

ഇന്ത്യൻ ക്രിക്കറ്റിലെ സീനിയർ താരങ്ങളായ വിരാട് കോഹ്‌ലിക്കും രോഹിത് ശർമയ്ക്കും വേണ്ടി കൂടുതൽ ഏകദിനപരമ്പരകൾ നടത്താൻ ബിസിസിഐ തയ്യാറാവണമെന്ന് മുൻ താരം ഇർഫാൻ പത്താൻ. ടെസ്റ്റ്, ടി20 ഫോർമാറ്റുകളിൽ നിന്ന് വിരമിച്ച ഇതിഹാസ താരങ്ങൾ ഏകദിനത്തിൽ മാത്രമാണ് ഇപ്പോൾ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത്. അതുകൊണ്ടുതന്നെ ഇരുവരും കളിക്കുന്ന ആഭ്യന്തര ക്രിക്കറ്റിലേതടക്കം ഓരോ മത്സരത്തിനും ഏറെ ആരാധക ശ്രദ്ധയും പിന്തുണയുമാണ് ലഭിക്കുന്നത്.
എന്നാൽ ഏകദിന പരമ്പരകളേക്കാൾ ടെസ്റ്റിനും ടി20ക്കുമാണ് ബിസിസിഐ കൂടുതൽ പരിഗണന നൽകുന്നത്. ഈ സാഹചര്യത്തിലാണ് ഇർഫാൻ പത്താൻ ബിസിസിഐയോട് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. 2027 ലോകകപ്പിനെ ലക്ഷ്യംവെച്ച് ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസങ്ങൾക്ക് കൂടുതൽ അവസരം നൽകാനായി ഏകദിന പരമ്പരകളുടെ എണ്ണം കൂട്ടണമെന്നാണ് ഇർഫാൻ പത്താൻ്റെ ആവശ്യം. കോഹ്‌ലിയുടെയും രോഹിത്തിന്റെയും സാന്നിധ്യം പൂർണ്ണമായും ഉപയോഗപ്പെടുത്തണമെന്നും കുറഞ്ഞത് അഞ്ച് ഏകദിന മത്സരങ്ങളുടെ പരമ്പര നടത്തണമെന്നും പത്താൻ പറഞ്ഞു.
'എന്തുകൊണ്ട് ഒരു ത്രിരാഷ്ട്ര പരമ്പരയോ നാല് രാജ്യങ്ങളുടെ പരമ്പരയോ നടത്താൻ കഴിയില്ല? ഈ രണ്ട് മികച്ച കളിക്കാർ ഒരേ ഫോർമാറ്റിൽ മാത്രം കളിക്കുമ്പോൾ, അവരെ ശരിയായി ഉപയോഗിക്കണം. ഏകദിന ക്രിക്കറ്റിൽ ആരാധകർക്ക് പുതിയൊരു താൽപ്പര്യം ഉണ്ടാവുന്നുണ്ടെങ്കിൽ അത് ഈ രണ്ട് കളിക്കാർ കാരണമാണ്', ഇർഫാൻ പത്താൻ സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.
"ഏറ്റവും പ്രധാനപ്പെട്ട കാര്യം അവർ രണ്ടുപേരും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു എന്നതാണ്. ലോകകപ്പ് ഇനിയും അകലെയാണ്. തയ്യാറെടുപ്പ് പ്രധാനമാണ്, പക്ഷേ അവർ കഴിയുന്നത്രയും കളിക്കുന്നത് കാണണമെന്നും ഞാൻ ആഗ്രഹിക്കുന്നു. അവർ ഇന്ത്യയ്ക്കായി കളിക്കുന്നത് തുടരണം, ഇന്ത്യയ്ക്കായി കളിക്കാത്തപ്പോൾ അവർ ആഭ്യന്തര ക്രിക്കറ്റ് കളിക്കണം. അവർ കൂടുതൽ കളിക്കുന്തോറും അവർ മികച്ചവരാകും," ഇർഫാൻ പത്താൻ കൂട്ടിച്ചേർത്തു.
Content highlights: Irfan Pathan urges BCCI to should host more ODIs for Virat Kohli, Rohit Sharma