വീട്ടില്‍ വിവാഹം നടക്കുകയാണ്, അമ്മയുടെ മൃതദേഹം നാലുദിവസം കഴിഞ്ഞ് വന്ന് ഏറ്റുവാങ്ങാമെന്ന് മകന്‍

ഇളയ മകന്‍ മാത്രമാണ് മാതാപിതാക്കളെ ഇടയ്‌ക്കെങ്കിലും വിളിച്ച് സുഖവിവരം അന്വേഷിച്ചിരുന്നതെന്ന് വൃദ്ധസദനത്തിന്റെ ഉടമ പറഞ്ഞു

വീട്ടില്‍ വിവാഹം നടക്കുകയാണ്, അമ്മയുടെ മൃതദേഹം നാലുദിവസം കഴിഞ്ഞ് വന്ന് ഏറ്റുവാങ്ങാമെന്ന് മകന്‍
dot image

ലക്‌നൗ: വീട്ടില്‍ വിവാഹം നടക്കുന്നതിനാല്‍ അമ്മയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ വിസമ്മതിച്ച് മകന്‍. ഉത്തര്‍പ്രദേശിലെ ജൗന്‍പൂരിലാണ് സംഭവം. ദീര്‍ഘകാലമായി അസുഖബാധിതയായിരുന്ന ശോഭാ ദേവി വൃദ്ധസദനത്തില്‍ വെച്ചാണ് മരിച്ചത്. സ്ഥാപനത്തിന്റെ അധികൃതര്‍ വിവരമറിയിച്ചപ്പോള്‍ മൃതദേഹം നാലുദിവസം ഡീപ്പ് ഫ്രീസറില്‍ വയ്ക്കാനായിരുന്നു മകൻ്റെ നിര്‍ദേശം. 'അമ്മയുടെ മൃതദേഹം നാലുദിവസം ഡീപ്പ് ഫ്രീസറില്‍ സൂക്ഷിക്കൂ. വീട്ടില്‍ ഒരു വിവാഹം നടക്കുകയാണ്. ഈ സമയത്ത് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്നത് അശുഭകരമായ കാര്യമാണ്. വിവാഹശേഷം അമ്മയുടെ മൃതദേഹം വന്ന് ഏറ്റുവാങ്ങാം' എന്നാണ് മകന്‍ വൃദ്ധസദനം അധികൃതരോട് പറഞ്ഞത്.

ഗോരഖ്പൂര്‍ സ്വദേശികളായ ഭുവല്‍ ഗുപ്തയ്ക്കും ശോഭ ദേവിക്കും മൂന്ന് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമാണ് ഉണ്ടായിരുന്നത്. ഒരുവര്‍ഷം മുന്‍പ് കുടുംബത്തിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മൂത്ത മകന്‍ ഭുവലിനെയും ശോഭയെയും വീട്ടില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ദുഃഖിതനായ ഭുവല്‍ രാജ്ഘട്ടിലെത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ നാട്ടുകാര്‍ ഇടപെട്ട് പിന്തിരിപ്പിക്കുകയും അയോധ്യയിലേക്കോ മധുരയിലേക്കോ പോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. അയോധ്യയില്‍ താമസിക്കാന്‍ സൗകര്യങ്ങള്‍ ലഭിക്കാതായതോടെ ഭുവലും ശോഭയും മധുരയിലേക്ക് പോയി. അവിടെ നിന്നാണ് ജൗന്‍പൂരിലുളള വൃദ്ധസദനത്തെക്കുറിച്ച് അറിയുന്നത്. സ്ഥാപനത്തിന്റെ ഉടമ രവി കുമാര്‍ ചൗബേയെ ബന്ധപ്പെട്ട് ഇരുവരും ജൗന്‍പൂരിലേക്ക് തിരിച്ചുവരികയും വൃദ്ധസദനത്തില്‍ താമസം ആരംഭിക്കുകയുമായിരുന്നു.

ഇവിടെ വെച്ച് ശോഭാ ദേവിക്ക് ഏതാനും മാസം മുന്‍പ് കാലിന് അസുഖം ബാധിച്ചിരുന്നു. നവംബര്‍ 19-ന് അവരുടെ നില ഗുരുതരമാവുകയും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയുമായിരുന്നു. ഇതോടെ ഭുവല്‍ ഇളയ മകനെ വിളിച്ച് കാര്യം പറഞ്ഞു. മൂത്ത ചേട്ടനോട് ചോദിച്ചിട്ട് പറയാമെന്നായിരുന്നു ഭുവലിന് ലഭിച്ച മറുപടി. പിന്നീട് തിരിച്ച് വിളിച്ച മകന്‍, മൂത്ത ചേട്ടന്റെ മകന്റെ വിവാഹം നടക്കുകയാണ്, അതിനാല്‍ മൃതശരീരം നാലുദിവസം ഫ്രീസറില്‍ സൂക്ഷിക്കാന്‍ ആവശ്യപ്പെട്ടു എന്ന് പിതാവിനോട് പറഞ്ഞു. മംഗളകരമായ കാര്യം നടക്കുന്ന സമയത്ത് മൃതദേഹം വീട്ടില്‍ കൊണ്ടുവരുന്നത് അശുഭകരമാണെന്നും നാലുദിവസം കഴിഞ്ഞ് വന്ന് മൃതദേഹം സംസ്‌കരിക്കാമെന്നുമാണ് മൂത്ത മകൻ പറഞ്ഞത്.

ഇതോടെ വൃദ്ധസദനത്തിന്റെ ഉടമയായ രവി ചൗബേ നേരിട്ട് മൂത്ത മകനെ വിളിച്ച് കാര്യം പറഞ്ഞു. മറ്റ് ബന്ധുക്കളെയും വിവരമറിയിച്ചു. ഇതോടെ ചില ബന്ധുക്കള്‍ അവസാനമായി ശോഭാ ദേവിയെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ മൃതശരീരം മക്കള്‍ ഏറ്റുവാങ്ങി ജൗന്‍പൂരിലേക്ക് കൊണ്ടുപോയി. എന്നാല്‍ അന്തിമോപചാരങ്ങളൊന്നും അര്‍പ്പിക്കാതെ, മൂത്ത മകന്‍ അമ്മയുടെ മൃതദേഹം സംസ്‌കരിച്ചു. ഇളയ മകന്‍ മാത്രമാണ് മാതാപിതാക്കളെ ഇടയ്‌ക്കെങ്കിലും വിളിച്ച് സുഖവിവരം അന്വേഷിച്ചിരുന്നതെന്നും മറ്റുളള കുടുംബാംഗങ്ങളുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ലെന്നും രവി ചൗബേ പറഞ്ഞു.

Content Highlights: UP Man refuse to take mothers dead body to home as wedding going on

dot image
To advertise here,contact us
dot image