ഈ ആഴ്ചയിലും റെക്കോർഡ് ഉയരത്തിൽ യുഎഇയിലെ സ്വർണവില; പുതുവർഷത്തിലും വില ഉയരുമോ?, സൂചനകൾ ഇങ്ങനെ!

ക്രിസ്മസ് ദിനത്തിൽ അൽപ്പം കുറഞ്ഞ വില ഇന്നും കുതിച്ചുയർന്നു

ഈ ആഴ്ചയിലും റെക്കോർഡ് ഉയരത്തിൽ യുഎഇയിലെ സ്വർണവില; പുതുവർഷത്തിലും വില ഉയരുമോ?, സൂചനകൾ ഇങ്ങനെ!
dot image

യുഎഇയിൽ സ്വർണവില ഈ ആഴ്ച നാലാം തവണയും റെക്കോർഡ് ഉയരത്തിലെത്തി. ഇന്ന് രാവിലെ 24 കാരറ്റ് സ്വർണം ഗ്രാമിന് 543.25 ദിർഹം ആയിരുന്നു വില. ക്രിസ്മസ് ദിനത്തിൽ വില നേരിയതോതിൽ കുറഞ്ഞ് 539.75 ദിർഹത്തിൽ എത്തിയിരുന്നു. എന്നാൽ ഇന്ന് രാവിലെ ഏകദേശം നാല് ദിർഹത്തിന്റെയോളം വർദ്ധനവ് 24കാരറ്റ് സ്വർണവിലയിൽ രേഖപ്പെടുത്തി. വൈകുന്നേരമായപ്പോൾ വീണ്ടും ആറ് ദിർഹത്തിന്റെയോളം വർദ്ധനവുണ്ടായി. 545.11 ദിർഹമാണ് ഇന്ന് വൈകുന്നേരം 24 കാരറ്റ് സ്വർണം ​ഗ്രാമിന്റെ വില.

22 കാരറ്റ് സ്വർണ്ണത്തിന് 499.68 ദിർഹം, 21 കാരറ്റിന് 476.97 ദിർഹം, 18 കാരറ്റിന് 408.83 ദിർഹം എന്നിങ്ങനെയാണ് നിലവിലെ നിരക്കുകൾ. കഴിഞ്ഞ ഒരു മാസത്തിനിടെ സ്വർണ വിലയിൽ ഏഴ് ശതമാനത്തിലധികം വർധനവാണ് ഉണ്ടായത്. 1979-ന് ശേഷമുള്ള സ്വർണത്തിന്റെ ഏറ്റവും മികച്ച വാർഷിക വിലയാണ് ഇതെന്നാണ് വിദ​ഗ്ധർ പറയുന്നത്.

സമാനമായി 2026ന്റെ തുടക്കത്തിലും സ്വർണവില ഉയർന്നുതന്നെ നിൽക്കുമെന്നാണ് വിലയിരുത്തൽ. ഡോളറിന്റെ മൂല്യമിടിയുന്നത്, ആഗോള രാഷ്ട്രീയ അസ്ഥിരതകൾ തുടങ്ങിയവ സ്വർണവില ഉയരുന്നതിന് കാരണമായേക്കും. സാഹചര്യങ്ങൾ സാധാരണ നിലയിലാവുകയും ഡോളർ കരുത്താർജ്ജിക്കുകയും യുദ്ധങ്ങൾ അവസാനിക്കുകയും ചെയ്താൽ വിലയിൽ മാറ്റം വന്നേക്കാം. എങ്കിലും നിലവിലെ സാഹചര്യങ്ങൾ വിരൽ ചൂണ്ടുന്നത് വില ഇനിയും ഉയരാനുള്ള സാധ്യതകളിലേക്കാണ്.

അതിനിടെ സ്വർണവിലയിലെ ഈ മുന്നേറ്റം ചില ആശങ്കകൾക്കും കാരണമാകുന്നുണ്ട്. ആഗോള രാഷ്ട്രീയ സംഘർഷങ്ങൾ, വ്യാപാര തർക്കങ്ങൾ, രാജ്യങ്ങളുടെ കടബാധ്യതകൾ, ഡോളറിന്റെ ആധിപത്യത്തെക്കുറിച്ചുള്ള ആശങ്കകൾ എന്നിവ നിക്ഷേപകരെയും സെൻട്രൽ ബാങ്കുകളെയും ഒരുപോലെ അലട്ടുന്നുണ്ട്. സുരക്ഷിതമായ നിക്ഷേപം എന്ന നിലയിലാണ് ലോകം ഇപ്പോൾ സ്വർണത്തെ കാണുന്നത്. ഓഹരി വിപണികൾ ലാഭത്തിലാണെങ്കിലും വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധികളെ ഭയന്ന് സ്വർണം വാങ്ങിവെയ്ക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. ഇതോടെ സ്വർണത്തിന്റെ വിലയും മുന്നേറുന്നുണ്ട്.

Content Highlights: UAE gold prices surge four times in one week

dot image
To advertise here,contact us
dot image