

മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ കളങ്കാവല്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ വിനായകനെ പഠിപ്പിച്ച ടീച്ചറും മമ്മൂട്ടിയുടെ സഹപാഠിയുമായ ഒരു ടീച്ചർ സിനിമ കണ്ട് പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിനായകനിൽ അഭിമാനം തോന്നിയെന്നും വിനായകൻ മിടുക്കനാണെന്നും ടീച്ചർ പറഞ്ഞു. മമ്മൂട്ടി തങ്ങളുടെ കൂടെ മഹാരാജസ് കോളേജിൽ ഉണ്ടായിരുന്ന ആളാണെന്നും പറഞ്ഞു.
'മമ്മൂട്ടിയുടെ കാണാത്ത ഒരു മുഖം. വിനായകൻ എന്റെ സ്റ്റുഡന്റ് ആണ്. എനിക്ക് കരച്ചിൽ വന്നു പോയി സിനിമ കണ്ട് കഴിഞ്ഞപ്പോൾ. ഇത്രയും മിടുക്കൻ ആണല്ലോ എന്ന് കരുതി. ധാർലൂം ഹയർ സെക്കന്ററിയിലാണ് വിനായകൻ പഠിച്ചത്. എന്റെ ക്ലാസ്സിലാണ് പഠിച്ചത്, വളരെ അഭിമാനം തോന്നി എനിക്ക് സിനിമ കണ്ടപ്പോൾ. മമ്മൂട്ടി ഞങ്ങളുടെ കൂടെ മഹാരാജസ് കോളേജിൽ ഉണ്ടായിരുന്ന ആളാണ്. രണ്ട് പ്രത്യേയ്കത ഉള്ളത് കൊണ്ടാണ് എല്ലാ ജോലിയും വിട്ട് രാവിലെ തന്നെ സിനിമ കാണാൻ എത്തിയത്. അവന് നല്ലത് വരട്ടെ,' ടീച്ചർ പറഞ്ഞു.
ആദ്യ ദിനം 14 കോടിയ്ക്ക് മുകളിലാണ് ചിത്രം ആഗോളതലത്തില്‍ നേടിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും ചിത്രം 5.85 കോടി നേടിയപ്പോള്‍ ഓവര്‍സീസില്‍ നിന്നും 7.65 കോടിയാണ് സ്വന്തമാക്കിയത്. കേരളത്തില്‍ നിന്നും ചിത്രം 4.92 കോടിയാണ് നേടിയത്. 2025ല്‍ കേരളത്തില്‍ ഏറ്റവും മികച്ച ഓപ്പണിംഗ് നേടിയ ചിത്രങ്ങളിൽ അഞ്ചാം സ്ഥാനത്താണ് കളങ്കാവല്‍.
മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം അതിക്രൂരനായ ഒരു കഥാപാത്രമായാണ് എത്തിയത്. വിനായകന്‍ അവതരിപ്പിച്ച പൊലീസ് വേഷമാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഇരുവരുടെയും പ്രകടനം വലിയ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്നതോടൊപ്പം സിനിമയിലെ മറ്റ് അഭിനേതാക്കളുടെ പെര്‍ഫോമന്‍സും മികച്ച അഭിപ്രായം നേടുന്നുണ്ട്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ഈ ചിത്രം വേഫറര്‍ ഫിലിംസ് ആണ് കേരളത്തില്‍ വിതരണം ചെയ്യുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച കളങ്കാവല്‍, മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവല്‍. എട്ട് മാസത്തെ ഇടവേളക്ക് ശേഷം തിയേറ്ററുകളില്‍ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയില്‍ വലിയ ആകാംക്ഷയോടെയും ആവേശത്തോടെയുമാണ് പ്രേക്ഷകരും മലയാള സിനിമാ ലോകവും കളങ്കാവലിനെ കാത്തിരുന്നത്. ആ പ്രതീക്ഷകള്‍ വെറുതെയായില്ല എന്ന് തെളിയിക്കുകയാണ് ചിത്രത്തിന് വരുന്ന പ്രതികരണങ്ങള്‍.
Content Highlights: Teacher praises Vinayakan after seeing Kalamkaval