

ന്യൂ ഡൽഹി: ഇൻഡിഗോ വിമാനയാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടികളിലേക്ക് കടക്കാൻ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. 24 മണിക്കൂറിനകം മറുപടി നൽകണമെന്നാവശ്യപ്പെട്ട് ഇൻഡിഗോയ്ക്ക് നോട്ടീസ് നൽകി. കമ്പനി സിഇഒയ്ക്ക് ഗുരുതര വീഴ്ച്ചയുണ്ടായി എന്നാണ് നിലവിലെ കണ്ടെത്തൽ.
വിമാനയാത്രാ പ്രതിസന്ധിയിൽ ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സിനെ പുറത്താക്കണമെന്ന് വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടതിന് മണിക്കൂറുകൾക്ക് ശേഷമാണ് നോട്ടീസ് നൽകുന്നത്. എയർലൈനിനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും വ്യോമയാന മന്ത്രാലയം ഇൻഡിഗോയുടെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.
ഇൻഡിഗോയ്ക്ക് സർവീസ് നടത്താൻ അനുവാദമുള്ള വിമാനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥർ ആലോചിക്കുന്നുണ്ടെന്നും വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ എയർലൈനിനെതിരെ ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികളിൽ വെച്ച് ഏറ്റവും വലിയ നടപടിയാണിതെന്നും വൃത്തങ്ങൾ പറഞ്ഞു. ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ വൈകുകയും റദ്ദാക്കുകയും ചെയ്തതിന് പിന്നാലെ രാജ്യവ്യാപകമായി വിമാന സര്‍വീസുകള്‍ പ്രതിസന്ധിയിലായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു നടപടി.
പ്രതിസന്ധിയിൽ കേന്ദ്രസർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവാണ് അന്വേഷണം നടക്കുമെന്ന് അറിയിച്ചത്. ഇൻഡിഗോയിൽ എന്താണ് സംഭവിച്ചത് എന്നറിയണമെന്നും ഭാവിയിൽ ഇത്തരത്തിൽ ഉണ്ടാകാതെയിരിക്കാൻ നടപടികൾ നിർദേശിക്കുമെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ ഡിജിസിഎയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ജോയിൻ്റ് ഡയറക്ടർ ജനറൽ സഞ്ജയ് കെ ബ്രംഹനെ, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അമിത് ഗുപ്ത, സീനിയർ ഫ്‌ളൈറ്റ് ഓപ്പറേഷൻസ് ഇൻസ്‌പെക്ടർ ക്യാപ്റ്റൻ കപിൽ മാങ്ലിക്, ഫ്‌ളൈറ്റ് ഓപ്പറേഷൻസ് ഇൻസ്‌പെക്ടർ ലോകേഷ് രാംപാൽ എന്നിവരടങ്ങിയ നാലംഗ സമിതിയാണ് അന്വേഷണം നടത്തുക.
പൈലറ്റുമാരുടെ വിശ്രമസമയം സംബന്ധിച്ച വ്യവസ്ഥ മൂലം വലിയ പ്രതിസന്ധിയാണ് ഇൻഡിഗോ കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ടത്. നിരവധി വിമാനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ റദ്ദാക്കപ്പെട്ടത്. ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളെയാണ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചത്. നിരവധി യാത്രക്കാർ എയർപോർട്ടിൽ കുടുങ്ങുകയും പരസ്യപ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
Content Highlights: dgca notice to indigo on flight disruptions