

ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിന്റെ അമരാവദി പ്രസംഗത്തിന്റെ വീഡിയോ സുപ്രീംകോടതിയില്‍ പരസ്യമായി പ്ലേ ചെയ്ത് അഭിഭാഷകന്‍ കപില്‍ സിബര്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭം സ്വാതന്ത്ര്യ സമരത്തില്‍ ഗാന്ധിജി അനുവര്‍ത്തിച്ച രീതിയിലാണ് നടത്തുകയെന്ന് ഉമര്‍ ഖാലിദ് തന്റെ പ്രസംഗത്തില്‍ പറയുന്നുണ്ട്. ഇതാണ് കപില്‍ സിബല്‍ കോടതിയെ കേള്‍പ്പിച്ചത്. ഗാന്ധി മാര്‍ഗത്തിലുള്ള സമരാഹ്വാനം നടത്തുന്നത് ഗൂഢാലോചനയാകില്ലെന്ന് കപില്‍ സിബല്‍ കോടതിയില്‍ വ്യക്തമാക്കി.
ഉമറിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതിയില്‍ വാദം നടന്നിരുന്നു. ഇതിനിടെയാണ് ഉമറിന്റെ അമരാവതി പ്രസംഗത്തിന്റെ വീഡിയോ കപില്‍ സിബല്‍ പ്ലേ ചെയ്തത്. ചില വിഷയങ്ങള്‍ ഉന്നയിച്ച് സമരം നടത്തുന്നതിന്റെ പേരില്‍, അത് ശരിയാണെങ്കിലും തെറ്റാണെങ്കിലും ഒരു വിദ്യാര്‍ത്ഥിയെ വര്‍ഷങ്ങളോളം തടവിലിടുന്നത് പൊതുജന താല്‍പര്യത്തിനുതകുന്നതല്ലെന്ന് കപില്‍ സിബല്‍ പറഞ്ഞു. നേരത്തേ ഉമറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍ ഡല്‍ഹി കലാപസമയത്ത് ഉമര്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ലെന്ന് കപില്‍ സിബല്‍ വാദിച്ചിരുന്നു. അക്രമപ്രവര്‍ത്തനങ്ങളെ ബന്ധിപ്പിക്കുന്ന സാക്ഷിമൊഴി ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍ വി അന്‍ജാരിയ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഉമര്‍ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത്.
ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ വിചാരണ പോലുമില്ലാതെ കഴിഞ്ഞ അഞ്ച് വര്‍ഷാമായി ഉമര്‍ ഖാലിദ് അടക്കമുള്ളവര്‍ ജയിലിലാണ്. സിഎഎ-എന്‍ആര്‍സി വിരുദ്ധ പ്രക്ഷേഭത്തിന്റെ പേരില്‍ ഡല്‍ഹി കലാപത്തിന് ഉമര്‍ അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയെന്നാണ് ഡല്‍ഹി പൊലീസിന്റെ വാദം.
Content Highlights- Kapil sibal played umar khalid speech in sc