

ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും വിജയത്തിലേക്ക് അടുക്കുകയാണ് ദക്ഷിണാഫ്രിക്ക. മത്സരത്തിന്റെ നാലാം ദിനം പിന്നിട്ടതിനു പിന്നാലെ ദക്ഷിണാഫ്രിക്കൻ ഹെഡ് കോച്ച് ഷുക്രി കോൺറാഡ് ഇന്ത്യൻ ടീമിനെതിരെ നടത്തിയ വിവാദപരാമർശമാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. 'ഗ്രോവൽ' എന്ന വാക്കാണ് കോൺറാഡ് ഉപയോഗിച്ചത്.
നാലാം ദിവസത്തെ മത്സരത്തിന് ശേഷം സംസാരിക്കവേയാണ് കോൺറാഡ് വിവാദപരാമർശം ഉന്നയിച്ചത്. 'ഇന്ത്യൻ താരങ്ങൾ ഫീൽഡിൽ കഴിയുന്നത്ര സമയം ഗ്രൗണ്ടിൽ ഉണ്ടായിരിക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിച്ചത്. ഒരു വാചകം കടമെടുത്ത് പറയുകയാണെങ്കിൽ, അവർ ശരിക്കും 'ഗ്രോവൽ' ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. മത്സരത്തിൽ നിന്ന് അവരെ പൂർണ്ണമായും പുറത്താക്കി, അവസാന ദിവസവും ഇന്ന് വൈകുന്നേരം ഒരു മണിക്കൂറും വന്ന് പിടിച്ചുനിൽക്കാൻ ഞങ്ങൾ അവരോട് പറയുകയായിരുന്നു", എന്നാണ് കോൺറാഡിന്റെ വാക്കുകൾ.
We wanted them (India) to really grovel: Shukri Conrad, South Africa coach pic.twitter.com/PTkQH7zrGG
— RevSportz Global (@RevSportzGlobal) November 25, 2025
ചരിത്രപരമായി പ്രാധാന്യമുള്ള ഈ വാക്കിന്‍റെ ഉപയോഗം ശനിയാഴ്ച നിരവധി മാധ്യമപ്രവർത്തകരെ ഞെട്ടിച്ചതായാണ് റിപ്പോർട്ട്. കോൺറാഡിന്‍റെ ഈ പരാമർശം ഇന്ത്യൻ ആരാധകർക്കിടയിൽ വലിയ രോഷത്തിന് കാരണമാവുകയും ചെയ്തിട്ടുണ്ട്. ക്രിക്കറ്റിൽ 'ഗ്രോവൽ' (ഒരു ടീമിനെ തീർത്തും നിസ്സഹായരും അപമാനിതരുമാക്കി പരാജയപ്പെടുത്തുക) എന്ന വാക്ക് വംശീയമല്ലാത്ത അർത്ഥത്തിൽ ഉപയോഗിക്കാറുണ്ട്. എങ്കിലും ഗ്രോവൽ എന്ന വാക്കിന് ചരിത്രപരമായി വളരെ വലിയ പ്രാധാന്യമുണ്ട്.
1976ൽ ഇംഗ്ലണ്ടിന്റെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിനിടെ ദക്ഷിണാഫ്രിക്കൻ വംശജനായ ഇംഗ്ലണ്ട് ക്യാപ്റ്റൻ ടോണി ഗ്രെയ്ഗ്, തന്റെ ടീം വെസ്റ്റ് ഇൻഡീസിനെ "ഗ്രോവൽ" ചെയ്യുമെന്ന് പ്രഖ്യാപിച്ചു. ഇത് വലിയ വിവാദമാവുകയാണ് ചെയ്തത്. ആ കാലഘട്ടത്തിലെ വംശീയ രാഷ്ട്രീയത്തിന്റെയും മത്സരത്തിന്റെ കോളോണിയൽ ചരിത്രത്തിന്റെയും പശ്ചാത്തലത്തിൽ ഈ പ്രസ്താവന വംശീയമായ അധിക്ഷേപമായി കണക്കാക്കപ്പെട്ടു. പിന്നാലെ വെസ്റ്റ് ഇൻഡീസ് ടീം 3-0ന് ഇംഗ്ലണ്ടിനെ തോൽപ്പിക്കുകയും ചെയ്തിരുന്നു.
Content Highlights: South Africa coach makes controversial remark in Guwahati by saying he wanted India to "grovel"