

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് പിന്നാലെ അലങ്കാരത്തിനായി സജ്ജീകരിച്ച ചെടികള്‍ മോഷ്ടിച്ച് ജനം. ഉത്തർപ്രദേശിലെ ലഖ്നൗ നഗരത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും മറ്റും വലിയ തോതില്‍ ചർച്ചയാകുന്നത്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ 101-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ‘രാഷ്ട്ര പ്രേരണാ സ്ഥൽ’ ഉദ്ഘാടനം ചെയ്യാനായി കഴിഞ്ഞ ദിവസമായിരുന്നു പ്രധാനമന്ത്രി ലഖ്നൗല്‍ എത്തിയത്.
ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് വലിയ തോതിലുള്ള സൗന്ദര്യവത്കരണം പ്രദേശത്ത് അധികൃതർ ഒരുക്കിയിരുന്നു. എന്നാല്‍ പരിപാടി അവസാനിച്ചയുടനെ, വേദിക്ക് ചുറ്റുംവെച്ചിരുന്ന ആയിരക്കണക്കിന് പൂച്ചട്ടികളും പുഷ്പങ്ങളും ആളുകൾ എടുത്തു കൊണ്ടുപോകുന്നതാണ് പുറത്ത് വന്ന ദൃശ്യങ്ങളിലുള്ളത്. ഏകദേശം 4000ത്തിലധികം ചെടിച്ചട്ടികള്‍ മോഷണം പോയെന്നാണ് ലഖ്‌നൗ വികസന അതോറിറ്റിയുടെ കണക്ക്.
ചിലർ കയ്യില്‍ എടുക്കാവുന്ന ചെടിച്ചട്ടികള്‍ എടുത്തുകൊണ്ട് പോയപ്പോള്‍ മറ്റുചിലർ ഇരുചക്ര വാഹനങ്ങളിലും കാറുകളിലുമൊക്കെയായി ചെടിച്ചട്ടികള്‍ കടത്തിക്കൊണ്ട് പോകുകയായിരുന്നു. പട്ടാപ്പകലിലെ ഈ മോഷണം ചോദ്യം ചെയ്ത് ചില എത്തുന്നതും വീഡിയോകളില്‍ കാണാന്‍ സാധിക്കും.
രാഷ്ട്ര പ്രേരണാ സ്ഥൽ
ലഖ്നൗ ഡെവലപ്മെന്റ് അതോറിറ്റി 230 കോടി രൂപ ചെലവഴിച്ച് നിർമിച്ച രാഷ്ട്ര പ്രേരണാ സ്ഥൽ ഗോമതി നദീതീരത്ത് ബസന്ത് കുഞ്ജ് യോജന പ്രദേശത്തെ ദുബാഗ്ഗയിലാണ് സ്ഥിതി ചെയ്യുന്നത്. 65 ഏക്കർ വിസ്തൃതിയുള്ള ഈ സ്ഥലം മുമ്പ് മാലിന്യക്കൂമ്പാരമായിരുന്നു. ഏകദേശം 6.5 ലക്ഷം മെട്രിക് ടൺ മാലിന്യം നീക്കം ചെയ്ത ശേഷമാണ് സ്മാരകം പണിതത്.
മിയാവാകി രീതിയിൽ 50,000-ത്തിലധികം മരങ്ങൾ നട്ടുപിടിപ്പിച്ച് ഹരിതാഭമായ പൊതുഇടമാക്കിയും പ്രദേശത്തെ മാറ്റി. സമുച്ചയത്തിന്റെ ഭാഗമായി ബിജെപി-ആർഎസ്എസ് നേതാക്കളായ ശ്യാമപ്രസാദ് മുഖർജി, ദീനദയാൽ ഉപാധ്യായ, അടൽ ബിഹാരി വാജ്‌പേയി എന്നിവരുടെ 65 അടി ഉയരമുള്ള വെങ്കല പ്രതിമകളുണ്ട്.
6300 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള മ്യൂസിയത്തിൽ ഈ നേതാക്കളുടെ ജീവിതം, സമരങ്ങൾ, തത്ത്വശാസ്ത്രങ്ങൾ എന്നിവ ഡിജിറ്റൽ, ഇമ്മേഴ്‌സിവ് പ്രദർശനങ്ങളിലൂടെ അറിയാന്‍ സാധിക്കും. വാജ്‌പേയിയുടെ പ്രധാനമന്ത്രിത്വ കാലത്തെ പൊഖ്‌റാൻ ആണവപരീക്ഷണം, സാർവത്രിക വിദ്യാഭ്യാസം 1975ലെ അടിയന്തരാവസ്ഥ, തുടങ്ങിയവയും പ്രദർശനത്തിന്‍റെ ഭാഗമാണ്.