'ഒറ്റച്ചാട്ടത്തിന് കോണ്‍ഗ്രസ് അംഗങ്ങൾ BJP, മരുന്നിന് പോലും ഒരാളെ ബാക്കിവെക്കാതെ BJP അങ്ങെടുത്തു': മുഖ്യമന്ത്രി

ഇപ്പോള്‍ കോണ്‍ഗ്രസ്സില്‍ നില്‍ക്കുന്നവരും ഇരുട്ടിവെളുക്കുമ്പോഴേക്കും ബിജെപി ആകാന്‍ മടിക്കില്ലെന്നും മുഖ്യമന്ത്രി

'ഒറ്റച്ചാട്ടത്തിന് കോണ്‍ഗ്രസ് അംഗങ്ങൾ BJP, മരുന്നിന് പോലും ഒരാളെ ബാക്കിവെക്കാതെ BJP അങ്ങെടുത്തു': മുഖ്യമന്ത്രി
dot image

തിരുവനന്തപുരം: തൃശ്ശൂര്‍ മറ്റത്തൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി വിജയിച്ച മുഴുവന്‍ പഞ്ചായത്തംഗങ്ങളും ബിജെപിയില്‍ ചേര്‍ന്നതില്‍ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒറ്റച്ചാട്ടത്തിന് ബിജെപിയില്‍ എത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. മരുന്നിനുപോലും ഒരാളെ ബാക്കിവെയ്ക്കാതെ ബിജെപി അവരെ അങ്ങെടുത്തുവെന്നും കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ല അതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

2016ല്‍ അരുണാചല്‍ പ്രദേശില്‍ നടന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ കൂറുമാറ്റവും 2021ല്‍ പുതുച്ചേരിയില്‍ എന്‍ഡിഎ അധികാരത്തിലെത്തിയതുമടക്കം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഇതിന്റെ കേരള മോഡലാണ് മറ്റത്തൂരിലേതെന്നും ആ പഞ്ചായത്തില്‍ എല്‍ഡിഎഫ് പ്രസിഡന്റ് അധികാരത്തില്‍ വരുന്നത് തടയാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയോടൊപ്പം പോയതെന്നും അതവര്‍ തുറന്നുസമ്മതിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോള്‍ കോണ്‍ഗ്രസ്സില്‍ നില്‍ക്കുന്നവരും ഇരുട്ടിവെളുക്കുമ്പോഴേക്കും ബിജെപി ആകാന്‍ മടിക്കില്ല എന്നാണ് ഇവിടെ തെളിയുന്നത്. കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് മനസ്സാക്ഷിക്കുത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വയം വില്‍ക്കാനുള്ള കോണ്‍ഗ്രസ്സിന്റെ ഈ സന്നദ്ധതയാണ് ബിജെപിയുടെ കേരള വ്യാമോഹങ്ങള്‍ക്ക് വളമിടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മറ്റത്തൂരില്‍ ബിജെപി പിന്തുണയോടെ പഞ്ചായത്ത് ഭരണം യുഡിഎഫ് വിമതപക്ഷം നേടുകയായിരുന്നു. എട്ട് കോണ്‍ഗ്രസ് അംഗങ്ങളും നാല് ബിജെപി അംഗങ്ങളും സ്വതന്ത്രയായി ജയിച്ച ടെസ്സി ജോസ് കല്ലറക്കലിനെ പഞ്ചായത്ത് പ്രസിഡന്റായി പിന്തുണക്കുകയായിരുന്നു. കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു പഞ്ചായത്തില്‍ നിന്നും വിജയിച്ച എട്ട് കോണ്‍ഗ്രസ് വാര്‍ഡ് അംഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ. മരുന്നിനുപോലും ഒരാളെ ബാക്കിവെക്കാതെ ബിജെപി അവരെ അങ്ങെടുത്തു. കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ല ഇത്.

2016-ൽ അരുണാചൽ പ്രദേശിൽ ആകെയുള്ള 44 കോൺഗ്രസ്സ് എംഎൽഎമാരിൽ മുഖ്യമന്ത്രി ഉൾപ്പെടെ 43 പേരും ഒറ്റരാത്രികൊണ്ട് എൻഡിഎയിലേക്ക് ചാടിയിരുന്നു. ഒരു എംഎൽഎ പോലുമില്ലാതിരുന്ന പുതുച്ചേരിയിൽ കോൺഗ്രസ്സ് അംഗങ്ങളെ ചാക്കിട്ട് 2021-ൽ ബിജെപി അധികാരം പിടിച്ചു. 2019-ൽ ഗോവയിലെ കോൺഗ്രസ്സ് ലെജിസ്ലേറ്റീവ് പാർടി ഒന്നടങ്കം ബിജെപിയിൽ ലയിച്ചു. അതിന്റെയെല്ലാം കേരള മോഡൽ ആണ് മറ്റത്തൂരിലേത്. ആ പഞ്ചായത്തിൽ എൽ ഡി എഫ് പ്രസിഡന്റ് വരുന്നത് തടയാനാണ് കോൺഗ്രസ്സ് നേതാക്കൾ ബിജെപിയോടൊപ്പം പോയത്. അതവർ തുറന്നു പറയുന്നുമുണ്ട്.

ഇപ്പോൾ കോൺഗ്രസ്സിൽ നിൽക്കുന്നവരും ഇരുട്ടിവെളുക്കുമ്പോഴേക്കും ബിജെപി ആകാൻ മടിക്കില്ല എന്നാണ് ഇവിടെ തെളിയുന്നത്. കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാൻ കോൺഗ്രസ്സുകാർക്ക് മനസ്സാക്ഷിക്കുത്തില്ല. ബിജെപിയിലേക്ക് പോകണമെന്ന് തോന്നിയാൽ പോകും എന്ന കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വത്തിന്റെ പ്രഖ്യാപനമാണ് മറ്റത്തൂരിൽ അനുയായികൾ നടപ്പാക്കിയത്. സംസ്ഥാനത്ത് പലേടത്തും ബിജെപി - കോൺഗ്രസ്സ് അഡ്ജസ്റ്റ്മെന്റ് ഉണ്ട് എന്നത് തദ്ദേശ ഫലത്തിൽ വ്യക്തമാണ്. അതവർ ഒരുമടിയുമില്ലാതെ തുടരുകയാണ്. സ്വയം വിൽക്കാനുള്ള കോൺഗ്രസ്സിന്റെ ഈ സന്നദ്ധതയാണ് ബിജെപിയുടെ കേരള വ്യാമോഹങ്ങൾക്ക് വളമിടുന്നത്.

എല്ലാ ജനവിഭാഗങ്ങളെയും പറ്റിച്ച് അധികാര രാഷ്ട്രീയം കളിക്കാനും സംഘപരിവാറിന് നിലമൊരുക്കാനുമുള്ള രാഷ്ട്രീയ അല്പത്തം സ്വാഭാവികവൽക്കരിക്കാനും വ്യാപിപ്പിക്കാനുമുള്ള കോൺഗ്രസ്സിന്റെ കുടില തന്ത്രങ്ങൾ ഞങ്ങൾ നേരത്തെ തുറന്നു കാട്ടിയതാണ്. മറ്റത്തൂർ മോഡൽ അതിന്റെ ഏറ്റവും ഒടുവിലത്തെ അധ്യായമാണ്.

Content Highlights: mattathur Pinarayi Vijayan Against Congress

dot image
To advertise here,contact us
dot image