

ജയ്പൂര്‍: കഴിഞ്ഞ ഏഴ് വര്‍ഷങ്ങള്‍ക്കിടെ രാജസ്ഥാനില്‍ മാത്രം രജിസ്റ്റര്‍ ചെയ്ത അനധികൃത ഖനനത്തിന്റെ കേസുകള്‍ ഞെട്ടിക്കുന്നതാണ്. ഖനനം, അതുമായി ബന്ധപ്പെട്ട ഗതാഗതം, സംരക്ഷണം തുടങ്ങിയ കേസുകളില്‍ 7,173 എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 4,181ഉം ആരവല്ലി ഉൾപ്പെടുന്ന ജില്ലകളിൽ നിന്നുള്ളതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സംസ്ഥാനത്ത് ആകെ രജിസ്റ്റര്‍ ചെയ്ത അനധികൃത ഖനനത്തിന്റെ കേസുകളുടെ എണ്ണം 71,322 ആണ്. ഇതില്‍ വലിയ ഖനികളും, വളരെ ചെറിയ രീതിയില്‍ ഖനനം നടത്തുന്ന സ്ഥലങ്ങളും ഉള്‍പ്പെടുന്നു. പല കേസുകളും ചെലാനോ, പെറ്റിയോ അടച്ച് ഒതുക്കി തീര്‍ക്കാന്‍ പാകത്തിന് മാത്രം വകുപ്പുകള്‍ ചുമത്തിയവയാണ്. സംസ്ഥാനത്ത് രേഖപ്പെടുത്തിയതില്‍ 40,175ലധികം കേസുകളും ആരവല്ലി ഉൾപ്പെടുന്ന ജില്ലകളിൽ നിന്നുള്ളതായിരുന്നു. രാജസ്ഥാനിലെ 20 ജില്ലകളിലായി വ്യാപിച്ച് കിടക്കുകയാണ് ആരവല്ലി ബെൽറ്റുകൾ.
'ആരവല്ലിയിലെ ഒരു കല്ലിന് പോലും കേടുപാടുകള്‍ ഉണ്ടാകരുത് എന്നതാണ് രാജസ്ഥാന്‍ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഉദ്ദേശം. കഴിഞ്ഞ രണ്ട് വര്‍ഷമായി അനധികൃത ഖനനത്തിനും അതിന്റെ മാഫിയകള്‍ക്കുമെതിരെ ബിജെപി കര്‍ശന നടപടികള്‍ സ്വീകരിച്ചിരുന്നു' ബിജെപി വക്താവും എംഎല്‍എയുമായ രാംലാല്‍ ശര്‍മ പറഞ്ഞു. അഞ്ച് വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തെയും രണ്ട് വര്‍ഷത്തെ ബിജെപി ഭരണത്തെയും താരതമ്യം ചെയ്തായിരുന്നു രാം ലാല്‍ ശര്‍മയുടെ പ്രസ്താവന.
2018 ഡിസംബര്‍ 15നും 2023 ഡിസംബര്‍ 14നുമിടയില്‍ ആരവല്ലിയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 29,209 അനധികൃത ഖനന കേസുകളാണെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് രാംലാല്‍ ശര്‍മ പറഞ്ഞു. അതേസമയം, 2023 ഡിസംബര്‍ 15 മുതല്‍ 2025 ഡിസംബര്‍ 15 വരെ 10,966 കേസുകളാണ് അനധികൃത ഖനനത്തിന്‍റെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2024ല്‍ ഖനന മാഫിയ ഉദ്യോഗസ്ഥര്‍ക്കും തൊഴിലാളികള്‍ക്കും നേരെ 93 ആക്രമണങ്ങളാണ് അഴിച്ചുവിട്ടതെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ പറഞ്ഞു. ഏഴ് വര്‍ഷത്തിനിടെ സംസ്ഥാനത്ത് പല കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അവയില്‍ പലതും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പകരം ചെലാന്‍ മാത്രം ചുമത്തുകയായിരുന്നുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ആരവല്ലി മലനിരകളില്‍ പുതിയ ഖനനത്തിന് ലൈസന്‍സ് നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ആരവല്ലി കടന്നുപോകുന്ന രാജ്യത്തെ നാല് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരുന്നു. ആരവല്ലി സംരക്ഷിത മേഖല വിപുലീകരിക്കാനും തീരുമാനമായിട്ടുണ്ട്. പുതിയ ക്വാറികള്‍ക്കോ മറ്റ് ഖനന പ്രവര്‍ത്തനങ്ങള്‍ക്കോ ആയി ഇനി അനുമതി ലഭിക്കില്ല. എന്നാല്‍ നിലവിലുള്ളവ പ്രവര്‍ത്തിക്കുന്നതിന് തടസമില്ല.
Content Highlight; Over 7,000 FIRs Registered for Illegal Mining in Rajasthan Over 7 Years; 4,000+ in Aravalli Districts Alone