'ഒപ്പം നില്‍ക്കണം'; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി എസ് ജയ്ശങ്കറിന് കത്തയച്ച് ബലൂച് നേതാവ്

ചൈന-പാകിസ്താന്‍ ഇടവഴി ഇന്ത്യയുടെ സുരക്ഷയ്ക്കും വെല്ലുവിളിയാകും എന്നും മിര്‍ യാര്‍ ബലൂച് കത്തില്‍ പറയുന്നു

'ഒപ്പം നില്‍ക്കണം'; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി എസ് ജയ്ശങ്കറിന് കത്തയച്ച് ബലൂച് നേതാവ്
dot image

ഇസ്‌ലാമാബാദ്: പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന് കത്തയച്ച് ബലൂച് നേതാവ് മിര്‍ യാര്‍ ബലൂച്. 'റിപ്പബ്ലിക് ഓഫ് ബലൂചിസ്താനു'മായി ഇന്ത്യ കൂടുതല്‍ സഹകരിക്കണം എന്നാവശ്യപ്പെട്ടാണ് മിര്‍ യാര്‍ കത്തയച്ചിരിക്കുന്നത്. ജയ്ശങ്കറിനെ അഭിസംബോധന ചെയ്തുകൊണ്ടുളള തുറന്ന കത്ത് എക്‌സിലൂടെയാണ് ബലൂച് നേതാവ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ടാഗ് ചെയ്തിട്ടുണ്ട്. ചൈന-പാകിസ്താന്‍ ഇടവഴി (സിപിഇസി) അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചുവെന്നും പ്രാദേശിക പ്രതിരോധം ഇല്ലാതായാല്‍ ചൈനയ്ക്ക് ബലൂചിസ്ഥാനില്‍ സൈനികരെ വിന്യസിക്കാനാകും, അത് ഇന്ത്യയുടെ സുരക്ഷയ്ക്കും വെല്ലുവിളിയാകും എന്നും മിര്‍ യാര്‍ ബലൂച് കത്തില്‍ പറയുന്നു.

ഇന്ത്യയിലെ ജനങ്ങള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ടാണ് മിര്‍ യാര്‍ ജയ്ശങ്കറിന് അയച്ച കത്ത് ആരംഭിക്കുന്നത്. പാകിസ്താന്‍ പിന്തുണയ്ക്കുന്ന ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ സുരക്ഷാ നിലപാടുകളെയും 2025 ഏപ്രിലിലെ പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടിയായി പാകിസ്താനില്‍ ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തെയും മിര്‍ യാര്‍ പ്രശംസിച്ചിട്ടുണ്ട്. ഹിംഗോള്‍ നാഷണല്‍ പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന നാനി മന്ദിര്‍ എന്നറിയപ്പെടുന്ന ഹിംഗ് ലജ് മാതാ ക്ഷേത്രം ചൂണ്ടിക്കാട്ടി ഇന്ത്യയും ബലൂചിസ്താനും തമ്മിലുളള ബന്ധം ആഴത്തിലുളളതാണെന്ന് മിര്‍ യാര്‍ പറഞ്ഞു. രണ്ട് പ്രദേശങ്ങള്‍ തമ്മിലുളള ചരിത്രപരവും സാംസ്‌കാരികപരവും ആത്മീയവുമായ ബന്ധങ്ങളുടെ പ്രതീകമായാണ് ക്ഷേത്രത്തെ മിര്‍ ചൂണ്ടിക്കാട്ടുന്നത്. അടുത്തിടെയായി പാകിസ്താന്‍ സുരക്ഷാസേനയും ബലൂച് വിഘടനവാദി ഗ്രൂപ്പുകളും തമ്മിലുളള ഏറ്റുമുട്ടലുകള്‍ രൂക്ഷമായിട്ടുണ്ട്. ബലൂചിസ്താനിലും പരിസരങ്ങളിലും തുടരുന്ന അസ്വസ്ഥതകള്‍ക്കിടെയാണ് ഇന്ത്യയുടെ പിന്തുണ അഭ്യര്‍ത്ഥിച്ചുകൊണ്ടുളള ബലൂച് നേതാവിന്റെ കത്ത്.

പാകിസ്താനല്ല ബലൂചിസ്താനെന്ന് നേരത്തെ മിര്‍ യാര്‍ ബലൂച് പറഞ്ഞിരുന്നു. ബലൂചിസ്താനിലെ ജനങ്ങള്‍ അവരുടെ ദേശീയ വിധി തീരുമാനിച്ചെന്നും ലോകം ഇനി നിശബ്ദത പാലിക്കരുതെന്നുമാണ് മിര്‍ യാര്‍ അന്ന് പറഞ്ഞത്. 'ബലൂചിസ്താന്‍ വളരെക്കാലമായി ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് സാക്ഷ്യംവഹിക്കുകയാണ്. മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ പുറംലോകം അറിയുന്നില്ല. ബലൂചിസ്താന്റെ ഔദ്യോഗിക ഓഫീസും ഡല്‍ഹിയില്‍ എംബസിയും അനുവദിക്കണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിക്കുന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ബലൂചിസ്താന്റെ സ്വാതന്ത്ര്യം അംഗീകരിക്കാനും അതിനായി യുഎന്‍ യോഗം വിളിക്കാനും ഐക്യരാഷ്ട്രസഭയോട് അഭ്യര്‍ത്ഥിക്കുന്നു. കറന്‍സിക്കും പാസ്‌പോര്‍ട്ട് അച്ചടിക്കും വേണ്ടി ഫണ്ട് അനുവദിക്കണം' എന്നാണ് നേരത്തെ മിര്‍ യാര്‍ അഭ്യര്‍ത്ഥിച്ചത്.

Content Highlights: Balochistan leader mir yar baloch letter to s jaisankar seeking support against pakistan

dot image
To advertise here,contact us
dot image