

ന്യൂഡല്‍ഹി: ആര്‍എസ്എസിന്റെ സംഘടനാ സംവിധാനത്തെ പുകഴ്ത്തി വെട്ടിലായതിന് പിന്നാലെ നിലപാട് മാറ്റി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ ദിഗ്‌വിജയ് സിങ്. കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്നായിരുന്നു ദിഗ്‌വിജയ് സിങിന്റെ പ്രതികരണം.
ഗാന്ധി കുടുംബം രക്തസാക്ഷികളുടെ കുടുംബമാണെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു. ഗാന്ധി കുടുംബത്തില്‍ ഭിന്നത വിതയ്ക്കാനുള്ള ബിജെപി ശ്രമത്തെ ശക്തമായി അപലപിക്കുന്നു. ജില്ലാ തലത്തിലും അതിന് താഴെത്തട്ടിലും കോണ്‍ഗ്രസ് സംഘടനയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ രാഹുല്‍ ഗാന്ധി ആരംഭിച്ചിട്ടുണ്ട്. ഇത് ഉടന്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു ആര്‍എസ്എസിന്റെ സംഘടനാ സംവിധാനത്തെ പുകഴ്ത്തി ദിഗ്‌വിജയ് സിങ് രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നേതാവ് എല്‍ കെ അദ്വാനിയും അടക്കമുള്ളവര്‍ ഒരുമിച്ചിരിക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു ദിഗ്‌വിജയ് സിങിന്റെ പുകഴ്ത്തല്‍. ചിത്രത്തില്‍ അദ്വാനിക്ക് സമീപം തറയില്‍ നരേന്ദ്ര മോദി ഇരിക്കുന്നത് കാണാം. സ്വയംസേവകരും പ്രവര്‍ത്തകരും നേതാക്കളുടെ കാല്‍ക്കല്‍ തറയില്‍ ഇരുന്ന് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായി മാറുന്ന രീതി. ഇതാണ് സംഘടനയുടെ ശക്തി എന്നായിരുന്നു ദിഗ്‌വിജയ് സിങ് എക്‌സില്‍ കുറിച്ചത്.
ഇതിന് പിന്നാലെ ദിഗ്‌വിജയ് സിങിന്റെ പോസ്റ്റ് ബിജെപി ഏറ്റെടുത്തു. ദിഗ്‌വിജയ് സിങിന്റെ പരാമര്‍ശം കോണ്‍ഗ്രസ് നേതൃത്വത്തിൻ്റെ സ്വേച്ഛാധിപത്യപരവും ജനാധിപത്യവിരുദ്ധവുമായ നിലപാടിനെ തുറന്നുകാട്ടുന്നതെന്നായിരുന്നു ബിജെപി പറഞ്ഞത്. കോണ്‍ഗ്രസ് കുടുംബത്തിലെ അംഗങ്ങള്‍ എങ്ങനെയാണ് പാര്‍ട്ടിയെ സ്വേച്ഛാധിപത്യപരമായി നയിക്കുന്നതെന്ന് ദിഗ് വിജയ് സിങിന്റെ പോസ്റ്റിലൂടെ വ്യക്തമായി. ഇതിനോട് പ്രതികരിക്കാന്‍ രാഹുല്‍ ഗാന്ധി ധൈര്യം കാണിക്കുമോ എന്നും ബിജെപി ചോദിച്ചിരുന്നു.
സംഭവം വിവാദമായതോടെ വിശദീകരണവുമായി ദിഗ്‌വിജയ് സിങ് രംഗത്തെത്തിയിരുന്നു. താന്‍ ആര്‍എസ്എസ് സംഘടനാ സംവിധാനത്തെയാണ് പുകഴ്ത്തിയതെന്നും ബിജെപിയെയും ആര്‍എസ്എസിനെയും എതിര്‍ക്കുന്നത് തുടരുമെന്നുമായിരുന്നു ദിഗ്‌വിജയ് സിങ് പറഞ്ഞത്. എന്നാല്‍ ദിഗ്‌വിജയ് സിങിന്റെ പ്രതികരണത്തോട് പ്രതികരിക്കേണ്ടതില്ല എന്നായിരുന്നു കോണ്‍ഗ്രസിന്റെ തീരുമാനം. ഇത് സംബന്ധിച്ച് നേതാക്കള്‍ക്ക് പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു.
Content Highlights- Congress all united; Congress leader digvijaya singh over rss remark