ബംഗാളിൽ നിങ്ങൾ എന്നെ ലക്ഷ്യം വച്ചാൽ മുഴുവൻ രാജ്യത്തെയും ഞാൻ പിടിച്ചുകുലുക്കും: SIRൽ ബിജെപിക്കെതിരെ മമത ബാനർജി

ബോംഗാവിൽ നടന്ന എസ്‌ഐആർ വിരുദ്ധ റാലിയിൽ സംസാരിക്കവെയായിരുന്നു മമതയുടെ പ്രതികരണം

ബംഗാളിൽ നിങ്ങൾ എന്നെ ലക്ഷ്യം വച്ചാൽ മുഴുവൻ രാജ്യത്തെയും ഞാൻ പിടിച്ചുകുലുക്കും: SIRൽ ബിജെപിക്കെതിരെ മമത ബാനർജി
dot image

കൊൽക്കത്ത: എസ്ഐആർ വിഷയത്തിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അയൽ സംസ്ഥാനത്ത് ബിജെപിയുടെ 'കളി' ആർക്കും കാണാൻ കഴിയില്ലെന്നും ബംഗാളിൽ അത് നടക്കില്ലെന്നും ബിഹാറിലെ എസ്ഐആർ പരിഷ്കരണം ചൂണ്ടിക്കാണിച്ച് മമത പറഞ്ഞു. ബംഗാളിൽ തന്നെയോ തൻ്റെ ആളുകളെയോ ലക്ഷ്യം വച്ചാൽ രാജ്യവ്യാപകമായി തെരുവിലിറങ്ങി രാജ്യത്തെ മുഴുവനായി ഇളക്കിമറിക്കുമെന്നും മമത ബാന‍ർജി ബിജെപിക്ക് മുന്നറിയിപ്പ് നൽകി.

'ബംഗാളിൽ നിങ്ങൾ എന്നെ ലക്ഷ്യം വച്ചാൽ, എൻ്റെ ജനങ്ങൾക്കെതിരായ ഏതൊരു ആക്രമണത്തെയും വ്യക്തിപരമായ ആക്രമണമായി ഞാൻ കണക്കാക്കിയാൽ, ഞാൻ മുഴുവൻ രാജ്യത്തെയും പിടിച്ചുകുലുക്കും. തിരഞ്ഞെടുപ്പിന് ശേഷം ഞാൻ രാജ്യം മുഴുവൻ സഞ്ചരിക്കും' എന്നായിരുന്നു മമതയുടെ പ്രതികരണം. ഒരു പേര് പോലും ഇല്ലാതാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകിയ മമത ഭയപ്പെടേണ്ടതില്ലെന്ന് ജനങ്ങളെ ആഹ്വാനം ചെയ്തു. ബോംഗാവിൽ നടന്ന എസ്‌ഐആർ വിരുദ്ധ റാലിയിൽ സംസാരിക്കവെയായിരുന്നു മമതയുടെ പ്രതികരണം.

പ്രത്യേക സമുദായങ്ങളെ ലക്ഷ്യം വെച്ച് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ബിജെപി കൃത്രിമം കാണിച്ചതായും മമത ആരോപിച്ചു. ബിജെപിക്ക് എന്റെ കളിയിൽ എന്നെ തോൽപ്പിക്കാൻ കഴിയില്ല എന്ന് വ്യക്തമാക്കിയ മമത പശ്ചിമ ബംഗാളിലെ വോട്ടർമാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള തന്റെ പ്രതിബദ്ധതയും ആവർത്തിച്ചു. സർക്കാർ ഏജൻസികളെയോ സംവിധാനങ്ങളെയോ ഉപയോഗിച്ചാലും ബിജെപിയുടെ ശ്രമങ്ങൾ വിജയിക്കില്ലെന്നും മമത മുന്നറിയിപ്പ് നൽകി.

പൗരത്വ ഭേദഗതി നിയമത്തിലുള്ള ബിജെപി നിലപാടിനെയും മമത രൂക്ഷമായി വിമ‍ർശിച്ചു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ മാത്രമാണ് മതത്തെ അടിസ്ഥാനമാക്കി ഫോമുകൾ വിതരണം ചെയ്യുന്നതെന്നും മമത ആരോപിച്ചു. 'ഇപ്പോൾ അവർ സിഎഎയെക്കുറിച്ച് ആക്രോശിക്കുകയും മതത്തെ അടിസ്ഥാനമാക്കിയുള്ള ഫോമുകൾ വിതരണം ചെയ്യുകയും ചെയ്യുന്നത് തിരഞ്ഞെടുപ്പ് വന്നതുകൊണ്ടാണെന്നാ'യിരുന്നു മമതയുടെ പ്രതികരണം.

റാലിയിൽ പങ്കെടുക്കുന്നത് തടയാൻ തൻ്റെ ഹെലികോപ്റ്റർ റദ്ദാക്കിയെന്നും മമത ആരോപിച്ചു. റാലിയിൽ നിന്ന് തന്നെ തടയാനുള്ള ഒരു ​ഗൂഢാലോചനയാണ് ഇതെന്നായിരുന്നു മമതയുടെ ആരോപണം. റോഡ് മാർ​ഗ്​ഗമായിരുന്നു മമത ബോം​ഗാവിൽ എത്തിയത്.

Content Highlights: Mamata Banerjee Slams BJP on SIR Process

dot image
To advertise here,contact us
dot image