ഒരേ വാര്‍ഡില്‍ മൂന്ന് അനിത, രണ്ട് അഭിജിത്, മൂന്ന് ഗീത: ഒഞ്ചിയത്തുണ്ട് ഒരുപാട് അപര സ്ഥാനാര്‍ത്ഥികള്‍

ചോറോട് പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ ആര്‍എംപിയുടെ ഗീതാ മോഹനന് എതിരെ രണ്ട് ഗീതമാരാണ് മത്സരിക്കുന്നത്

ഒരേ വാര്‍ഡില്‍ മൂന്ന് അനിത, രണ്ട് അഭിജിത്, മൂന്ന് ഗീത: ഒഞ്ചിയത്തുണ്ട് ഒരുപാട് അപര സ്ഥാനാര്‍ത്ഥികള്‍
dot image

കോഴിക്കോട്: ഒഞ്ചിയത്ത് അപര സ്ഥാനാര്‍ത്ഥികളുടെ വിളയാട്ടം. ഒഞ്ചിയം പഞ്ചായത്തിലെ ഒട്ടുമിക്ക വാര്‍ഡുകളിലും ഒന്നിലധികം അപര സ്ഥാനാര്‍ത്ഥികളാണുള്ളത്. ഒഞ്ചിയം രണ്ടാം വാര്‍ഡിലെ ആര്‍എംപി സ്ഥാനാര്‍ത്ഥി അനിത പിലാക്കണ്ടിയിലിനെതിരെ രണ്ട് അനിതമാരാണ് മത്സരിക്കുന്നത്. ഒന്നാം വാര്‍ഡിലെ സിപിഐഎം സ്ഥാനാര്‍ത്ഥി പി വി അഭിജിത്തിന്റെ പേരിലുമുണ്ട് അഭിജിത് എന്ന അതേ പേരില്‍ അപര സ്ഥാനാര്‍ത്ഥി. മൂന്നാം വാര്‍ഡില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥി വിനോദിനെതിരെ രണ്ട് വിനോദന്‍മാരാണ് മത്സരിക്കുന്നത്. എട്ടാം വാര്‍ഡില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി പി പി രാജുവിനെതിരെ പി പി രാജന്‍ എന്ന പേരിലാണ് അപരന്‍. അതേ വാര്‍ഡില്‍ ആര്‍എംപി ഐ സ്ഥാനാര്‍ത്ഥി പി ശ്രീജിത്തിനെതിരെ മറ്റൊരു ശ്രീജിത്തും മത്സര രംഗത്തുണ്ട്.

ചോറോട് പഞ്ചായത്തിലും അപര ശല്യമുണ്ട്. ചോറോട് പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ ആര്‍എംപിയുടെ ഗീതാ മോഹനനാണ് മത്സരിക്കുന്നത്. ഈ വാര്‍ഡില്‍ രണ്ട് ഗീതമാരാണ് ഗീതാ മോഹനനെതിരെ മത്സരിക്കുന്നത്. അതില്‍ ഒരാളുടെ പേര് ഗീത മോഹന്‍ എന്നാണ്. ഇതോടെ ആര്‍എംപി സ്ഥാനാര്‍ത്ഥിയുടെ പേര് ഗീത കുന്നുമ്മല്‍ എന്നാക്കി. നാലാം വാര്‍ഡില്‍ സിപി ഐ സ്ഥാനാര്‍ത്ഥി ബീന പുതിയാടത്തിലിന് എതിരായി മറ്റൊരു ബീനയുണ്ട്. അഞ്ചാം വാര്‍ഡിലെ ആര്‍എംപി സ്ഥാനാര്‍ത്ഥി ബീന പ്രഷീദും ആറാം വാര്‍ഡിലെ ആര്‍ജെഡി സ്ഥാനാര്‍ത്ഥി എം എം നാരായണനും ഏഴാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗോപാലകൃഷ്ണനും എട്ടാം വാര്‍ഡിലെ ആര്‍എംപി സ്ഥാനാര്‍ത്ഥി പ്രജിഷ വിനീഷ്, പത്താം വാര്‍ഡിലെ സിപി ഐഎം സ്ഥാനാര്‍ത്ഥി കെ പി ചന്ദ്രന്‍, പതിമൂന്നാം വാര്‍ഡിലെ ആര്‍ജെഡി സ്ഥാനാര്‍ത്ഥി പി സുരേഷ്, പതിനഞ്ചാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗീത ഇടച്ചേരിക്കണ്ടി എന്നിവര്‍ക്കും അപര സ്ഥാനാര്‍ത്ഥികളുണ്ട്.

വടകരയിലും അപര സ്ഥാനാര്‍ത്ഥികള്‍ക്ക് കുറവില്ല. വടകര നഗരസഭയിലെ രണ്ടാം വാര്‍ഡില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി എം ഫൈസലിനെതിരെ ഫൈസല്‍ മാസ്റ്റര്‍ എന്ന പേരിലാണ് സ്ഥാനാര്‍ത്ഥി. ഈ വാര്‍ഡില്‍ തന്നെ ലീഗിന് വിമത സ്ഥാനാര്‍ത്ഥിയുമുണ്ട്. ആര്‍എംപി സ്ഥാനാര്‍ത്ഥി ശരണ്യ വാഴയില്‍ മത്സരിക്കുന്ന കുറുമ്പയില്‍ വാര്‍ഡില്‍ മറ്റൊരു ശരണ്യയും മത്സര രംഗത്തുണ്ട്. ഇരുപത്തിയേഴാം വാര്‍ഡില്‍ സിപി ഐഎം സ്ഥാനാര്‍ത്ഥി എ പി മോഹനന് എതിരെ മറ്റൊരു മോഹനനും മത്സരിക്കുന്നുണ്ട്. 44-ാം വാര്‍ഡില്‍ ലീഗിന്റെ പി കെ ജലാലിന് എതിരെ ഒരു ജലീലും മത്സര രംഗത്തുണ്ട്.

Content Highlights: Three Anithas, two Abhijits, three Geethas in the same ward: Dummy candidates in onchiyam

dot image
To advertise here,contact us
dot image