'ഇന്ത്യയെ തളർത്താനാകില്ല, മനുഷ്യത്വത്തിൻ്റെ പാതയിലൂടെ നടക്കാം': ഷാരൂഖ് ഖാൻ

ഭീകരാക്രമണത്തിലും സ്ഫോടനത്തിലും ജീവൻ നഷ്‌ടമായവർക്ക് ആദരാഞ്ജലികൾ നേർന്ന് ഷാരൂഖ് ഖാൻ

'ഇന്ത്യയെ തളർത്താനാകില്ല, മനുഷ്യത്വത്തിൻ്റെ പാതയിലൂടെ നടക്കാം': ഷാരൂഖ് ഖാൻ
dot image

ലോകമെമ്പാടും ആരാധകർ ഏറെയുള്ള നായകനാണ് ഷാരൂഖ് ഖാൻ. സാമൂഹിക വിഷയങ്ങളിലും നടൻ അഭിപ്രായങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ 26/11 ഭീകരാക്രമണം, പഹൽഗാം ഭീകരാക്രമണം, അടുത്തിടെയുണ്ടായ ഡൽഹി സ്ഫോടനങ്ങൾ എന്നിവയിൽ ജീവൻ നഷ്ടപ്പെട്ട നിരപരാധികൾക്ക് ആദരാഞ്ജലികൾ നേർന്നിരിക്കുകയാണ് ഷാരൂഖ്. മുംബൈയിൽ വെച്ച് നടന്ന ഗ്ലോബൽ പീസ് ഓണേഴ്‌സ് 2025 ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നടൻ.

'26/11 ഭീകരാക്രമണം, പഹൽഗാം ഭീകരാക്രമണം, അടുത്തിടെയുണ്ടായ ഡൽഹി സ്ഫോടനങ്ങൾ എന്നിവയിൽ ജീവൻ നഷ്ടപ്പെട്ട നിരപരാധികൾക്ക് ആദരാഞ്ജലികൾ. ഈ ആക്രമണങ്ങളിൽ വീരമൃത്യു വരിച്ച നമ്മുടെ ധീരരായ സുരക്ഷാ ഉദ്യോഗസ്ഥരെ ആദരവോടെ സല്യൂട്ട് ചെയ്യുന്നു.രാജ്യത്തെ ധീരരായ സൈനികർക്കും ജവാന്മാർക്കുമായി ഈ മനോഹരമായ വരികൾ ചൊല്ലാൻ ഞാൻ ആഗ്രഹിക്കുന്നു.

നിങ്ങൾ എന്തു ചെയ്യുന്നുവെന്ന് ആരെങ്കിലും ചോദിച്ചാൽ, ഞാൻ രാജ്യത്തെ സംരക്ഷിക്കുന്നു എന്ന് അഭിമാനത്തോടെ പറയുക. എത്രമാത്രം സമ്പാദിക്കുന്നുവെന്ന് ചോദിച്ചാൽ, 140 കോടി ജനങ്ങളുടെ അനുഗ്രഹം നേടുന്നുവെന്ന് പുഞ്ചിരിയോടെ പറയുക. ഭയം തോന്നാറില്ലേ എന്ന ചോദ്യത്തിന് തങ്ങളെ ആക്രമിക്കുന്നവർക്കാണ് ഭയം തോന്നാറുള്ളതെന്ന് പറയുക.

നമുക്കൊന്നിച്ച് സമാധാനത്തിനായി ചുവടുകൾ വെക്കാം. രാജ്യത്തിന്റെ സമാധാനത്തിനുവേണ്ടിയുള്ള നമ്മുടെ വീരന്മാരുടെ രക്തസാക്ഷിത്വം പാഴാവരുത്. അതിനുവേണ്ടി ചുറ്റുമുള്ള ജാതി, മതം, വിവേചനം എന്നിവ മറന്ന് മനുഷ്യത്വത്തിൻ്റെ പാതയിലൂടെ നടക്കാം. നമുക്കിടയിൽ സമാധാനമുണ്ടെങ്കിൽ ഒന്നിനും ഇന്ത്യയെ ഇളക്കാനോ പരാജയപ്പെടുത്താനോ സാധിക്കില്ല', ഷാരൂഖ് പറഞ്ഞു.

അതേസമയം, ഷാരൂഖിന്റെ പുതിയ സിനിമയായ കിംഗിന്റെ ടീസർ പിറന്നാളിനോടനുബന്ധിച്ച് പുറത്തുവന്നിരുന്നു. കൊടൂര മാസ്സ് ആക്ഷൻ രംഗങ്ങൾ അടങ്ങിയ വീഡിയോയാണ് ഇന്ന് ഷാരൂഖിന്റെ പിറന്നാൾ ദിനത്തിൽ പുറത്തുവിട്ടത്. ഒരു പക്കാ സ്റ്റൈലിഷ് ഷാരൂഖിനെ കാണാൻ ഉറപ്പാണെന്ന് വീഡിയോയിൽ നിന്ന് തന്നെ മനസിലാക്കാം. പത്താൻ സിനിമയ്ക്ക് ശേഷം സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന മാസ്സ് ആക്ഷൻ ചിത്രമാണ് കിംഗ്. ഷാരൂഖ് ഖാന്റെ മകള്‍ സുഹാനാ ഖാന്‍ ആദ്യമായി ബിഗ് സ്‌ക്രീനിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഉണ്ട്.

ദീപിക പദുക്കോണ്‍, അഭിഷേക് ബച്ചന്‍, അനില്‍ കപൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ചിത്രം അടുത്ത വർഷം അവസാനത്തോടെ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ പ്ലാൻ. വലിയ ബഡ്ജറ്റിൽ ഒരു ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന സിനിമയ്ക്ക് മേൽ വലിയ പ്രതീക്ഷകളാണുള്ളത്. കിംഗിൻ്റെ സംഗീതം ഒരുക്കുന്നത് സച്ചിൻ ജിഗറും പശ്ചാത്തലസംഗീതം ചെയ്യുന്നത് അനിരുദ്ധ് ആണ്. സുജോയ് ഘോഷ് ആയിരുന്നു ചിത്രം ആദ്യം സംവിധാനം ചെയ്യാനിരുന്നത്. പിന്നീടത് സിദ്ധാർഥ് ആനന്ദ് ഏറ്റെടുക്കുകയായിരുന്നു.

Content Highlights:  Shah Rukh Khan pays tribute to those who lost their lives in terror attacks and blasts

dot image
To advertise here,contact us
dot image