തൃണമൂലിനെ വെല്ലുവിളിച്ച് ഹുമയൂൺ കബീർ; നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കി മത്സരിക്കുമെന്ന് വെല്ലുവിളി

ഇന്ത്യൻ സെക്കുലർ ഫ്രണ്ട്, അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം എന്നിവരുമായി സഖ്യമുണ്ടാക്കാൻ ആ​ഗ്രഹമുണ്ടെന്നാണ് ഹുമയൂൺ കബീർ പ്രതികരിച്ചത്

തൃണമൂലിനെ വെല്ലുവിളിച്ച് ഹുമയൂൺ കബീർ; നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കി മത്സരിക്കുമെന്ന് വെല്ലുവിളി
dot image

കൊൽക്കത്ത: 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മമത ബാനർജിക്ക് വെല്ലുവിളി ഉയർത്താൻ തൃണമൂൽ കോൺ​ഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട ഹുമയൂൺ കബീർ എംഎൽഎ. ഹുമയൂൺ കബീർ പുതിയതായി രൂപീകരിച്ച ജനത ഉന്നായൻ പാർട്ടി പശ്ചിമ ബം​ഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ 182 സീറ്റുകളിൽ മത്സരിക്കുമെന്നാണ് ഹുമയൂൺ കബീർ വ്യക്തമാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ സഖ്യ സാധ്യകൾ രൂപീകരിക്കാനുള്ള ആ​ഗ്രഹവും ഹുമയൂൺ കബീർ പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ സെക്കുലർ ഫ്രണ്ട്, അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം എന്നിവരുമായി സഖ്യമുണ്ടാക്കാൻ ആ​ഗ്രഹമുണ്ടെന്നാണ് ഹുമയൂൺ കബീർ പ്രതികരിച്ചത്. എന്നാൽ ഹുമയൂൺ കബീറിൻ്റെ ആ​ഗ്രഹത്തോട് ഇന്ത്യൻ സെക്കുലർ ഫ്രണ്ട് പ്രതികരിച്ചിട്ടില്ല.

സംസ്ഥാനത്ത് ആകെയുള്ള 294 നിയമസഭാ സീറ്റുകളിൽ 90 എണ്ണത്തിലെങ്കിലും വിജയിക്കുകയും സ‍ർക്കാർ രൂപീകരണത്തിൽ നിർണ്ണായക പങ്കുവഹിക്കുകയുമാണ് ലക്ഷ്യമെന്നും ഭരത്പൂരിൽ നിന്നുള്ള എംഎൽഎയായ ഹുമയൂൺ കബീർ വ്യക്തമാക്കിയിരുന്നു. ബിജെപിയെ തടയുക എന്നത് ഞങ്ങളുടെ ലക്ഷ്യമാണ്. മമത ബാനർജിയെപ്പോലെ എന്നെ രാജ്യദ്രോഹിയെന്ന് വിളിക്കുന്നവർ ഓരോ ഘട്ടത്തിലും മുസ്‌ലിം സമൂഹത്തെ വഞ്ചിച്ചവരാണ്. വഖഫ് (ആക്ട്) സംബന്ധിച്ച് അവർ സമൂഹത്തെ വഞ്ചിച്ചു. അത് ഒറ്റയ്ക്ക് കൈകാര്യം ചെയ്യുമെന്ന് അവർ പറഞ്ഞു, പക്ഷേ വാസ്തവത്തിൽ അവർ ജനങ്ങളെ വഞ്ചിച്ചു എന്നും ഹുമയൂൺ കബീർ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എല്ലാ ദിവസവും മൂന്ന് നിയമസഭാ മണ്ഡലങ്ങൾ വീതം സന്ദർശിക്കുമെന്ന് ഹുമയൂൺ പറഞ്ഞു.

ആർക്കും പാർട്ടി രൂപീകരിക്കാമെന്നായിരുന്നു കബീറിന്റെ പ്രസ്താവനയോടുള്ള തൃണമൂൽ കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ പ്രതികരണം. ആർക്കും പാർട്ടി രൂപീകരിക്കാം. എന്താണ് പ്രശ്നം? ഒരാൾക്ക് വേണമെന്ന് തോന്നിയാൽ അവർക്ക് കഴിയും. പക്ഷെ ആളുകൾ തിരഞ്ഞെടുക്കണം. ആളുകൾ മനസ്സിലാക്കാൻ കഴിയുന്നവരാണ്. അവർ മിടുക്കരാണ്. 2019ൽ കബീർ ബാബറി മസ്ജിദ് തകർത്ത പാർട്ടിയായ ബിജെപിയിൽ ചേർന്നു. അന്ന് നിങ്ങൾക്ക് ഒരു മസ്ജിദ് സ്ഥാപിക്കാൻ ആഗ്രഹമില്ലായിരുന്നു. നിങ്ങൾക്ക് ഒരു മന്ദിരമോ പള്ളിയോ നിർമ്മിക്കണമെങ്കിൽ ദയവായി അത് നിർമ്മിക്കുക. പക്ഷേ ഈ വിഷയം രാഷ്ട്രീയവൽക്കരിക്കരുത് എന്നായിരുന്നു അഭിഷേക് ബാനർജിയുടെ പ്രതികരണം.

നേരത്തെ മുർഷിദാബാദിൽ ബാബറി മസ്ജിദിൻ്റെ മാതൃകയിൽ മുസ്‌ലിം പള്ളി നിർമ്മിക്കണമെന്ന ആവശ്യത്തെ തുടർന്നായിരുന്നു ഹുമയൂൺ കബീറിനെ തൃണമൂൽ കോൺഗ്രസ് സസ്പെൻഡ് ചെയ്തത്.

Content Highlights: Suspended TMC MLA Humayun Kabir Launches Jan Unnayan Party Seeks Alliance With AIMIM

dot image
To advertise here,contact us
dot image