

ന്യൂഡല്‍ഹി: ഡാറ്റ പുതുക്കലിൻ്റെ ഭാഗമായി രണ്ട് കോടി ആളുകളുടെ ആധാര്‍ നമ്പറുകള്‍ നീക്കം ചെയ്തതായി യുണീക് ഐഡന്റിഫിക്കേഷന്‍ ഓഫ് ഇന്ത്യ(യുഐഡിഎഐ) അറിയിച്ചു. രാജ്യത്താകെ മരിച്ച ആളുകളുടെ ആധാറാണ് നീക്കം ചെയ്തതെന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം ബുധനാഴ്ച്ച അറിയിച്ചു. ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ തടയുന്നതിനും ആധാര്‍ ദുരുപയോഗം ഇല്ലാതാക്കുന്നതിനുമാണ് പുതിയ നടപടിയെന്ന് യുഐഡിഎഐ വ്യക്തമാക്കി.
മരിച്ച വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ, സംസ്ഥാന സര്‍ക്കാരുകള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, ദേശീയ സാമൂഹിക സഹായ പദ്ധതികള്‍, പൊതുവിതരണ സംവിധാനങ്ങള്‍ എന്നിവയുടെ സഹായം തേടിയതായി യുഐഡിഎഐ അറിയിച്ചു. ഭാവിയില്‍ കൂടുതല്‍ വിവര ശേഖരണത്തിനായി ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് യുഐഡിഎഐയുടെ തീരുമാനം.
മരിച്ചവരുടെ വിവരങ്ങള്‍ ആധാറില്‍ നിന്നും നീക്കം ചെയ്യുന്നതിനായി മൈ ആധാര്‍ പോര്‍ട്ടല്‍ വഴി ബന്ധുക്കള്‍ക്കും സാധിക്കും. സിവില്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം ഉപയോഗിക്കുന്ന 25 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഈ സേവനം ലഭ്യമാണ്. ബാക്കി സംസ്ഥാനങ്ങളിലും മറ്റും ഉടന്‍ പോര്‍ട്ടല്‍ സജീവമാകുമെന്ന് യുഐഡിഎഐ അറിയിച്ചു.
ഒരാള്‍ മരിച്ചാല്‍ അയാളുടെ ആധാര്‍ നമ്പറും വിവരങ്ങളും ഉപയോഗിച്ച് തട്ടിപ്പുകള്‍ നടത്താതിരിക്കാന്‍ അവരുടെ ആധാര്‍ പ്രവര്‍ത്തനരഹിതമാക്കേണ്ടതുണ്ട്. അതിനാല്‍ മരിച്ചയാളുടെ ആധാര്‍ നമ്പര്‍ മറ്റാര്‍ക്കും നല്‍കില്ലെന്ന് യുഐഡിഎഐ വ്യക്തമാക്കി.
മരിച്ചയാളുടെ ആധാര്‍ റദ്ദാക്കുന്നതിനായി ആദ്യം ബന്ധു തന്റെ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തണം. പിന്നീട് ആധാര്‍ നമ്പര്‍, മരണം രജിസ്റ്റര്‍ ചെയ്ത നമ്പര്‍, വ്യക്തിഗത വിവരങ്ങള്‍ എന്നിവ നല്‍കി പോർട്ടലിൽ സബ്മിറ്റ് ചെയ്യുക. ബന്ധു നല്‍കിയ വിവരങ്ങള്‍ പൂര്‍ണമായും യുഐഡിഎഐ പരിശോധിച്ച ശേഷമായിരിക്കും അടുത്ത ഘട്ടത്തിലേക്ക് കടക്കുക. ആധാര്‍ വിശ്വാസ യോഗ്യമായും കാര്യക്ഷമമായും പ്രവര്‍ത്തിക്കുന്നതിന് പൊതുജനങ്ങളുടെ സഹായം ആവശ്യമാണെന്ന് യുഐഡിഎഐ വ്യക്തമാക്കി.
Content Highlight; Big Aadhaar clean-up: Centre deactivates 2 crore Aadhaar IDs belonging to deceased individuals