മുഴുവൻ വാർഡുകളിലും സ്ഥാനാർത്ഥിയെന്ന ലക്ഷ്യം കൈവരിക്കാനാകാതെ BJP; 8,000ത്തോളം വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളില്ല

തൊണ്ണൂറ് ശതമാനം വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ സാധിച്ചുവെന്നാണ് ബിജെപിയുടെ അവകാശവാദം

മുഴുവൻ വാർഡുകളിലും സ്ഥാനാർത്ഥിയെന്ന ലക്ഷ്യം കൈവരിക്കാനാകാതെ BJP; 8,000ത്തോളം വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളില്ല
dot image

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുക എന്ന ലക്ഷ്യത്തില്‍ എത്താനാകാതെ ബിജെപി. നാല് ജില്ലകളിലെ എണ്ണായിരത്തോളം വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളില്ല. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളിലാണ് തിരിച്ചടിയായിരിക്കുന്നത്. അതേസമയം തൊണ്ണൂറ് ശതമാനം വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ സാധിച്ചുവെന്നാണ് ബിജെപിയുടെ അവകാശവാദം.

2020ലെ തദ്ദേശ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ മുഴുവന്‍ വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുക എന്നതായിരുന്നു ബിജെപിയുടെ ലക്ഷ്യം. എന്നാല്‍ അത് കൈവരിക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. ഇത്തവണ എണ്ണായിരത്തോളം വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളില്ല. മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് ഏറ്റവും കുറവ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നത്. ഇതിന് പുറമേ കോഴിക്കോട്, എറണാകുളം ജില്ലകളിലും ബിജെപി സ്ഥാനാർത്ഥികളുടെ എണ്ണത്തിൽ കുറവുണ്ട്.

ഇന്നലെ തദ്ദേശ തെരഞ്ഞെടുപ്പ് സാഹചര്യങ്ങള്‍ അടക്കം വിലയിരുത്താന്‍ ബിജെപി സംസ്ഥാന നേതൃയോഗം ഓണ്‍ലൈനായി ചേര്‍ന്നിരുന്നു. ഇതിലാണ് തൊണ്ണൂറ് ശതമാനം വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ സാധിച്ചുവെന്ന് നേതാക്കള്‍ വിലയിരുത്തിയത്. എന്നാല്‍ നോമിനേഷന്‍ പ്രക്രിയ പൂര്‍ത്തിയായതോടെ ചിത്രം തെളിയുകയായിരുന്നു. കോഴിക്കോട്, കൊല്ലം, ആലപ്പുഴ അടക്കം വിവിധ ജില്ലകളില്‍ ബിജെപി നേതാക്കളുടെ നാമനിര്‍ദേശ പത്രിക തള്ളിയിരുന്നു. ചിലയിടത്ത് പിന്‍താങ്ങാന്‍ ആളില്ലാത്തതിനാല്‍ ബിജെപിക്ക് നാമനിര്‍ദേശ പത്രിക നല്‍കാന്‍ സാധിച്ചിരുന്നില്ല.

അതേസമയം, ബിജെപി ഏറ്റവും കൂടുതല്‍ വാര്‍ഡുകളില്‍ മത്സരിക്കുന്ന തെരഞ്ഞെടുപ്പാണിതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് റിപ്പോർട്ടറിനോട് വ്യക്തമാക്കി. ബിജെപി നേരിട്ടും ഘടകകക്ഷികളും സ്വതന്ത്രരും അടക്കും 98 ശതമാനത്തോളം വാര്‍ഡുകളില്‍ മത്സരരംഗത്തുണ്ടെന്ന് രമേശ് അവകാശവാദമുന്നയിച്ചു. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട് അടക്കം ചിലയിടങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ സാധിച്ചിട്ടില്ല. ബിജെപിക്ക് പരമ്പരാഗതമായി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ സാധിക്കാത്ത സ്ഥലങ്ങളുമുണ്ട്. ചില മുസ്‌ലിം ഭൂരിപക്ഷ, കമ്മ്യൂണിസ്റ്റ് സ്വാധീനമുള്ള വാർഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ സാധിച്ചിട്ടില്ല. പിന്‍താങ്ങാന്‍ ആളുകളുള്ള സ്ഥലങ്ങളില്‍ മാത്രമേ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ സാധിക്കൂ. തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ സാധിച്ചത് ഈ തെരഞ്ഞെടുപ്പിലാണെന്നും എം ടി രമേശ് വ്യക്തമാക്കി.

വാര്‍ഡ് വിഭജനത്തില്‍ ബിജെപി സ്വാധീന മേഖലകള്‍ വെട്ടിമാറ്റിയുള്ള പുനഃക്രമീകരണം നടന്നുവെന്നും എം ടി രമേശ് ആരോപിച്ചു. 2020ലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുകയോ രണ്ടാം സ്ഥാനത്ത് എത്തുകയോ ചെയ്ത വാര്‍ഡുകള്‍ പുനഃക്രമീകരിച്ചു. ബിജെപിയുടെ സിറ്റിംഗ് വാര്‍ഡുകള്‍ വെട്ടിമാറ്റി. പലസ്ഥലത്തും പരാതി കൊടുത്തിരുന്നു. ചിലയിടങ്ങളില്‍ കോടതിയെ സമീപിച്ചു. ബിജെപിയെ തോല്‍പ്പിക്കുക എന്നതാണ് യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ലക്ഷ്യം. അതിനെ മറികടക്കാനുള്ള രാഷ്ട്രീയ സാഹചര്യം നിലവില്‍ കേരളത്തിലുണ്ടെന്നും എം ടി രമേശ് കൂട്ടിച്ചേര്‍ത്തു.

Content Highlights- Bjp can't achieve aim to place candidates to all wards in local body election

dot image
To advertise here,contact us
dot image