

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി ടെസ്റ്റ് ഫോര്‍മാറ്റില്‍ തുടരണമായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരമായ ശ്രീവത്സ് ഗോസ്വാമി. ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ടീം വിരാട് കോഹ്‌ലിയെ പോലൊരു താരത്തെ മിസ് ചെയ്യുന്നുണ്ടെന്നും ഗോസ്വാമി പറഞ്ഞു. ഗുവാഹത്തി ടെസ്റ്റിലും ഇന്ത്യ പരാജയം മുന്നില്‍ കാണുന്ന അവസ്ഥയിലാണ് മുന്‍ ഇന്ത്യന്‍ താരത്തിന്റെ പ്രതികരണം. കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യന്‍ ടീമിനുണ്ടായിരുന്ന ആത്മവിശ്വാസവും ഊര്‍ജവും ഇപ്പോഴില്ലെന്നും മുന്‍ ആര്‍സിബി താരം കൂടിയായിരുന്ന ഗോസ്വാമി അഭിപ്രായപ്പെട്ടു.
'കോഹ്‌ലി ഏകദിനത്തില്‍ നിന്നും വിരമിച്ച് ടെസ്റ്റ് ക്രിക്കറ്റില്‍ തുടരുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. ടെസ്റ്റ് ക്രിക്കറ്റ് കോഹ്‌ലിയെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. ഒരു താരം എന്ന നിലയില്‍ മാത്രമല്ല. കോഹ്‌ലി ക്യാപ്റ്റനായിരുന്നപ്പോൾ ടീമിലുണ്ടായിരുന്ന ഊര്‍ജവും ഏത് സാഹചര്യത്തിലും വിജയിക്കാനാകുമെന്ന ആത്മവിശ്വാസവും ഇപ്പോഴില്ല', ഗോസ്വാമി എക്‌സില്‍ കുറിച്ചു.
Ideally Virat should have left playing ODIs & continued playing test cricket untill he had nothing to give. Test cricket misses him. Not just as a player but just the energy he brought, the love & passion playing for 🇮🇳 where he made the team believe that they can win in any…
— Shreevats goswami (@shreevats1) November 24, 2025
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും തോൽവിക്ക് തൊട്ടരികിലാണ് ഇന്ത്യ. ദക്ഷിണാഫ്രിക്ക ഉയർത്തിയ 549 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ നാലാം ദിനം സ്റ്റംപെടുക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സെന്ന നിലയിലാണ്. രണ്ട് റണ്‍സുമായി സായ് സുദര്‍ശനും നാല് റണ്‍സുമായി നൈറ്റ് വാച്ച്‌മാന്‍ കുല്‍ദീപ് യാദവുമാണ് ക്രീസിലുള്ളത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 21 റൺസെടുക്കുന്നതിനിടയിൽ രണ്ട് ഓപ്പണർമാരെയും നഷ്ടമായി. 13 റൺസെടുത്ത് യശസ്വി ജയ്സ്വാളും ആറ് റൺസെടുത്ത് കെ എൽ രാഹുലുമാണ് പുറത്തായത്. ജയ്സ്വാളിനെ മാര്‍ക്കോ യാന്‍സന്‍ പുറത്താക്കിയപ്പോള്‍ രാഹുലിനെ സിമോണ്‍ ഹാര്‍മര്‍ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. എട്ട് വിക്കറ്റ് മാത്രം കൈയിലിരിക്കെ ഇന്ത്യ ഇപ്പോഴും ദക്ഷിണാഫ്രിക്കൻ സ്കോറിന് 522 റണ്‍സിന് പിന്നിലാണ്.
Content Highlights: 'Virat Kohli should have left ODIs and continued playing Tests' says Shreevats Goswami