പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ് ഉന്നാവോ അതിജീവിതയുടെ മാതാവ്; 'പ്രതിയായ കുൽദീപുമായി ഉദ്യോഗസ്ഥർ ഒത്തുകളിച്ചു'

ജന്തർമന്ദറിൽ അതിജീവിതയ്ക്കും മാതാവിനുമൊപ്പം നിരവധി പേരാണ് പ്രതിഷേധിച്ചത്

പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ് ഉന്നാവോ അതിജീവിതയുടെ മാതാവ്; 'പ്രതിയായ കുൽദീപുമായി ഉദ്യോഗസ്ഥർ ഒത്തുകളിച്ചു'
dot image

ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗക്കേസിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗാറിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച ഡൽഹി ഹൈക്കോടതി വിധിക്കെതിരെ പ്രതിഷേധം കടുക്കുന്നു. ജന്തർമന്ദറിൽ അതിജീവിതയ്ക്കും മാതാവിനുമൊപ്പം നിരവധി പേരാണ് പ്രതിഷേധത്തിന് എത്തിയത്. ഇതിനിടെ അതിജീവിതയുടെ അമ്മ കുഴഞ്ഞു വീണു. പിന്നാലെ സമരം അവസാനിപ്പിച്ച് അതിജീവിതയും മാതാവും മടങ്ങി. ബിജെപിക്കും യുപിയിലെ യോഗി ആദിത്യനാഥ് സർക്കാരിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് പ്രതിഷേധക്കാർ മുദ്രാവാക്യം ഉയർത്തിയത്.

നീതി ലഭിക്കണം എന്ന് ഉന്നാവ് അതിജീവിതയും അമ്മയും റിപ്പോർട്ടറിനോട് പറഞ്ഞു. സുപ്രീംകോടതിയിൽ വിശ്വാസമുണ്ടെന്നും സുരക്ഷ വേണമെന്നും അതിജീവിത പറഞ്ഞു. ഹൈക്കോടതിയിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് പറഞ്ഞ അതിജീവിതയുടെ മാതാവ്, നീതി ലഭിക്കും വരെ പ്രതിഷേധം തുടരുമെന്നും സിബിഐ സുപ്രീംകോടതിയെ സമീപിച്ചത് നല്ല കാര്യമെന്നും പ്രതികരിച്ചു. ബിജെപി നേതാവ് കുൽദീപ് സിംഗ് സെൻഗറാണ് തങ്ങളെ ആക്രമിക്കുന്നത് എന്നും ഇരുവരും വ്യക്തമാക്കി.

കേസിൽ സിബിഐ ഉദ്യോഗസ്ഥർ കുൽദീപ് സെൻഗാറുമായി ഒത്തുകളിച്ചെന്ന് അതിജീവിത ആരോപിച്ചു. പ്രതിക്കായി ഹൈക്കോടതിയിലെ അനുകൂല തീരുമാനത്തിനായി ഒത്തുകളിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് അതിജീവിത സിബിഐക്ക് പരാതി നൽകിയിട്ടുണ്ട്. ആറ് പേജുള്ള പരാതിയാണ് നൽകിയത്. അന്വേഷണം നടക്കുമ്പോൾ തന്നെ അട്ടിമറിക്ക് ശ്രമിച്ചെന്നും സെൻഗാറിനെ സഹായിക്കുന്ന തരത്തിൽ ഉദ്യോഗസ്ഥർ നിലപാട് സ്വീകരിച്ചെന്നുമാണ് അതിജീവിത നൽകിയ പരാതിയിൽ പറയുന്നത്. ഡൽഹി ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിബിഐ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഹൈക്കോടതി വിധി യുക്തിഹീനവും നിയമവിരുദ്ധവുമാണെന്നാണ് അപ്പീലിലെ സിബിഐയുടെ പ്രധാന വാദം.

ഇതിനിടെ അതിജീവിതയ്ക്ക് നീതി ആവശ്യപ്പെട്ട് ഡൽഹിയിൽ സാമൂഹിക പ്രവർത്തകർ തെരുവിലിറങ്ങി. അതിജീവിതയ്ക്ക് നീതി ഉറപ്പാക്കുക, പ്രതിയായ ബിജെപി നേതാവ് കുൽദീപ് സിംഗ് സെൻഗാറിന്റെ ജാമ്യം റദ്ദാക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് പ്രതിഷേധം.

Content Highlights:‌ unnao case; survivor and mother against accused Kuldeep Singh Sengar

dot image
To advertise here,contact us
dot image