നിയമലംഘനങ്ങളിൽ ആ​ഗോള തലത്തിൽ ഈ വർഷം കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് ഒരു ​ഗൾഫ് രാജ്യം

വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ സുരക്ഷാ സേന അറസ്റ്റ് ചെയ്ത 10,884 പേരെയാണ് രാജ്യത്ത് നിന്ന് നാടുകടത്തിയത്

നിയമലംഘനങ്ങളിൽ ആ​ഗോള തലത്തിൽ ഈ വർഷം കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് ഒരു ​ഗൾഫ് രാജ്യം
dot image

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരെ നാടുകടത്തിയ രാജ്യം സൗദി അറേബ്യയെന്ന് കണക്കുകള്‍. വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ സുരക്ഷാ സേന അറസ്റ്റ് ചെയ്ത 10,884 പേരെയാണ് രാജ്യത്ത് നിന്ന് നാടുകടത്തിയത്. ആഗോള തലത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന് കണക്കാണിത്.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയമാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് ഒരു വര്‍ഷത്തിനുള്ളിൽ നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ കണക്കുകള്‍ പുറത്ത് വിട്ടത്. സൗദി അറേബ്യയാണ് ഇതില്‍ മുന്നില്‍. സൗദി തലസ്ഥാനമായ റിയാദില്‍ നിന്ന് 7,019 പ്രവാസികളെയും ജിദ്ദയില്‍ നിന്ന് 3,865 പേരെയും ഈ വര്‍ഷം നാടുകടത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 81 രാജ്യങ്ങള്‍ നാടുകടത്തിയ ഇന്ത്യക്കാരുടെ കണക്കുകള്‍ പരിശോധിച്ചശേഷമാണ് ഇത്തരത്തില്‍ ഒരു നിഗമനത്തിലേക്ക് വിദേശകാര്യ മന്ത്രാലയം എത്തിച്ചേര്‍ന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അമേരിക്ക നടത്തിയ ഏറ്റവും ഉയര്‍ന്ന നാടുകടത്തല്‍ 2025-ലായിരുന്നു. ഈ വര്‍ഷം 3800 ഇന്ത്യക്കാരെയാണ് യുഎസ് ഭരണകൂടം നാടുകടത്തിയത്. യുഇഎയില്‍ നിന്ന് ഈ വര്‍ഷം നാടുകടത്തിയ ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം 1,469 ആണ്. 2021 മുതല്‍ ഇതുവരെ യുഎഇയില്‍ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം ഏകദേശം നാലായിരത്തോളം വരും. ബഹ്‌റൈറില്‍ നിന്ന് 764 പ്രവാസികളെയും ഈ വര്‍ഷം നാടുകടത്തിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതിനിടെ ഒമാനില്‍ നിന്ന് 16 ഇന്ത്യക്കാരെ മാത്രമാണ് സ്വന്തം രാജ്യത്തേക്ക് തിരിച്ചയച്ചത്. മലേഷ്യ 1,485, മ്യാന്‍മര്‍ 1,591, തായ്‌ലന്‍ഡ് 481, ശ്രീലങ്ക 372, ആസ്‌ട്രേലിയ 34, കാനഡ 188, യുകെ 203 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ കണക്കുകള്‍. സാധുവായ വിസയില്ലാതെ രാജ്യത്ത് തുടരുക, തൊഴില്‍ നിയമങ്ങളുടെ ലംഘനം,വിവിധ കേസുകളില്‍ പ്രതിയാകല്‍ തുടങ്ങിയ നിയമ ലംഘനങ്ങളുടെ പേരില്‍ പിടിക്കെപ്പെട്ടവരെയാണ് വിവിധ രാജ്യങ്ങള്‍ നാടുകടത്തലിന് വിധേയരാക്കിയതെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: Saudi Arabia leads Globally in Indian deportations

dot image
To advertise here,contact us
dot image