞ്ഞത്. ഫ്രാന്‍സിലെ ആല്‍പ്സില്‍ സ്കീയിങ് നടത്തുന്നതിനിടെ ഷൂമാക്കര്‍ തലയടിച്ച് വീഴുകയായിരുന്നു. തലച്ചോറിന് ക്ഷതമേറ്റതോടെ ഓര്‍മകളും നശിച്ചു. പിന്നീട് ഷൂമാക്കറുടെ ആരോഗ്യത്തെ കുറിച്ച് പലതരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചുവെങ്കിലും കുടുംബം അതെല്ലാം നിഷേധിച്ചു. തീര്‍ത്തും സ്വകാര്യജീവിതമായിരുന്നു പിന്നീട് ഷൂമാക്കറിന്‍റേത്.

Content Highlights: Formula 1 Legend Michael Schumacher No Longer Bedridden, After 2013 Ski Accident

dot image
To advertise here,contact us
dot image