ഹൈക്കോടതി പരിപാടിയിൽ'ഭാരതാംബ' ചിത്രം;ഭാരത മാതാവിനെ ആഘോഷിക്കുന്നില്ലെങ്കിൽ മറ്റെന്താണ് ആഘോഷിക്കേണ്ടതെന്ന് ഗവർണർ

പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

ഹൈക്കോടതി പരിപാടിയിൽ'ഭാരതാംബ' ചിത്രം;ഭാരത മാതാവിനെ ആഘോഷിക്കുന്നില്ലെങ്കിൽ മറ്റെന്താണ് ആഘോഷിക്കേണ്ടതെന്ന് ഗവർണർ
dot image

കൊച്ചി: 'ഭാരതാംബ' ചിത്രത്തിന്റെ പേരില്‍ പരിപാടിയില്‍ നിന്ന് വിട്ടുനില്‍കുന്നതിനെ വിമര്‍ശിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. ഭാരതാംബയ്ക്ക് അയിത്തം കല്‍പ്പിക്കുന്നത് വിദ്യാഭ്യാസത്തിന്റെ മൂല്യശോഷണമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഭാരതാംബയുടെ ചിത്രം വെച്ചതിന്റെ പേരില്‍ ചിലര്‍ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെന്നായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം.

ഭാരത മാതാവിനെ ആഘോഷിക്കുന്നില്ലെങ്കില്‍ മറ്റെന്താണ് ആഘോഷിക്കേണ്ടത് എന്നും ഗവര്‍ണര്‍ ചോദിച്ചു. 'ഭാരതാംബയുടെ ചിത്രം നോക്കി, ആരാണ് ഈ സ്ത്രീ എന്നാണ് ചിലരുടെ ചോദ്യം. ആളുകളുടെ ചിന്ത ഇത്രയും തരംതാഴ്‌ന്നോ? ഇത്തരം ചിന്തകള്‍ സാംസ്‌കാരിക അധഃപതനമാണ്', ഗവര്‍ണര്‍ പറഞ്ഞു. ഭാരതാംബ ചിത്രംവെച്ച് ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടിയിലായിരുന്നു ഗവര്‍ണറുടെ പ്രസംഗം.

ദേശീയ നിയമദിനത്തോടനുബന്ധിച്ച് ഭാരതീയ അഭിഭാഷക പരിഷത്ത് ആണ് പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ സംഭവത്തില്‍ വലിയ പ്രതിഷേധമുയരുന്നുണ്ട്. ഇത് ഭരണഘടനയോടും മതേതരത്വത്തോടുമുള്ള വെല്ലുവിളിയാണെന്ന് ഡിവൈഎഫ്‌ഐ ഹൈക്കോടതി അഭിഭാഷക യൂണിറ്റ് പറഞ്ഞു. ചീഫ് ജസ്റ്റിസിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കുമെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റത്തിന്റെ ചട്ടലംഘനമാണെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു.

നേരത്തെ ഭാരതാംബ വിഷയത്തില്‍ വലിയ വാദപ്രതിവാദങ്ങള്‍ നടന്നിരുന്നു. ജൂണ്‍ അഞ്ചിന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദാണ് ഭാരതാംബ വിവാദത്തിന് തിരികൊളുത്തിയത്. പരിസ്ഥിതി ദിനാഘോഷപരിപാടിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നിര്‍ബന്ധമാക്കിയ ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് മന്ത്രി പരിപാടി ബഹിഷ്‌കരിക്കുകയായിരുന്നു. ആര്‍എസ്എസ് പരിപാടികളില്‍ ഉപയോഗിക്കുന്ന ചിത്രം സര്‍ക്കാര്‍ പരിപാടിയില്‍വെയ്ക്കാന്‍ പറ്റില്ലെന്ന് മന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ ചിത്രം മാറ്റാന്‍ കഴിയില്ലെന്നായിരുന്നു ഗവര്‍ണര്‍ പറഞ്ഞത്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന നിലപാട് ഗവര്‍ണര്‍ തുടര്‍ന്നു.

ജൂണ്‍ 19ന് രാജ്ഭവനില്‍ സംഘടിപ്പിച്ച ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് രാജ്യപുരസ്‌കാര വേദിയിലും ഇതേ ചിത്രം ഗവര്‍ണര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതോടെ ചടങ്ങില്‍ അധ്യക്ഷത വഹിക്കേണ്ടിയിരുന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയി. പൊതുവിദ്യാഭ്യാസ വകുപ്പും രാജ്ഭവനും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ ഗവര്‍ണര്‍ ആയിരുന്നു മുഖ്യാതിഥി. മുന്‍കൂട്ടി തയ്യാറാക്കിയ നോട്ടീസില്‍ കാവിക്കൊടിയേന്തിയ 'ഭാരതാംബ' ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തലോ പുഷ്പാര്‍ച്ചനയോ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ മന്ത്രിയെത്തിയപ്പോള്‍ ചിത്രത്തിന് മുന്നില്‍ വിളക്കുകൊളുത്തി പൂവിട്ട് പൂജിച്ച നിലയിലായിരുന്നു.

വ്യാപക പ്രതിഷേധമുയര്‍ന്നിട്ടും ഗവര്‍ണര്‍ നിലപാട് തുടര്‍ന്നു. കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഗവര്‍ണര്‍ ഇതേ ചിത്രം പ്രദര്‍ശിപ്പിച്ചു. അടിയന്തരാവസ്ഥയുടെ അന്‍പതാണ്ടുകള്‍ എന്ന പേരില്‍ പത്മനാഭ സേവാഭാരതി എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയായിരുന്നു വിവാദമായത്. ഒടുവില്‍ സര്‍ക്കാര്‍ നിലപാട് കടുപ്പിക്കുകയും രാജ്ഭവനില്‍ അടക്കം സംഘടിപ്പിക്കുന്ന പൊതുപരിപാടികളില്‍ നിന്ന് ചിത്രം ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേരളപ്പിറവി ദിനത്തില്‍ രാജ്ഭവനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വീണ്ടും കാവിക്കൊടിയേന്തിയ 'ഭാരതാംബ' ചിത്രം സ്ഥാപിച്ചിരുന്നു. ചിത്രത്തിന് മുന്നില്‍ ഗവര്‍ണര്‍ വിളക്ക് കൊളുത്തി.


Content Highlights: Bharathambha image at High Cout programme Governor praises DYFI criticise

dot image
To advertise here,contact us
dot image