

ന്യൂഡൽഹി: ആർഎസ്എസ് മന്ദിരത്തിന്റെ പാർക്കിങ്ങിനായി ഡൽഹിയിലെ ജണ്ഡേവാലയിൽ വർഷങ്ങൾ പഴക്കമുള്ള ഹിന്ദുക്ഷേത്രം പൊളിച്ചുമാറ്റിയതായി റിപ്പോർട്ട്. ബിജെപി സർക്കാർ ഭരിക്കുന്ന ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ ജണ്ഡേവാലയിൽ 1400 വർഷം പഴക്കമുള്ള ക്ഷേത്രം പൊളിച്ചുമാറ്റിയെന്ന് എബിപി ന്യൂസാണ് റിപ്പോർട്ട് ചെയ്തത്.
ക്ഷേത്രം പൊളിച്ചുമാറ്റിയെന്ന് ആരോപിച്ചുള്ള പ്രദേശവാസികളുടെ ചില വീഡിയോകളും ഇതിനോടകം പുറത്തുവന്നിരുന്നു. ഈ വീഡിയോ കോൺഗ്രസ് അവരുടെ ഔദ്യോഗിക പേജിലും പങ്കുവെച്ചിട്ടുണ്ട്.
ജണ്ഡേവാലയിലെ ആർഎസ്എസ് ആസ്ഥാന മന്ദിരത്തിന് സമീപത്തെ പ്രദേശങ്ങളാണ് കയ്യേറ്റ വിരുദ്ധ നടപടിയുടെ ഭാഗമായി പൊളിച്ചുനീക്കിയത്. ബുൾഡോസർ ഉപയോഗിച്ച് കെട്ടിടങ്ങളടക്കം ഇടിച്ച് നിരത്തുകയായിരുന്നു. എന്നാൽ 45 ദിവസം മുൻപ് തന്നെ വിഷയത്തിൽ നോട്ടീസ് നൽകിയിരുന്നുവെന്നും നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് നടപടിയെന്നും കോർപ്പറേഷൻ അധികൃതർ അറിയിച്ചു.
പ്രദേശത്തുനിന്ന് ഒഴിഞ്ഞു പോകണമെന്ന് നേരത്തെ തന്നെ നിർദേശിച്ചിരുന്നുവെന്നും ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാകും വിധമുള്ള കെട്ടിടങ്ങളാണ് ഇവിടെയുള്ളതെന്നും അതിനാലാണ് പൊളിച്ചുമാറ്റുന്നതെന്നും അധികൃതർ പറഞ്ഞു. സംഘർഷാവസ്ഥ കണക്കിലെടുത്ത് ഇവിടെ വൻ പൊലീസ് സന്നാഹം സജ്ജമാക്കിയിരുന്നതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ പ്രദേശത്തെ പൊളിച്ചുമാറ്റൽ തങ്ങളെ അറിയിച്ചിരുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം.
ഡൽഹി ഡെവലപ്‌മെന്റ് അതോറിറ്റിയും ഡൽഹി മുനിസിപ്പൽ കോർപ്പറേഷനും സംയുക്തമായാണ് പൊളിച്ചുനീക്കൽ നടത്തുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി എബിപി റിപ്പോർട്ട് ചെയ്തു.
Content Highlights: 1500 year old temple demolished for RSS parking at Delhi Jhandewalan; report