ഫീല്‍ഡിങ്ങിനിടെ മുഹമ്മദ് സിറാജിന് പരിക്ക്; ഇന്ത്യയ്ക്ക് ആശങ്ക

ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ്ങിന്റെ 75-ാം ഓവറിലാണ് സംഭവം

ഫീല്‍ഡിങ്ങിനിടെ മുഹമ്മദ് സിറാജിന് പരിക്ക്; ഇന്ത്യയ്ക്ക് ആശങ്ക
dot image

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനിടെ ഇന്ത്യയ്ക്ക് ആശങ്കയായി സ്റ്റാർ പേസർ മുഹമ്മദ് സിറാജിന്റെ പരിക്ക്. ​ഗുവാഹത്തി ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്സിനിടെയാണ് താരത്തിന്റെ തോളിന് പരിക്കേറ്റത്. ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെ പരിക്കേറ്റ സിറാജ് പിന്നീട് ​ഗ്രൗണ്ട് വിടുകയായിരുന്നു.

ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ്ങിന്റെ 75-ാം ഓവറിലാണ് സംഭവം. നിതീഷ് കുമാർ റെഡ്ഡി എറിഞ്ഞ പന്ത് ട്രിസ്റ്റൻ സ്റ്റബ്സ് സ്ക്വയർ ലെഗ് ബൗണ്ടറിയിലേക്ക് അടിച്ചു. ഇത് സേവ് ചെയ്യാൻ ഡൈവ് ചെയ്യുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട സിറാജ് വലതുകൈമുട്ടിലാണ് ലാൻഡ് ചെയ്തത്. തോളിടിച്ച് വീണ സിറാജ് വേദനയോടെ നിലത്തിരുന്നു.

ഉടനെ തന്നെ സിറാജിനെ പരിശോധിക്കാൻ വേണ്ടി ഫിസിയോ എത്തി. ​ഗ്രൗണ്ടിൽ തുടരുമോയെന്നറിയാനായി സിറാജിന്റെ വലതുകൈ കറക്കി പന്തെറിയാൻ കഴിയുമോയെന്ന് ഫിസിയോ പരിശോധിച്ചെങ്കിലും താരത്തിന് കഴിയാതെ വരികയായിരുന്നു. ഇതോടെ സിറാജിനെയും കൂട്ടി ഫിസിയോ ​ഗ്രൗണ്ട് വിട്ടു. അവസാന സെഷനിൽ സിറാജിന് പകരം മലയാളി താരം ദേവ്ദത്ത് പടിക്കൽ ഫീൽഡിലെത്തുകയും ചെയ്തു.

എന്നാൽ 78-ാം ഓവറിൽ സിറാജ് ഫീൽഡിലേക്ക് തിരിച്ചെത്തുകയും ചെയ്തു. എന്നാൽ ഉടനെ തന്നെ സിറാജ് ഒരു നിർണായക ക്യാച്ച് കൈവിട്ട് നിരാശപ്പെടുത്തുകയും ചെയ്തു. 87 റൺസെടുത്ത് നിൽക്കുകയായിരുന്ന ട്രിസ്റ്റൻ സ്റ്റബ്സിനെ പുറത്താക്കാനുള്ള സുവർണാവസരമാണ് സിറാജ് നഷ്ടപ്പെടുത്തിയത്. പിന്നാലെ 180 പന്തില്‍ 94 റണ്‍സെടുത്താണ് പിന്നീട് സ്റ്റബ്‌സ് പുറത്തായത്.

അതേസമയം ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും തോൽവിക്ക് തൊട്ടരികിലാണ് ഇന്ത്യ. ദക്ഷിണാഫ്രിക്ക ഉയർത്തിയ 549 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ നാലാം ദിനം സ്റ്റംപെടുക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സെന്ന നിലയിലാണ്. രണ്ട് റണ്‍സുമായി സായ് സുദര്‍ശനും നാല് റണ്‍സുമായി നൈറ്റ് വാച്ച്‌മാന്‍ കുല്‍ദീപ് യാദവുമാണ് ക്രീസിലുള്ളത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 21 റൺസെടുക്കുന്നതിനിടയിൽ രണ്ട് ഓപ്പണർമാരെയും നഷ്ടമായി. 13 റൺസെടുത്ത് യശസ്വി ജയ്സ്വാളും ആറ് റൺസെടുത്ത് കെ എൽ രാഹുലുമാണ് പുറത്തായത്. ജയ്സ്വാളിനെ മാര്‍ക്കോ യാന്‍സന്‍ പുറത്താക്കിയപ്പോള്‍ രാഹുലിനെ സിമോണ്‍ ഹാര്‍മര്‍ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. എട്ട് വിക്കറ്റ് മാത്രം കൈയിലിരിക്കെ ഇന്ത്യ ഇപ്പോഴും ദക്ഷിണാഫ്രിക്കൻ സ്കോറിന് 522 റണ്‍സിന് പിന്നിലാണ്.

Content Highlights: Mohammed Siraj suffered an injury scare during the second Test against South Africa

dot image
To advertise here,contact us
dot image