

ബെംഗളൂരു: കർണാടകയിലെ കുടിയൊഴിപ്പിക്കലിലും പൊളിച്ചുനീക്കലിലും പ്രതികരിച്ച കേരള മുഖ്യമന്ത്രിപിണറായി വിജയനെതിരെ കർണാടക ന്യൂനപക്ഷ വകുപ്പ് മന്ത്രി സമീർ അഹമ്മദിന്റെ രൂക്ഷ വിമർശനം. വിഷയത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രതികരണത്തിനെതിരെയാണ് സമീർ അഹമ്മദ് രംഗത്തെത്തിയത്. കേരള മുഖ്യമന്ത്രിക്ക് അത്ര സ്‌നേഹമുണ്ടെങ്കിൽ ജനങ്ങൾക്ക് സാമ്പത്തിക സഹായവും വീടുകളും നൽകട്ടെയെന്നും എന്തെങ്കിലും സഹായം ജനങ്ങൾക്ക് ചെയ്യട്ടെയെന്നും കർണാടകയിലെ ഹൗസിങ് മന്ത്രി കൂടിയായ സമീർ അഹമ്മദ് ഖാൻ പറഞ്ഞു. ഉത്തരേന്ത്യയിൽ സംഘപരിവാർ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ ആക്രമോത്സുക രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് കർണാടകയിൽ കണ്ടതെന്നും എന്തു പറഞ്ഞാണ് കോൺഗ്രസ് ന്യായീകരിക്കുകയെന്നും പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതിനെതിരെയാണ് സമീർ അഹമ്മദിന്‍റെ പ്രതികരണം.
കേരള മുഖ്യമന്ത്രി രാഷ്ട്രീയനേട്ടത്തിനായി വിഷയം ഉപയോഗിക്കുകയാണെന്നും കെട്ടിടങ്ങൾ പൊളിച്ചുനീക്കിയ കോഗിലു ലേഔട്ട് സന്ദർശിച്ച് സമീർ അഹമ്മദ് വ്യക്തമാക്കി. മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞത് അനുസരിച്ചാണ് താൻ ഇവിടെ സന്ദർശിച്ചതെന്നും നാളെ ഒരു യോഗം ചേരുന്നുണ്ടെന്നും അതിന് ശേഷം മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്നും സമീർ അഹമ്മദ് പറഞ്ഞു. നാളെ ഉച്ചയ്ക്ക് നടക്കുന്ന യോഗത്തിന് ശേഷം വീട് നൽകാൻ തീരുമാനം ഉണ്ടാകുമെന്ന സൂചനയും അദ്ദേഹം നൽകി.
കേരളത്തിൽനിന്നുള്ള എംപിമാരും എംഎൽഎമാരും സംഭവ സ്ഥലം സന്ദർശിച്ചതിനെ സമീർ അഹമ്മദ് പരിഹസിച്ചു. അവർ വന്നു, കണ്ടു, പോയി. അവർ യഥാർത്ഥത്തിൽ ആരെയെങ്കിലും സഹായിച്ചോ?. കേരളത്തിൽ നടക്കാനിരിക്കുന്ന അടുത്ത തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് അവർ ഇവിടം സന്ദർശിച്ചത്. ദരിദ്രരെക്കുറിച്ച് യഥാർത്ഥത്തിൽ കരുതലുണ്ടായിരുന്നെങ്കിൽ വീടുകൾ പണിതു നൽകുകയോ സാമ്പത്തിക സഹായം നൽകുകയോ ചെയ്യേണ്ടിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ പ്രളയം ഉണ്ടായപ്പോൾ കർണാടക സർക്കാർ സഹായവും വീടുകൾ വെച്ചുനൽകാമെന്നും പ്രഖ്യാപിച്ചു. ദരിദ്രരെ കുറിച്ച് അത്രമാത്രം കരുതലുണ്ടായിരുന്നെങ്കിൽ അത്തരത്തിലുള്ള പ്രഖ്യാപനങ്ങൾ നടത്തുകയോ സഹായിക്കുകയോ ആണ് വേണ്ടത്. ഇത് പൂർണമായും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കമാണ്.കേരളത്തിൽ നിന്ന് ആരും ഇവിടെ താമസിക്കുന്നില്ലെന്നും സമീർ അഹമ്മദ് പറഞ്ഞു.
ആളുകൾ നിയമവിരുദ്ധമായാണ് ഇവിടെ താമസിച്ചിരുന്നത്. മന്ത്രി കൃഷ്ണ ബൈരെഗൗഡയും തദ്ദേശ അതോറിറ്റികളും പലതവണ ഇവിടെയുള്ളവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഏകദേശം അഞ്ച് ഹാളുകളിലായി ഭക്ഷണ സൗകര്യവും താമസ സൗകര്യവും ഒരുക്കിയിരുന്നു. ഇവിടെ ഒഴിപ്പിച്ചാൽ വീട് ലഭിക്കുമോ ഇല്ലയോ എന്ന ഭയം ജനങ്ങൾക്കുണ്ട്. ഞങ്ങളുടെ പാർട്ടി സാധാരണക്കാർക്കൊപ്പം നിൽക്കുന്ന പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയൻ വസ്തുതകൾ അറിയാതെയാണ് പ്രതികരിച്ചതെന്ന് സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഗിമ്മിക്ക് എന്നാണ് പിണറായി വിജയന്‍റെ പ്രതികരണത്തെ ശിവകുമാർ വിശേഷിപ്പിച്ചത്. എന്നാൽ കുടിയൊഴിപ്പിക്കലിൽ എഐസിസി കടുത്ത വിയോജിപ്പ് അറിയിച്ചിരുന്നു.
Content Highlights: karnataka minister Zameer Ahmed khan against kerala cm pinarayi vijayan on bulldozer raj comment