

ഇന്ത്യൻ മണ്ണിൽ ദക്ഷിണാഫ്രിക്ക ചരിത്രവിജയത്തിന് തൊട്ടരികെ. ഗുവാഹത്തി ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് രണ്ടാം ഇന്നിങ്സിലും തകര്‍ച്ചയോടെ തുടക്കം. 549 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ നാലാം ദിനം സ്റ്റംപെടുക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സെന്ന നിലയിലാണ്. രണ്ട് റണ്‍സുമായി സായ് സുദര്‍ശനും നാല് റണ്‍സുമായി നൈറ്റ് വാച്ച്മാന് കുല്‍ദീപ് യാദവുമാണ് ക്രീസിലുള്ളത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 21 റൺസെടുക്കുന്നതിനിടയിൽ രണ്ട് ഓപ്പണർമാരെയും നഷ്ടമായി. 13 റൺസെടുത്ത് യശസ്വി ജയ്സ്വാളും ആറ് റൺസെടുത്ത് കെ എൽ രാഹുലുമാണ് പുറത്തായത്. ജയ്സ്വാളിനെ മാര്‍ക്കോ യാന്സന് പുറത്താക്കിയപ്പോള്‍ രാഹുലിനെ സിമോണ്‍ ഹാര്‍മര്‍ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. എട്ട് വിക്കറ്റ് മാത്രം കൈയിലിരിക്കെ ഇന്ത്യ ഇപ്പോഴും ദക്ഷിണാഫ്രിക്കൻ സ്കോറിന് 522 റണ്‍സിന് പിന്നിലാണ്.
ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കൂറ്റന്‍ ലീഡ് നേടിയാണ് ദക്ഷിണാഫ്രിക്ക ഡിക്ലയർ ചെയ്തത്. രണ്ടാം ഇന്നിങ്സിൽ 5 വിക്കറ്റ് നഷ്ടത്തിൽ 260 റൺസ് കൂടി നേടിയ ദക്ഷിണാഫ്രിക്ക ആകെ മൊത്തം 489 റൺസാണ് നേടിയത്. രണ്ടാം ഇന്നിങ്സിൽ ട്രിസ്റ്റൻ സ്റ്റബ്സ് (94 ), ടോണി ടി സോര്‍സി (49 ), റയാൻ റിക്കിള്ടൺ (35 ), ഏയ്ഡൻ മാര്‍ക്രം (29 ) എന്നിവർ തിളങ്ങി. ഇന്ത്യൻ നിരയിൽ രവീന്ദ്ര ജഡേജ നാല് വിക്കറ്റുകൾ നേടി.
നേരത്തെ മൂന്നാം ദിനം ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സില്‍ 201 റണ്‍സില്‍ അവസാനിപ്പിച്ച ദക്ഷിണാഫ്രിക്ക 288 റൺസിന്റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ മാര്‍കോ യാന്‍സനാണ് ഇന്ത്യയെ തകര്‍ത്തത്. സിമോണ്‍ ഹാര്‍മര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. 58 റണ്‍സ് നേടിയ യശസ്വി ജയ്സ്വാളാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. വാഷിംഗ്ടണ്‍ സുന്ദര്‍ (48), കുല്‍ദീപ് യാദവ് (134 പന്തില്‍ 19) എന്നിവര്‍ ചെറുത്തുനില്‍പ്പ് നടത്തി.
ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക മികച്ച ഒന്നാം ഇന്നിങ്സ് ടോട്ടലാണ് സ്വന്തമാക്കിയത്. 151.1 ഓവറിൽ 489 റൺസാണ് സന്ദർശകർ നേടിയത്. സെനുരാൻ മുത്തുസ്വാമിയുടെ (109) സെഞ്ച്വറിയും, മാർക്കോ യാൻസന്റെ (93) തകർപ്പന്‍ ഇന്നിങ്സുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റൻ ടോട്ടൽ സമ്മാനിച്ചത്.
Content Highlights: IND vs SA, 2nd Test Day 4: India 27/2 at stumps chasing a towering 549 vs South Africa in Guwahati