കൊടുംതണുപ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ചോരക്കുഞ്ഞ്: രാത്രി മുഴുവൻ സംരക്ഷണം തീര്‍ത്തത് തെരുവുനായ്ക്കൾ

കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ പരിക്കോ ഇല്ലെന്ന് ഡോക്ടർമാർ അറിയിച്ചു

കൊടുംതണുപ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ചോരക്കുഞ്ഞ്: രാത്രി മുഴുവൻ സംരക്ഷണം തീര്‍ത്തത് തെരുവുനായ്ക്കൾ
dot image

കൊല്‍ക്കത്ത: കൊടുംതണുപ്പില്‍ ആരോ ഉപേക്ഷിച്ചുപോയ ചോരക്കുഞ്ഞിന് സംരക്ഷണം തീര്‍ത്ത് തെരുവുനായ്ക്കള്‍. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലാണ് സംഭവം. റെയില്‍വേ തൊഴിലാളികളുടെ കോളനിയിലെ ബാത്ത്‌റൂമിന് പുറത്ത് തണുത്തുറഞ്ഞ നിലത്താണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ജനിച്ച് ഏതാനും മണിക്കൂറുകള്‍ മാത്രം പ്രായം. രക്തത്തിന്റെ പാടുകള്‍ പോലും കുഞ്ഞ് ശരീരത്തിലുണ്ടായിരുന്നു. ഒരു കുറിപ്പോ, കുഞ്ഞിന് പുതയ്ക്കാന്‍ ഒരു പുതപ്പോ പോലും സമീപത്ത് ഉണ്ടായിരുന്നില്ല.

അന്ന് രാത്രി മുഴുവന്‍ കുഞ്ഞിനെ സംരക്ഷിച്ചത് തെരുവുനായ്ക്കളാണ്. അവ കുരച്ചില്ല, കുഞ്ഞിനെ തൊട്ടില്ല. അതിന് സംരക്ഷണവലയം തീര്‍ത്തുക മാത്രം ചെയ്തു. രാത്രിയില്‍ ആരും കുഞ്ഞിന് അരികിലേക്ക് വരാന്‍ നായ്ക്കള്‍ അനുവദിച്ചില്ലെന്നും പകല്‍ വെളിച്ചം വരുന്നത് വരെ നായ്ക്കള്‍ കുഞ്ഞിന് ചുറ്റും നിലകൊണ്ടുവെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് രാവിലെ പ്രദേശവാസികള്‍ എത്തിയപ്പോള്‍ കണ്ട കാഴ്ച്ച തെരുവുനായ്ക്കള്‍ കാവല്‍ക്കാരായ് കുഞ്ഞിന് ചുറ്റും നില്‍ക്കുന്നതാണ്.

ഉടന്‍ തന്നെ സമീപവാസിയായ സ്ത്രീയെത്തി കുഞ്ഞിനെ എടുത്തു. പ്രദേശവാസികള്‍ ചേര്‍ന്ന് മഹേഷ്ഗഞ്ച് ആശുപത്രിയിലേക്കും തുടര്‍ന്ന് കൃഷ്ണനഗര്‍ സദര്‍ ആശുപത്രിയിലേക്കും കൊണ്ടുപോയി. കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ പരിക്കോ ഇല്ലെന്നും ശരീരത്തിലുണ്ടായിരുന്ന ചോരക്കറ ജനിച്ചയുടന്‍ ഉപേക്ഷിച്ചത് മൂലമുണ്ടായതാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പ്രദേശത്ത് തന്നെയുളള ആരെങ്കിലും കുഞ്ഞിനെ ഉപേക്ഷിച്ചതാകാം എന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ നബദ്വീപ് പൊലീസും ശിശുക്ഷേമ സമിതിയും അന്വേഷണം ആരംഭിച്ചു.

Content Highlights: Abandoned baby in freezing cold: Stray dogs protect baby all night

dot image
To advertise here,contact us
dot image