

കൊച്ചി : തദ്ദേശ തെരഞ്ഞെടുപ്പിലെ പത്രിക സൂക്ഷ്മ പരിശോധന കഴിഞ്ഞപ്പോള്‍ കോർപ്പറേഷനിൽ അഞ്ചിടത്ത് എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥികളില്ല. കൊച്ചിയിലെ ചളിക്കവട്ടം 40-ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയില്ല. സീറ്റുവിഭജന ചര്‍ച്ചയില്‍ ബിഡിജെഎസിനായിരുന്നു വാര്‍ഡ് നല്‍കിയിരുന്നത്. എന്നാല്‍ അവര്‍ അത് ബിജെപിക്കുതന്നെ മടക്കി നല്‍കി. എന്നാല്‍ അവിടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനായില്ല.
ഈരവേലി, മട്ടാഞ്ചേരി, തഴുപ്പ്, മാനാശ്ശേരി ഡിവിഷനുകളിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനായില്ല. പത്രിക സൂക്ഷ്മ പരിശോധനയില്‍ മുന്നണി സ്ഥാനാര്‍ത്ഥികളെല്ലാം കരകയറി. യുഡിഎഫിന് വിമത ഭീഷണി കൂടുതലായതിനാല്‍ അവരെ പിന്തിരിപ്പിക്കുന്നതിനായുള്ള അവസാനവട്ട ചര്‍ച്ചകളും അനുനയിപ്പിക്കലും നടന്നുകൊണ്ടിരിക്കുകയാണ്.പരമാവധി പേരെക്കൊണ്ട് തിങ്കളാഴ്ച പത്രിക പിന്‍വലിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇക്കുറി വി 4 കൊച്ചി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ല. എന്നാല്‍ ആ സ്ഥാനത്തേക്ക് ട്വന്റി 20 എത്തിയിട്ടുണ്ട്. 56 വാര്‍ഡുകളിലാണ് ട്വന്റി20 സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നത്.
Content Highlight : NDA suffers setback in local body elections; No candidates for five seats in Kochi Corporation