

ടി20 ലോകകപ്പിന്റെ ഫെെനലിൽ ഏത് ടീമിനെ നേരിടണമെന്നാണ് ആഗ്രഹമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ചിരവൈരികളായ പാകിസ്താനെയോ കരുത്തരായ ഇംഗ്ലണ്ടിനെയോ ന്യൂസിലാൻഡിനെയോ അല്ലെന്നും ഓസ്ട്രേലിയയെയാണ് ഫൈനലിൽ എതിരാളികളികളായി വേണ്ടതെന്നുമാണ് സൂര്യകുമാർ പറയുന്നത്. ടി20 ലോകകപ്പ് ഷെഡ്യൂൾ പ്രഖ്യാപിക്കുന്ന വേദിയിലാണ് സൂര്യ ഇക്കാര്യം തുറന്ന് പറഞ്ഞത്.
ലോകകപ്പിന്റെ ഷെഡ്യൂൾ പുറത്തിറക്കുന്നതിനിടെ അവതാരകൻ ജതിൻ സപ്രു സൂര്യകുമാർ യാദവിനോട് ഫൈനൽ മത്സരത്തെക്കുറിച്ച് ചോദിച്ചു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരിക്കും ഫൈനൽ മത്സരം നടക്കുകയെന്ന് സൂര്യ പറഞ്ഞു. ഫൈനലിൽ ടീം ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. വനിതാ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും സൂര്യയുടെ ഈ പ്രവചനത്തെ പിന്തുണച്ചു. എന്നാൽ ടൂർണമെന്റിന്റെ ബ്രാൻഡ് അംബാസഡറായ രോഹിത് ശർമയോട് ഇതേ ചോദ്യം ചോദിച്ചപ്പോൾ, "ഫൈനലിൽ ഇന്ത്യയെ ആര് നേരിടുന്നു എന്നത് പ്രശ്നമല്ല. ഇന്ത്യൻ ടീം കിരീടം നേടണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്" എന്നായിരുന്നു മറുപടി.
ഈ ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം ഫെബ്രുവരി 7 ന് ഇന്ത്യയും അമേരിക്കയും തമ്മിലാണ്. ഇന്ത്യയുടെ രണ്ടാം മത്സരം ഫെബ്രുവരി 12 ന് നമീബിയയ്‌ക്കെതിരെയും മൂന്നാം മത്സരം ഫെബ്രുവരി 15 ന് ഇന്ത്യയും പാകിസ്താനും തമ്മിലും നടക്കും. ടീം ഇന്ത്യ ഫെബ്രുവരി 18 ന് നെതർലാൻഡ്‌സിനെതിരെ അവസാന ഗ്രൂപ്പ് ഘട്ട മത്സരം കളിക്കും.
Content Highlights: Suryakumar Yadav names the Opponent Team India want to face in T20 World Cup 2026 final