

ന്യൂഡൽഹി: ഡല്‍ഹിയില്‍ 2500 കോടി രൂപയുടെ കൊക്കെയ്ന്‍ പിടികൂടിയ കേസിലെ മുഖ്യപ്രതിയും കുപ്രസിദ്ധ മയക്കുമരുന്ന് കച്ചവടക്കാരനുമായ പവന്‍ ഠാക്കൂര്‍ ദുബായില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. ഇയാളെ ഉടന്‍തന്നെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം രാജ്യത്തെ ഏറ്റവും വലിയ കൊക്കെയ്ൻ കടത്തിന് നേതൃത്വം നൽകിയ ആളാണ് പവന്‍ ഠാക്കൂര്‍.
2024 നവംബറിലാണ് ഡല്‍ഹിയില്‍ 2500 കോടിയോളം രൂപ വിലവരുന്ന 82 കിലോ കൊക്കെയ്ന്‍ പിടികൂടിയത്. ഇന്ത്യയിലേക്ക് കടല്‍വഴി കടത്തിയ മയക്കുമരുന്ന് പിന്നീട് ട്രക്കില്‍ ഡല്‍ഹിയിലെ ഗോഡൗണിലെത്തിച്ച് സൂക്ഷിക്കുകയായിരുന്നു. ഈ കേസില്‍ പവന്‍ ഠാക്കൂറിന്റെ കൂട്ടാളികളായ അഞ്ചുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇതോടെ പവന്‍ ഠാക്കൂറും കുടുംബവും വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് വിദേശത്തിരുന്നും ഇയാള്‍ ഇന്ത്യയിലെ കള്ളക്കടത്തും കള്ളപ്പണം വെളുപ്പിക്കലും നിയന്ത്രിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ 282 കോടി രൂപയുടെ മെത്താഫെറ്റമിന്‍ പിടികൂടിയ സംഭവത്തിലും പവന്‍ താക്കൂര്‍ തന്നെയാണ് മുഖ്യസൂത്രധാരന്‍യെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഹവാല , കള്ളപ്പണം, വെളുപ്പിക്കല്‍ ഇടപാടുകളിലും ഇയാള്‍ക്ക് പങ്കുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
ഡല്‍ഹിയിലെ കുച്ച മഹാജനി മാര്‍ക്കറ്റില്‍ ഹവാല ഏജൻ്റായാണ് പവന്‍ ഠാക്കൂറെന്നും പൊലീസ് പറഞ്ഞു. മയക്കുമരുന്ന് കടത്തിലൂടെ ലഭിക്കുന്ന കള്ളപ്പണം വിപുലമായ ഹവാല ഇടപാടുകളിലൂടെ ഉപയോഗിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനായി ഇന്ത്യയിലും ചൈന, ഹോങ്കോങ് അടക്കമുള്ള രാജ്യങ്ങളിലുമുള്ള ഷെല്‍ കമ്പനികളെയും ഉപയോഗിച്ചുവെന്നും റിപ്പോർട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബറില്‍ എന്‍സിബി മുഖേന പവന്‍ ഠാക്കൂറിനെതിരെ ഇന്റര്‍പോളിൻ്റെ സില്‍വര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടവരുടെ സ്വത്തുക്കളും സമ്പാദ്യങ്ങളും സാമ്പത്തിക ഇടപാടുകളും കണ്ടെത്താനും ഇത് പിടിച്ചെടുക്കാനും അധികാരം നല്‍കുന്നതാണ് സില്‍വര്‍ നോട്ടീസ്. ഇതിനുപിന്നാലെ 681 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതിന് ഇഡിയും പവന്‍ ഠാക്കൂറിനെതിരേ കേസെടുത്തിരുന്നു. കേസില്‍ ഹാജരാകാനായി ഒട്ടേറെ തവണ നോട്ടീസ് നല്‍കിയെങ്കിലും പ്രതി ഹാജരായില്ല. ഇതോടെ ഡല്‍ഹി പട്യാലഹൗസ് കോടതി ഇയാള്‍ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറൻ്റും പുറപ്പെടുവിച്ചിരുന്നു.
Content Highlight : The main mastermind behind the seizure of Rs 2,500 crore black money in Delhi has been arrested in Dubai.