വിവാഹ വാഗ്ദാനം നിരസിച്ചതിന് യുവതിയെ കുത്തിക്കൊന്നു; മണിക്കൂറുകള്‍ക്കുളളില്‍ പ്രതി ജീവനൊടുക്കി

നിരവധി തവണ സമ്മര്‍ദം ചെലുത്തിയിട്ടും രഞ്ജിതയും കുടുംബവും വിവാഹത്തിന് സമ്മതം മൂളിയില്ല. ഇതാണ് കൊലയ്ക്ക് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

വിവാഹ വാഗ്ദാനം നിരസിച്ചതിന് യുവതിയെ കുത്തിക്കൊന്നു; മണിക്കൂറുകള്‍ക്കുളളില്‍ പ്രതി ജീവനൊടുക്കി
dot image

ബെംഗളൂരു: വിവാഹ വാഗ്ദാനം നിരസിച്ചതിന് യുവതിയെ നടുറോഡിലിട്ട് കുത്തിക്കൊന്ന് യുവാവ് മണിക്കൂറുകള്‍ക്കുളളില്‍ ജീവനൊടുക്കി. കര്‍ണാടകയിൽ ഉത്തര കന്നഡ ജില്ലയിലെ യെല്ലാപുരയിലാണ് സംഭവം. യെല്ലാപൂര്‍ സ്വദേശിയായ രഞ്ജിത ഭനസോഡെ (30) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ റഫീക്ക് ഇമാംസാബും ഉത്തര കന്നഡ സ്വദേശിയായിരുന്നു. അങ്കണവാടിയിലെ പാചകക്കാരിയായ യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ റഫീഖ് തടഞ്ഞുനിര്‍ത്തി കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ യെല്ലാപൂരില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയുളള വനപ്രദേശത്തുനിന്നാണ് റഫീഖിന്റെ മൃതദേഹം കണ്ടെത്തിയത്.

രഞ്ജിതയും റഫീഖും സ്‌കൂള്‍ കാലം മുതൽ പരിചയക്കാരാണ്. 12 വര്‍ഷം മുന്‍പ് രഞ്ജിത മഹാരാഷ്ട്ര സ്വദേശിയായ സച്ചിന്‍ കട്ടേര എന്നയാളെ വിവാഹം കഴിച്ചു. ഇവര്‍ക്ക് 10 വയസുളള മകനുണ്ട്. ഇരുവരും വേര്‍പിരിഞ്ഞ ശേഷം രഞ്ജിത യെല്ലാപൂരിലെ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. സ്‌കൂളില്‍ ഉച്ചക്കഞ്ഞി വയ്ക്കാന്‍ സഹായിയായി ജോലി ചെയ്തുവരികയായിരുന്ന രഞ്ജിതയോട് റഫീഖ് വിവാഹാഭ്യര്‍ത്ഥന നടത്തി. എന്നാല്‍ നിരവധി തവണ സമ്മര്‍ദം ചെലുത്തിയിട്ടും രഞ്ജിതയും കുടുംബവും വിവാഹത്തിന് സമ്മതം മൂളിയില്ല. ഇതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇരുവര്‍ക്കും നേരത്തെ അറിയാമായിരുന്നെന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണ് സംസാരിക്കാന്‍ തുടങ്ങിയതെന്നും രഞ്ജിതയുടെ സഹോദരന്‍ വീരഭദ്ര ഭനസോഡെ പറഞ്ഞു. 'എന്റെ സഹോദരി ഒരു സ്വയം സഹായ സംഘത്തിലെ അംഗമായിരുന്നു. റഫീഖ് അയാളുടെ സുഹൃത്ത് എടുത്ത വായ്പയ്ക്ക് ജാമ്യം നിന്നിരുന്നു. പിന്നീട് ആ സ്ത്രീ മറ്റൊരാളെ വിവാഹം കഴിച്ചു. അവര്‍ പണം തിരിച്ചടയ്ക്കാത്തതിനാല്‍ എന്റെ സഹോദരി ഇക്കാര്യം ചോദിച്ച് റഫീക്കിനെ വിളിച്ചിരുന്നു. കഴിഞ്ഞ രണ്ടുമൂന്ന് മാസമായി രഞ്ജിതയോട് വിവാഹം കഴിക്കാൻ താൽപര്യം പ്രകടിപ്പിച്ചു. ഹിന്ദുമതത്തിലേക്ക് മാറാന്‍ തയ്യാറാണെന്ന് വരെ പറഞ്ഞു. എനിക്ക് ഇതിനെക്കുറിച്ച് ഒന്നുമറിയില്ലായിരുന്നു. 20 ദിവസം മുന്‍പ് നിരന്തരം ഫോണ്‍ കോളുകള്‍ വരുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് റഫീഖ് എന്നോട് സംസാരിച്ചത്. ഇനി രഞ്ജിതയെ പുറകെ നടന്ന് ഉപദ്രവിക്കരുതെന്ന് ഞാന്‍ അവനെ നേരില്‍കണ്ട് പറഞ്ഞിരുന്നു. ഇനി അവളെ വിളിക്കില്ലെന്ന് റഫീഖ് എനിക്ക് ഉറപ്പുനല്‍കിയതാണ്. പ്രശ്‌നം അവിടെ അവസാനിച്ചുവെന്നാണ് കരുതിയത്. കുടുംബത്തിലുളള മറ്റുളളവരോട് ഞാനീ വിഷയം പറഞ്ഞില്ല. ഇപ്പോള്‍ അവന്‍ എന്റെ സഹോദരിയെ കൊലപ്പെടുത്തി': വീരഭദ്ര ഭനസോഡെ പറഞ്ഞു.

രഞ്ജിതയുടെ കൊലപാതകം നഗരത്തില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ലവ് ജിഹാദ് ആരോപിച്ച് ശ്രീരാമസേന അധ്യക്ഷന്‍ പ്രമോദ് മുത്തലിക് രംഗത്തുവരികയും ഞായറാഴ്ച്ച യെല്ലാപൂരില്‍ ബന്ദിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. പ്രദേശത്ത് സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പൊലീസ് സുരക്ഷ ശക്തമാക്കി. അതിനിടെയാണ് റഫീഖിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Content Highlights: woman killed for rejecting marriage offer accused commits suicide shortly after crime

dot image
To advertise here,contact us
dot image