മുഖ്യ വിവരാവകാശ കമ്മീഷണർ നിയമനം: മോദി മുന്നോട്ടുവെച്ച പേരുകൾ തള്ളി രാഹുൽ ഗാന്ധി, വിയോജനക്കുറിപ്പ് നൽകി

ആഭ്യന്തരമന്ത്രി അമിത് ഷാ സന്നിഹിതനായ യോഗത്തിൽ മോദിക്ക് രാഹുൽ ഗാന്ധി വിയോജനക്കുറിപ്പ് നൽകി

മുഖ്യ വിവരാവകാശ കമ്മീഷണർ നിയമനം: മോദി മുന്നോട്ടുവെച്ച പേരുകൾ തള്ളി രാഹുൽ ഗാന്ധി, വിയോജനക്കുറിപ്പ് നൽകി
dot image

ന്യൂഡൽഹി: മുഖ്യ വിവരാവകാശ കമ്മീഷണറുടെ നിയമനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ച പേരുകളിൽ എതിർപ്പ് അറിയിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആഭ്യന്തരമന്ത്രി അമിത് ഷാ സന്നിഹിതനായ യോഗത്തിൽ മോദിക്ക് രാഹുൽ ഗാന്ധി വിയോജനക്കുറിപ്പ് നൽകി. കേന്ദ്രം മുന്നോട്ടുവെച്ച ഒരു പേരു പോലും രാഹുൽ ഗാന്ധി പിന്തുണച്ചില്ല. ഒന്നര മണിക്കൂറോളമാണ് യോഗം നീണ്ടത്.

മുഖ്യ വിവരാവകാശ കമ്മീഷണറെയും വിവരാവകാശ കമ്മീഷണർമാരെയും തെരഞ്ഞെടുക്കുന്ന കമ്മിറ്റിയുടെ അധ്യക്ഷൻ പ്രധാനമന്ത്രിയാണ്. പ്രതിപക്ഷ നേതാവും പ്രധാനമന്ത്രി നാമനിർദേശം ചെയ്യുന്ന ഒരു കേന്ദ്ര മന്ത്രിയുമായിരിക്കും പാനലിലെ മറ്റ് അംഗങ്ങൾ. മുഖ്യ വിവരാവകാശ കമ്മീഷണർ, വിവരാവകാശ കമ്മീഷണർമാർ എന്നീ പദവികളിലേക്ക് ആളുകളെ കണ്ടെത്തുന്നതിനായിരുന്നു ഇന്നത്തെ യോഗം ചേർന്നത്. കേന്ദ്ര വിവരാവകാശ കമ്മീഷനിൽ മുപ്പതിനായിരത്തിലധികം കേസുകൾ കെട്ടിക്കിടക്കുന്ന പശ്ചാത്തലത്തിലാണ് അടിയന്തരമായി ഒഴിവുകൾ നികത്താനുള്ള ശ്രമം .

ഹീരാലാൽ സാമരിയ വിരമിച്ചതിന് പിന്നാലെ സെപ്തംബർ 13 മുതൽ മുഖ്യ വിവരാവകാശ കമ്മീഷണർ പദവി ഒഴിഞ്ഞുകിടക്കുകയാണ്. പത്തുപേർ ഉണ്ടാകേണ്ട വിവരാവകാശ കമ്മീഷണർമാരിൽ നിലവിൽ രണ്ടുപേർ മാത്രമാണ് ഉള്ളത്. ബാക്കി എട്ടും 2023 നവംബർ മുതൽ ഒഴിഞ്ഞുകിടക്കുകയാണ്. ഈ ഒഴിവുകൾ കേന്ദ്ര വിവരാവകാശ കമ്മീഷന്റെ പ്രവർത്തനങ്ങളെ താളം തെറ്റിച്ചെന്ന് റിപ്പോർട്ടുകളുണ്ട്. നിരവധി വിവരാവകാശ അപേക്ഷകളിലും പരാതികളിലും നടപടികൾ വെട്ടിക്കുറച്ചതായാണ് വിവരം.

Content Highlights: CIC appointment; rahul gandhi submits dissent note to modi

dot image
To advertise here,contact us
dot image