

ടെസ്റ്റിലെ മോശം പ്രകടനത്തിന് പിന്നാലെ ഗൗതം ഗംഭീറിനെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്. ഗംഭീറിന് പകരക്കാരനായി മുൻ താരം വിവിഎസ് ലക്ഷ്മണെ ബിസിസിഐ അനൗദ്യോഗികമായി സമീപിച്ചിരുന്നുവെന്നും എന്നാൽ ലക്ഷ്മണ്‍ ഓഫര്‍ നിരസിച്ചുവെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാൽ ഇതെല്ലാം വെറും കിംവദന്തികളാണെന്നും ഗംഭീറിനെ ടെസ്റ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്ത് നിന്ന് മാറ്റുന്നതിനെക്കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയ പറഞ്ഞു.
ഇന്ത്യാ ടുഡേയോട് സംസാരിക്കവേയാണ് ദേവ്ജിത് സൈകിയ ഈ റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞത്. 'ഗൗതം ഗംഭീറിന്റെ ടെസ്റ്റ് പരിശീലക സ്ഥാനത്തെക്കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ല, മറ്റ് പരിശീലകരെയും ബന്ധപ്പെട്ടിട്ടില്ല. അത്തരം റിപ്പോർട്ടുകളെല്ലാം വെറും കിംവദന്തികളാണ്', ദേവ്ജിത് സൈകിയ വ്യക്തമാക്കി.
Board of Control for Cricket in India (BCCI) secretary Devajit Saikia has firmly shut down speculation surrounding Gautam Gambhir’s future as India’s Test coach, calling reports of a potential replacement “nothing but rumours.”
— IndiaToday (@IndiaToday) December 28, 2025
Read more: https://t.co/VOirJrxGdP#BCCI… pic.twitter.com/xU8oSYkIOQ
സമീപകാലത്ത് ഗംഭീറിനെ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഗംഭീർ മുഖ്യപരിശീലകസ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ സേന രാജ്യങ്ങൾക്കെതിരെ ടെസ്റ്റിൽ 10 മത്സരങ്ങളാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫി പരാജയപ്പെട്ടും സ്വന്തം നാട്ടിൽ ന്യൂസിലാൻഡിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ ടെസ്റ്റ് പരമ്പരകൾ അടിയറവച്ചതും ഗംഭീറിൻ്റെ സ്ഥാനം സംശയത്തിലാക്കിയിരുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റ് പരമ്പര ഇന്ത്യ അടിയറവ് പറഞ്ഞതിന് തൊട്ടുപിന്നാലെ ടെസ്റ്റ് ടീമിനെ പരിശീലിപ്പിക്കാനുള്ള താൽപ്പര്യം വിവിഎസ് ലക്ഷ്മണിന് ഉണ്ടോ എന്ന് അറിയാൻ ബിസിസിഐ ഉദ്യോഗസ്ഥൻ അനൗപചാരികമായി ബന്ധപ്പെട്ടതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിലെ സ്ഥാനത്ത് ലക്ഷ്മൺ സന്തുഷ്ടനാണെന്നും റിപ്പോർട്ടിൽ പറയുന്നു. ബെംഗളൂരുവിലെ ബിസിസിഐയുടെ സെന്റർ ഓഫ് എക്‌സലൻസിൽ ക്രിക്കറ്റ് മേധാവിയായി ലക്ഷ്മൺ സേവനമനുഷ്ഠിച്ച് വരികയാണ്.
Content Highlights: BCCI Gives Big Update on VVS Laxman To Replace Gautam Gambhir As India Test Head Coach