ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്; കരൂർ അപകടത്തിന് ശേഷമുള്ള ആദ്യത്തെ പൊതുപരിപാടി

ജനങ്ങളുടെ പ്രശ്നത്തെക്കുറിച്ച് സംസാരിക്കാനാണ് വന്നതെന്ന് വിജയ്

ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്; കരൂർ അപകടത്തിന് ശേഷമുള്ള ആദ്യത്തെ പൊതുപരിപാടി
dot image

കാഞ്ചീപുരം: ഡിഎംകെ സർക്കാരിനെയും മുഖ്യമന്ത്രി സ്റ്റാലിനെയും രൂക്ഷമായി വിമർശിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്. കാഞ്ചീപുരം ജില്ലയിലെ സുങ്കുവർഛത്തിരത്തിലെ ഒരു ഇൻഡോർ വേദിയിൽ സംഘടിപ്പിച്ച തമിഴക വെട്രി കഴകത്തിൻ്റെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വിജയ്. അണ്ണാമലൈ, എംജിആര്‍ എന്നിവരെ അനുസ്മരിച്ചായിരുന്നു വിജയ് പ്രസംഗം ആരംഭിച്ചത്. അണ്ണായെ മറന്ന് പ്രവർത്തിക്കുന്നുവെന്ന് വിമർശിച്ച വിജയ് അണ്ണായെ മറന്നത് ആരെന്ന് ചോദ്യവും ഉന്നയിച്ചു. മക്കളിലേക്ക് ചെല്ലൂ എന്നാണ് അണ്ണാമലെ പറഞ്ഞത്, അത് ചെയ്യുന്നു എന്നും വിജയ് പറഞ്ഞു. കരൂരിൽ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചതിന് ശേഷം ആദ്യമായാണ് വിജയ് തമിഴക വെട്രി കഴകത്തിന്റെ പൊതുവേദിയിലെത്തുന്നത്.

കള്ളം പറഞ്ഞ് പറ്റിച്ച് ജനങ്ങളെ വോട്ട് ചെയ്യിക്കുന്നുവെന്നും കുറ്റപ്പെടുത്തി. കളളത്തരത്തിലൂടെ അധികാരത്തിലെത്തിയവരോട് ചോദ്യം ചോദിക്കാതെ ഇരിക്കില്ലെന്നും വിജയ് വ്യക്തമാക്കി. പോരാട്ടം യഥാർത്ഥ സാമൂഹ്യനീതിക്കായാണെന്നും ജനങ്ങളുടെ വാക്ക് കേൾക്കുമെന്നും വിജയ് വ്യക്തമാക്കി. ജനങ്ങളുടെ പ്രശ്നത്തെക്കുറിച്ച് സംസാരിക്കാനാണ് വന്നതെന്ന് വ്യക്തമാക്കിയ വിജയ് കാഞ്ചീപുരവുമായുള്ള ആത്മബന്ധമുണ്ടെന്നും പറഞ്ഞു.

കാഞ്ചീപുരത്ത് വൻ മണൽക്കൊള്ള നടക്കുന്നുവെന്ന് ആരോപിച്ച വിജയ് കോടിക്കണക്കിന് രൂപയാണ് പലരും കൊള്ളയിലൂടെ നേടിയതെന്ന് വെളിപ്പെടുത്തി. നാലായിരം കോടിയുടെ അഴിമതി നടന്നെന്നും വിജയ് ചൂണ്ടിക്കാണിച്ചു. ഡിഎംകെയുടെ ലക്ഷ്യം കൊള്ളമാത്രമാണെന്നും വിജയ് കുറ്റപ്പെടുത്തി. സിൻഡിക്കേറ്റ് രൂപീകരിച്ചാണ് ഡിഎംകെയുടെ കൊള്ളയെന്ന് വ്യക്തമാക്കിയ വിജയ് മുഖ്യമന്ത്രി നല്ലവനായി അഭിനയിച്ചിട്ട് കാര്യമില്ലെന്നും പറഞ്ഞു.

കാഞ്ചീപുരത്തെ പ്രശ്നങ്ങൾ എടുത്തുപറഞ്ഞ വിജയ് നെയ്ത്തുകാർ നേരിടുന്ന പ്രശ്നങ്ങളെയും അഭിസംബോധന ചെയ്തു. കാഞ്ചീപുരത്ത് ഒരു നല്ല ബസ് സ്റ്റാൻഡ് പോലുമില്ലെന്നും വിജയ് കുറ്റപ്പെടുത്തി. ടിവികെയ്ക്ക് ആശയമില്ലെന്നാണ് ഡിഎംകെ പറയുന്നത് എന്നാൽ ജനങ്ങൾ ടിവികെയെ അധികാരത്തിലേറ്റുമെന്നും വിജയ് വ്യക്തമാക്കി. ജനങ്ങൾക്കായുള്ള സർക്കാർ വരുമെന്നും വിജയ് പറഞ്ഞു. എല്ലാവർക്കും വീട് വേണം. വീട്ടിൽ ഒരു ബൈക്കെങ്കിലും വേണം കാറാണ് ലക്ഷ്യം. ഒരു കുടുംബത്തിൽ ഒരാളെങ്കിലും ബിരുധധാരിയാകണം, ഒരാൾക്കെങ്കിലും സ്ഥിരവരുമാനം വേണം. സർക്കാർ ആശുപത്രികൾ അടിമുടി മാറ്റണം. രോഗികൾക്ക് ഭയമില്ലാതെ കയറിച്ചെല്ലാനാകണം. വ്യവസായ വികസനമാണ് ലക്ഷ്യമെന്നും വിജയ് വ്യക്തമാക്കി.

അണ്ണാ സർവ്വകലാശാലയിലെ ലൈംഗികാതിക്രമക്കേസ് ചൂണ്ടിക്കാണിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും വിജയ് ആവശ്യപ്പെട്ടു. സ്ത്രീകൾക്ക് ഭയമില്ലാതെ പുറത്തിറങ്ങാനാകണം. വെറും വാക്ക് പറഞ്ഞ് പറ്റിക്കില്ല. വാഗ്ദാനങ്ങൾ നടപ്പിലാക്കുകയാണ് ലക്ഷ്യം. എന്തെങ്കിലും പറഞ്ഞ് പോകില്ല. വെറുംവാക്ക് പറയില്ല. ജനങ്ങളുടെ നന്മയൊഴികെ മാറ്റൊന്നും അജണ്ടയിലില്ല. ചെയ്യുന്നത് മാത്രമേ പറയൂ. പറഞ്ഞത് ചെയ്യാതിരിക്കില്ല. അനുമതി ലഭിച്ചാലുടൻ സംസ്ഥാന പര്യടനം ആരംഭിക്കുമെന്നും വിജയ് വ്യക്തമാക്കി.

Content Highlights: Vijay attacks DMK and Stalin, First public event after Karur accident

dot image
To advertise here,contact us
dot image