

വിജയ് ഹസാരെ ട്രോഫിയിൽ ഇന്നലെ സെഞ്ച്വറിപ്പൂരമായിരുന്നു. 21 സെഞ്ച്വറികളും ഒരു ഡബിൾ സെഞ്ച്വറിയുമാണ് ഇന്നലെ മാത്രം പിറന്നത്. സെഞ്ചൂറിയന്മാരുടെ കൂട്ടത്തിൽ ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്ലിയുമൊക്കെ ഉണ്ടായിരുന്നു.
സിക്കിമിനെതിരെ രോഹിത് മുംബൈക്കായി 94 പന്തിൽ 155 റൺസടിച്ചപ്പോൾ ആന്ധ്രക്കെതിരെ കോഹ്ലി ഡൽഹിക്കായി 101 പന്തിൽ 131 റൺസാണ് അടിച്ചെടുത്തത്. നേരത്തേ കോഹ്ലിയോടും രോഹിതിനോടും വിജയ് ഹസാരെ കളിക്കാൻ ബി.സി.സി.ഐ ആവശ്യപ്പെട്ടെന്ന വാർത്ത ക്രിക്കറ്റ് സർക്കിളുകളിൽ വലിയ ചർച്ചയായിരുന്നു.
ജയ്പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ തടിച്ച് കൂടിയ ആയിരക്കണക്കിന് ആരാധകർ രോഹിതിന്റെ സെഞ്ച്വറിയെ ഹർഷാരവങ്ങളോടെയാണ് വരവേറ്റത്. ഗാലറിയിൽ ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറിനെതിരെ ചാന്റുകളും മുഴങ്ങി. 'ഗൗതം ഗംഭീർ നിങ്ങൾ എവിടെയാണ്. നിങ്ങളിത് കാണുന്നുണ്ടല്ലോ അല്ലെ'- എന്നാണ് ആരാധകർ ചോദിച്ചത്. എൻ.ഡി.ടി.വി അടക്കം ദേശീയ മാധ്യമങ്ങളൊക്കെ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അതേ സമയം സെഞ്ച്വറിക്ക് പിന്നാലെ വിരാട് കോഹ്ലി ലിസ്റ്റ് എ ക്രിക്കറ്റില്‍ വലിയൊരു നാഴികക്കല്ല് പിന്നിട്ടു. സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം ലിസ്റ്റ് എ ക്രിക്കറ്റിൽ 16,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമായി വിരാട് കോഹ്‌ലി. 57 സെഞ്ച്വറികളും 84 അർദ്ധ സെഞ്ച്വറികളും ലിസ്റ്റ് എയില്‍ കോഹ്ലിയുടെ പേരിലുണ്ട്.