'ലോക'യിലെ ഏറ്റവും മോശം ഘടകം ഞാനായിരിക്കുമെന്ന് ദുൽഖറിനോട് പറഞ്ഞു; കല്യാണി പ്രിയദർശൻ

'കഥാപാത്രത്തിൻ്റെ ഭാവരഹിതമായ നോട്ടം ഒരു ശോചനീയ പ്രകടനം ആയി തെറ്റിദ്ധരിക്കപ്പെടുമോ എന്നായിരുന്നു ഏറ്റവും കൂടുതൽ ഭയന്നത്'

'ലോക'യിലെ ഏറ്റവും മോശം ഘടകം ഞാനായിരിക്കുമെന്ന് ദുൽഖറിനോട് പറഞ്ഞു; കല്യാണി പ്രിയദർശൻ
dot image

മലയാള സിനിമയിൽ പുതിയ ചരിത്രം സൃഷ്ടിച്ച, ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ "ലോക - ചാപ്റ്റർ വൺ:ചന്ദ്ര" വമ്പൻ വിജയമാണ് തിയേറ്ററിൽ നിന്നും നേടിയത്. ആഗോള തലത്തിൽ നിന്നും 300 കോടിയാണ് സിനിമ അടിച്ചെടുത്തത്. സിനിമയിലെ കല്യാണിയുടെ പ്രകടനത്തിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിതാ സിനിമയിലെ ഏറ്റവും മോശം ഘടകം താനായിരിക്കുമെന്ന് ദുൽഖറിനോട് പറഞ്ഞിരുന്നുവെന്ന് പറയുകയാണ് നടി.

'ലോക എന്ന സിനിമയിലെ ഏറ്റവും മോശം ഘടകം താനായിരിക്കുമെന്ന് ദുൽഖർ സൽമാനോട് പറഞ്ഞിരുന്നു. ചന്ദ്ര എന്ന കഥാപാത്രത്തെ ഉൾക്കൊള്ളാൻ ആവശ്യമായ കഴിവ് എനിക്കില്ല, കാര്യങ്ങൾ ചെയ്യാൻ ഒരുപാട് സമയമെടുകുമെന്നും ഞാൻ ഉറച്ചുവിശ്വസിച്ചു. ചന്ദ്ര എന്ന കഥാപാത്രത്തെ ഭാവരഹിതയായാണ് സംവിധായകൻ ചിത്രീകരിച്ചത്. മുഖത്തെ ഭാവങ്ങൾ പോലും അദ്ദേഹം നിയന്ത്രിച്ചു. ഇത് വളരെ ബുദ്ധിമുട്ടിച്ചു. കാരണം താൻ എപ്പോഴും ഊർജസ്വലയായി നിൽക്കുന്ന വ്യക്തിയാണ്.

കഥാപാത്രത്തിൻ്റെ ഭാവരഹിതമായ നോട്ടം ഒരു പ്രധാന കഥാപാത്രത്തിൻ്റെ ശോചനീയ പ്രകടനം ആയി തെറ്റിദ്ധരിക്കപ്പെടുമോ എന്നായിരുന്നു ഏറ്റവും കൂടുതൽ ഭയന്നത്. ചന്ദ്രയെ ആളുകൾക്ക് മനസ്സിലാവില്ല എന്ന് ഞാൻ ഭയന്നു. എന്നിരുന്നാലും, ഈ സിനിമയിൽ നിന്ന് ഞാൻ പഠിച്ച ഏറ്റവും വലിയ പാഠം പ്രേക്ഷകരെക്കുറിച്ച് ഊഹിക്കാതിരിക്കുക എന്നതാണ്,' കല്യാണി പറഞ്ഞു. ‘ദ നോഡ്’ മാഗസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ഡൊമിനിക് അരുൺ ആണ്. മലയാളം ഇൻഡസ്ട്രി ഹിറ്റ്, ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഡബ്ബ് ചിത്രം, തെലുങ്കിൽ ഏറ്റവും ഉയർന്ന കളക്ഷൻ, ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മാർക്കറ്റ് ഷെയർ, ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ റെക്കോർഡ്, ഏറ്റവും കൂടുതൽ ആളുകൾ തിയേറ്ററിൽ എത്തിയ റെക്കോർഡ്, ആദ്യ 300 കോടി നേടിയ മലയാള ചിത്രം എന്നിങ്ങനെ നിരവധി റെക്കോർഡുകളാണ് ലോക നേടിയിരിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ തിയേറ്ററിൽ കണ്ട നാലാമത്തെ സിനിമയായി മാറിയിരിക്കുകയാണ് ലോക.

അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും തിളങ്ങിയിട്ടുണ്ട്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ്, സണ്ണി വെയ്ൻ എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷവും ശ്രദ്ധ നേടി. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചുകൊണ്ടുള്ള ടീസർ നേരത്തെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. സിനിമയ്ക്ക് ഒടിടിയിലും മികച്ച അഭിപ്രായമാണ് അഭിക്കുന്നത്.

Content Highlights: Kalyani says she lacked confidence in her character in the film 'Loka'

dot image
To advertise here,contact us
dot image